ചരിത്രത്തില്‍ തുല്യതയില്ലാത്തൊരു ജനകീയ ചെറുത്തുനില്‍പ്പിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്. സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭം സര്‍ക്കാറിന്റെ അടിക്കല്ലിളക്കും വിധം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇടതുസര്‍ക്കാര്‍ കെ റെയില്‍ പദ്ധതി സര്‍വേയുമായി മുന്നോട്ടുപോകുന്നത്. എന്തു വില കൊടുത്തും ഭൂമി പിടിച്ചെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ സര്‍വേ കുറ്റികള്‍ പിഴുതെറിഞ്ഞ് ജനങ്ങള്‍ മറുഭാഗത്തുണ്ട്. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലായി കെ റെയില്‍ സമരം വളരുമ്പോള്‍ കേരളത്തിലുടനീളം യുദ്ധസമാന അന്തരീക്ഷമാണ് രൂപപ്പെട്ടിരിക്കുന്നത്. ഭൂമിയും കിടപ്പാടവും സംരക്ഷിക്കാന്‍ പ്രക്ഷോഭത്തിനിറങ്ങിയ സാധാരണക്കാരെ പൊലീസിനെ ഉപയോഗിച്ച് ഭീകരമായി അടിച്ചൊതുക്കുന്നതില്‍ മുഖ്യമന്ത്രി സ്വയം ആനന്ദം കണ്ടെത്തുകയാണ്. പൊലീസിനെ കയറൂരി വിട്ട് സര്‍വേ കുറ്റികള്‍ സ്ഥാപിക്കുന്നതിനിടെ സമരഭൂമികളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ കേരളീയ സമൂഹം ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്.
സമരക്കാരോടുളള പൊലീസിന്റെ പെരുമാറ്റം ഏറെ നിന്ദ്യവും ഭീകരവുമാണ്. അമ്മമാരുടെ മാറിടത്തില്‍നിന്ന് കുട്ടികളെ അടര്‍ത്തി മാറ്റിയും സ്ത്രീകളെ വലിച്ചിഴച്ചും തുടരുന്ന കിരാതമായ പൊലീസ് നടപടികള്‍ സമൂഹമന:സാക്ഷിയെ ഞെട്ടിക്കുന്നുണ്ട്. കൊടുംകുറ്റവാളികളോടെന്ന പോലെയാണ് സമരക്കാരെ കൈകാര്യം ചെയ്യുന്നത്. പൊലീസിന്റെ തേര്‍വാഴ്ച കണ്ട് അലറിക്കരയുന്ന കുഞ്ഞുങ്ങള്‍ സമരഭൂമികളുടെ കണ്ണീര്‍കാഴ്ചകളായി മാറിയിരിക്കുന്നു. സ്ത്രീകളെ കയ്യേറ്റം ചെയ്യുന്നു. അവരെ റോഡിലൂടെ നിര്‍ദയം വലിച്ചിഴക്കുന്നു. വനിതാ പൊലീസിന് പകരം പുരുഷ പൊലീസുകാരാണ് സ്ത്രീകളെ പിടിച്ചുനീക്കുന്നതെന്ന പരാതിയും ശക്തമാണ്. സര്‍വേക്കെതിരെ സംഘടിച്ചെത്തുന്ന നാട്ടുകാരെ പൊലീസ് മര്‍ദിക്കുന്നതോടൊപ്പം കേട്ടാലറപ്പുളവാക്കുന്ന അസഭ്യം വര്‍ഷവും നടത്തുന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. കോഴിക്കോട് കല്ലായിയില്‍ പുരുഷ പൊലീസ് ലാത്തി കൊണ്ട് കുത്തിയതായി സ്ത്രീകള്‍ പരാതിപ്പെടുന്നു. സര്‍വേ കുറ്റികള്‍ സ്ഥാപിക്കാനെത്തുന്ന കെ റെയില്‍ ഉദ്യോഗസ്ഥരോടൊപ്പം പൊലീസ് വേഷത്തിലെത്തി സഖാക്കളും അക്രമങ്ങള്‍ അഴിച്ചുവിടുന്നതായി പരാതിയുണ്ട്.
കക്ഷി രാഷ്ട്രീയത്തിന് അധീതമായി എല്ലാവരും പങ്കാളികളാണെന്നതാണ് കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തെ ശ്രദ്ധേയമാക്കുന്നത്. രാഷ്ട്രീയ നിറങ്ങള്‍ നല്‍കി സമരവീര്യം കെടുത്താനുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോകില്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ആഹ്വാനപ്രകാരമല്ല ജനങ്ങള്‍ സര്‍വേക്കെതിരെ രംഗത്തിറങ്ങുന്നത്. ഭൂമിയും വീടും നഷ്ടപ്പെട്ട് വഴിയാധാരാകുന്നത് ഭയന്ന് ജനങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പ്പിനെ രാഷ്ട്രീയവത്കരിച്ച് തളര്‍ത്താമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കുന്നത് വെറുതയാണ്. സ്വന്തം ഭൂമി നഷ്ടപ്പെടുന്നത് കണ്ടുനില്‍ക്കാതെ ചെറുത്തുനില്‍പ്പിന് ശ്രമിക്കുന്നവര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുകയല്ല. കെ റെയിലിന്റെ ഇരകള്‍ പ്രതിഷേധവുമായി സ്വയം മുന്നോട്ടുവരുകയാണ്. സമരങ്ങളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തിനോക്കരുതെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പില്ല. ജനകീയ പ്രശ്‌നങ്ങളില്‍ പ്രതിപക്ഷവും രാഷ്ട്രീയ സംഘടനകളും ഇടപെടുക സ്വാഭാവികമാണ്. അവര്‍ രാഷ്ട്രീയ ധര്‍മം നിര്‍വഹിക്കുക മാത്രമാണ് ചെയ്യുന്നത്. കേരളത്തെ കീറി മുറിക്കുന്ന ജനദ്രോഹ പദ്ധതിക്കെതിരെ ജനങ്ങള്‍ സംഘടിക്കുമ്പോള്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ കലി തുള്ളിയതുകൊണ്ട് കാര്യമില്ല. യാഥാര്‍ത്ഥ്യ ബോധത്തോടെ തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനുമുള്ള വിവേകം പിണറായിക്ക് നഷ്ടപ്പെട്ടതുപോലെ തോന്നുന്നു. ജനങ്ങളുടെ ആശങ്കയും വികാരവും സര്‍ക്കാര്‍ മനസ്സിലാക്കണം. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയും നിയമ നടപടികള്‍ പാലിക്കാതെയും പാവപ്പെട്ടവനോട് കുടിയിറങ്ങാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സ്വസ്ഥമായി ജീവിക്കുന്നവരെ അനാവശ്യ നൂലാമാലകളിലേക്ക് തള്ളിവിടുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തിന് ചേര്‍ന്നതല്ല. നഷ്ടപരിഹാരം കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മൂന്നും നാലും സെന്റ് സ്ഥലത്ത് വീടുവെച്ചവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരത്തുക കൊണ്ട് പുതിയ ഭൂമി വാങ്ങാനും വീടു വെക്കാനും സാധിക്കില്ല. കെ റെയിലിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന സര്‍വേകളും കുറ്റി സ്ഥാപിക്കലും നിയമവിരുദ്ധമാണ്്. പദ്ധതിക്ക് കേന്ദ്രാനുമതി ഉള്‍പ്പെടെയുള്ള അനേകം നടപടിക്രമങ്ങള്‍ ബാക്കിനില്‍ക്കെയാണ് സര്‍ക്കാര്‍ ജനങ്ങളുടെ നെഞ്ചത്ത് കല്ലു നാട്ടുന്നത്.കേരളത്തിലുടനീളം പതഞ്ഞുയരുന്ന പ്രക്ഷോഭത്തിന് മുന്നില്‍ സര്‍ക്കാറിന് അധിക കാലം പിടിച്ചുനില്‍ക്കാനാവില്ല. കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ കെ റെയില്‍ ചുരുട്ടിക്കെട്ടുന്നതായിരിക്കും ബുദ്ധി.