ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനസംഖ്യാനിയന്ത്രണം നടപ്പാക്കണമെന്ന് നിര്‍ദേശിക്കുന്ന സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്റില്‍ അനുമതി തേടിയ ബി.ജെ.പി എം.പിക്ക് നാലുമക്കള്‍. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ബില്‍ അവതരിപ്പിക്കാനാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി രവി കിഷന്‍ അനുമതി തേടിയത്.
ഗൊരഖ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ രവി കിഷന് മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടക്കം നാലു കുട്ടികളാണുള്ളത്. ജനസംഖ്യാ നിയന്ത്രണം വളരെ പ്രധാനമാണെന്നും ജനസംഖ്യ നിയന്ത്രണ ബില്‍ കൊണ്ടുവരുമ്പോള്‍ മാത്രമേ നമുക്ക് വിശ്വഗുരുവാകാന്‍ കഴിയൂ. ബില്‍ അവതരിപ്പിക്കാനും ഇത് എന്തുകൊണ്ടാണെന്ന് കേള്‍ക്കാനും പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിക്കുന്നു- എന്നും രവി കിഷന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള നിയമനിര്‍മ്മാണ നടപടികളൊന്നും കേന്ദ്രം പരിഗണിക്കുന്നില്ലെന്ന് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു.
ദേശീയ ജനസംഖ്യാ നയം 2000, ദേശീയ ആരോഗ്യ നയം 2017 എന്നിവയ്ക്ക് അനുസൃതമായി 2045ഓടെ ജനസംഖ്യ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പവാര്‍ പറഞ്ഞു. കേന്ദ്രമന്ത്രി ഗിരിരാജ് സിങ് ഉള്‍പ്പെടെയുള്ള നിരവധി ബി.ജെ.പി നേതാക്കള്‍ ജനസംഖ്യാ വളര്‍ച്ച തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.