ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തുര്‍ക്കിയിലെ തീവ്രവാദി ഗ്രൂപ്പുകളുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്. സിറിയയിലെ അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങള്‍ എത്തിച്ചു നല്‍കുന്ന തുര്‍ക്കിയിലെ ഐ.എച്ച്.എച്ച് എന്ന സംഘടനയുമായാണ് പി.എഫ്. ഐ ബന്ധം പുലര്‍ത്തിയിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
തുര്‍ക്കിയിലെ മനുഷ്യാവകാശ സംഘടനയായി അറിയപ്പെടുന്ന ഫൗണ്ടേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ഫ്രീഡംസ് ആന്റ് ഹ്യുമാനിറ്റേറിയന്‍ റിലീഫ് (ഐ.എച്ച്.എച്ച്) അല്‍ഖാഇദ ബന്ധമുള്ള മനുഷ്യാവകാശ സംഘടനയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിറിയയിലെ തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് ആയുധങ്ങള്‍ കള്ളക്കടത്ത് നടത്തി നല്‍കുന്നത് ഈ ഗ്രൂപ്പാണെന്നാണ് കണ്ടെത്തല്‍.
മുന്‍ തുര്‍ക്കി ധനകാര്യമന്ത്രിയും പ്രസിഡന്റിന്റെ മരുമകനുമായ ബെരാത് ആല്‍ബയ്‌റാകിന്റെ ഇ മെയിലുകള്‍ ചോര്‍ത്തിയതില്‍ നിന്നും ഐ.എച്ച്.എച്ചിന് ലിബിയയിലെ സായുധ സംഘങ്ങളുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗമായ എം.ഐ.ടിയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന സംഘടന കൂടിയാണ് ഐ.എച്ച്.എച്ച്. സ്‌റ്റോക്‌ഹോം ആസ്ഥാനമായി തീവ്രവാദം, പരദേശീസ്പര്‍ദ്ധ, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ പരിശോധിക്കുന്ന നോര്‍ഡിക് മോണിറ്ററിന്റെ റിപ്പോര്‍ട്ട് പ്രകാരം പി.എഫ്.ഐ ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങളായ ഇ.എം അബ്ദുറഹിമാന്‍, പി കോയ എന്നിവര്‍ക്ക് ഐ.എച്ച്.എച്ച് സ്വകാര്യമായി ഇസ്താംബൂളില്‍ ആതിഥ്യം നല്‍കിയിട്ടുണ്ട്.
ഇത് ഇരു സംഘടനകളും തമ്മിലുള്ള ബന്ധത്തിന്റെ തെളിവായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.