X

വയനാട്ടില്‍ ഇന്നും ജനകീയ തിരച്ചില്‍; ഇനി കണ്ടെത്താനുള്ളത് 126 പേരെ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി ഇന്നും ജനകീയ തിരച്ചിൽ. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് മേഖലകളിലാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്. ക്യാമ്പുകളിൽ നിന്ന് തിരച്ചിലിന് സന്നദ്ധത പ്രകടിപ്പിച്ചവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 126 പേരെയാണ്  ഇനി കണ്ടെത്താനുള്ളത്. എട്ടു മണിയോടെ തിരച്ചില്‍ ആരംഭിഭിച്ചു.

രാവിലെ 9 മണിക്കകം രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ തിരച്ചില്‍ നടത്തുന്ന പ്രദേശങ്ങളിലേക്ക് പ്രവേശനം അനുവദിക്കുകയുളളൂ. തിരച്ചിലില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇന്നത്തെ തിരച്ചിലില്‍ പങ്കെടുക്കും. നാളെ പുഴയുടെ താഴെ ഭാഗങ്ങളില്‍ സേനയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. 14 ക്യാമ്പുകളിലായി 1,184 പേരാണ് താമസിക്കുന്നത്.

ഉരുള്‍പൊട്ടല്‍ ദുരന്തബാധിത പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സന്ദർശിച്ചിരുന്നു. നാശനഷ്ടങ്ങളുടെ വിശദമായ നിവേദനം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിട്ടുണ്ട്. വയനാട് സന്ദ‍ര്‍ശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി അവിടെ നിന്നും ഡല്‍ഹിയിലേക്ക് മടങ്ങി. കഴിയുന്ന സഹായങ്ങള്‍ എല്ലാം നല്‍കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും സാമ്പത്തിക സഹായം സംബന്ധിച്ച് കാര്യമായ പ്രഖ്യാപനങ്ങള്‍ ഒന്നും നടത്തിയിരുന്നില്ല.

webdesk13: