X

ജനകീയന്‍-എഡിറ്റോറിയല്‍

രാജ്യം ഭരിക്കുന്ന ബി.ജെ.പിക്കും ഭരണത്തിന് നേതൃത്വം നല്‍കുന്ന മോദിക്കും ഇന്ന് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുന്ന മുഖ്യമന്ത്രിയും സംസ്ഥാനവും ഏതെന്ന് ചോദിച്ചാല്‍ അത് മുത്തുവേല്‍ കരുണാനിധി സ്റ്റാലിനും അദ്ദേഹം നേതൃത്വം നല്‍കുന്ന തമിഴ്‌നാട് സര്‍ക്കാറുമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് ജനവിരുദ്ധ നടപടികള്‍ക്കുമെതിരെ മുന്നില്‍ നിന്നു പടവെട്ടാന്‍ എം.കെ സ്റ്റാലിനെന്ന തമിഴ് മക്കളുടെ ജനകീയ മുഖ്യമന്ത്രി രംഗത്തുണ്ടാവുമെന്നത് തന്നെയാണ് ഇതിന് കാരണം. ഒരു മുഖ്യമന്ത്രി എങ്ങിനെയായിരിക്കണമെന്ന് ഇന്ന് രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് മാതൃക തീര്‍ക്കുക കൂടിയാണ് സ്റ്റാലിന്‍. ചെന്നൈ മേയര്‍ ആയിരുന്ന സമയത്ത് വില്ലന്‍ പരിവേഷമായിരുന്നു സ്റ്റാലിന് ചാര്‍ത്തി നല്‍കിയിരുന്നതെങ്കില്‍ ഇന്ന് ജനകീയ മുഖ്യനെന്ന താരപരിവേശമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. സാമ്പത്തിക സംവരണ വിഷയമാണെങ്കിലും നീറ്റ് പരീക്ഷയുടെ കാര്യത്തിലാണെങ്കിലും ഹിന്ദി ഭാഷ അടിച്ചേല്‍പിക്കുന്ന കാര്യത്തിലാണെങ്കിലും പഞ്ചപുച്ഛമടക്കി എല്ലാം അവിടുത്തെ പോലെ ഇവിടേയും എന്ന് സ്റ്റാലിന്റെ പിന്‍ഗാമികളെന്ന് അവകാശപ്പെടുന്നവര്‍ സമ്മതിക്കുമ്പോള്‍ എതിര്‍പ്പറിയിക്കാന്‍ ഇന്ത്യാ മഹാരാജ്യത്ത് ആദ്യം രംഗത്തു വരുന്നത് എം.കെ സ്റ്റാലിന്‍ തന്നെയായിരിക്കും.

സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കും മുമ്പേ കേരളത്തിലെ പിണറായി സര്‍ക്കാര്‍ സവര്‍ണ സംവരണം ഊട്ടിയുറപ്പിച്ചേടത്താണ് സംവരണ വിധിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ പോകുന്നത്. സാമൂഹിക നീതിക്കായി നൂറ്റാണ്ടുകളായി നടത്തിയ പോരാട്ടത്തിനേറ്റ തിരിച്ചടിയാണ് സാമ്പത്തിക സംവരണ വിധിയെന്ന് സ്റ്റാലിനു മനസിലായി. പക്ഷേ നവോത്ഥാനമെന്ന് നാഴികക്ക് നാല്‍പത് വട്ടം പറയുന്നവര്‍ക്ക് ഇനിയും ഇക്കാര്യത്തിലെ നീതി ശാസ്ത്രം മനസിലായിട്ടുമില്ല. എം.കെ സ്റ്റാലിന്‍ എന്ന നേതാവിന്റെ വളര്‍ച്ചയുടെ ഗ്രാഫ് പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ ചെയ്തികള്‍ എന്തു കൊണ്ട് ഇപ്രകാരമെന്ന് മനസിലാവും. 1953 മാര്‍ച്ച് അഞ്ച്, സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ മരണമടഞ്ഞ ദിവസം… തമിഴ്‌നാട്ടിലെ വേദികളെ ഇളക്കിമറിച്ച് അന്നൊരു ഒരു തീപ്പൊരി പ്രസംഗം നടക്കുന്നുണ്ടായിരുന്നു. സാക്ഷാല്‍ കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിയായിരുന്നു ആ പ്രാസംഗികന്‍. ജോസഫ് സ്റ്റാലിന്റെ മരണത്തെ അനുശോചിച്ച് അന്ന് പ്രസംഗിച്ച ആ നേതാവ് ഉറക്കെ പറഞ്ഞു. എനക് ഒരു ആംബുളെപുള്ള പൊറന്തിറുക്ക്, ഇതേ മേടയില്‍ എന്‍ ആണ്‍ കൊഴന്തക്ക് നാന്‍ സ്റ്റാലിന്‍ എന്‍ട്ര പേര് വെക്കിരേന്‍. ഇവിടെ നിന്നുമാണ് എം.കെ സ്റ്റാലിന്റെ പ്രയാണത്തിന് തുടക്കമാവുന്നത്.

രണ്ട് പതിറ്റാണ്ടോളം തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധി എന്ന അച്ഛനോളം വളരുകയും തമിഴ് ജനങ്ങള്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ കഴിയുകയും അത് ‘സ്റ്റാലിനിസ’മായി വളരുകയും ചെയ്തു. വിദ്യാര്‍ഥിയായിരിക്കെയുള്ള തന്റെ രാഷ്ട്രീയ പ്രവേശം മുതല്‍ പെരിയാര്‍, അണ്ണാദുരൈ, അച്ഛന്‍ കരുണാനിധി എന്നിവരിലൂടെയാണ് അദ്ദേഹത്തിന്റെ വളര്‍ച്ച. 1967ല്‍ തന്റെ 13 ാം വയസു മുതല്‍ ഡിഎംകെ വേദികളിലെത്തിയാണ് സ്റ്റാലിന്‍ രാഷ്ട്രീയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. സിഎന്‍ അണ്ണാദുരൈ, കരുണാനിധി എന്നിവര്‍ നയിച്ച 1967 ലെ തിരഞ്ഞെടുപ്പില്‍ കുട്ടിപ്രസംഗങ്ങളുമായി ‘യങ് സ്റ്റാറായി വളരാന്‍ അധിക ദിവസം സ്റ്റാലിന് വേണ്ടി വന്നില്ല. യുവ നേതാവായി സ്റ്റാലിന്‍ വളര്‍ന്നപ്പോള്‍ ‘ഇളൈഞ്ജര്‍’ ഡിഎംകെ എന്ന യുവ സംഘടനയ്ക്ക് രൂപം കൊടുത്തു. തമിഴ്‌നാട്ടിലെ പൊതുപ്രശ്‌നങ്ങളും ഡിഎംകെയുടെ രാഷ്ട്രീയ കാര്യങ്ങളിലും ശക്തമായ സാന്നിധ്യമായി ഇളൈഞ്ജര്‍ ഡിഎംകെ മാറി. തമിഴ്‌നാട്ടിലെ പുതു തലമുറയെ സ്വാധീനിക്കുന്നതിലും ഡിഎംകെയുടെ പുതുഭാവത്തിലുള്ള വര്‍ളര്‍ച്ചും ഇളൈഞ്ജര്‍ ഡിഎംകെ നിര്‍ണായക പങ്ക് വഹിച്ചു. ഡിഎംകെയുടെ ജനറല്‍ കമ്മിറ്റിയിലേക്ക് 1973ല്‍ സ്റ്റാലിന്‍ ഉയര്‍ത്തപ്പെട്ടു. ഇരുത്തം വന്ന നേതാവായ സ്റ്റാലിന്‍ 84ലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായെങ്കിലും ഫലം തോല്‍വിയായിരുന്നു. അന്ന് 234ല്‍ 195 സീറ്റുകളും എംജിആര്‍ പ്രഭാവത്തില്‍ തമിഴ് മക്കളെ സ്വാധീനിച്ച എഐഡിഎംകെ സ്വന്തമാക്കി. എന്നാല്‍ പിന്നീട് 1989ല്‍ ആദ്യം തോറ്റിടത്തു നിന്ന് തന്നെ മത്സരിച്ച് സ്റ്റാലിന്‍ തൗസന്റ് ലൈറ്റ്‌സ് പിടിച്ചെടുത്തതോടെ രാഷ്ട്രീയത്തില്‍ തന്റെ കാല്‍വെപ്പ് ഒന്നുകൂടി ഉറപ്പിച്ചു.

1996ല്‍ സ്റ്റാലിന്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ചെന്നൈ നഗരത്തിലെ ആദ്യത്തെ മേയറായി. ചെന്നൈയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ശുചീകരണം പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യ മേഖലയ്ക്കും വിദ്യഭ്യാസത്തിനും ഊന്നല്‍ നല്‍ക്കിയും അദ്ദേഹം ജനശ്രദ്ധ പിടിച്ചുപറ്റി. ‘സിങ്കാര ചെന്നൈ’ എന്ന പേരില്‍ ഒരു പ്രോജക്റ്റ് അദ്ദേഹം ആവിഷ്‌കരിച്ചു. അണ്ണാവുടെ പുള്ളൈ എന്ന വിശേഷണമായിരുന്നു സ്റ്റാലിനെ വിടാതെ പിന്തുടര്‍ന്ന് വന്നത്. എന്നാല്‍ ഈ ലേബലില്‍ നിന്ന് മാറി സറ്റാലിന്‍ ജനപ്രിയനായി മാറി വന്നതും മേയറായ കാലഘട്ടത്തിലായിരുന്നു. രണ്ടാം തവണ മേയറായി തിരഞ്ഞെടുകപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിത 2002ല്‍ ഇരട്ട പദവി പാടില്ലെന്ന നിയമഭേദഗതിയിലൂടെ സ്റ്റാലിന്റെ മേയര്‍ സ്ഥാനം തെറിപ്പിച്ചു. മേയര്‍ സ്ഥാനമൊഴിഞ്ഞ് എംഎല്‍എ ആയി സ്റ്റാലിന്‍ തുടര്‍ന്നു. രാഷ്ട്രീയ മുറിവേറ്റ സ്റ്റാലിന്റെ ജയലളിതയുമായുള്ള തുറന്ന പോരിന് ഇത് തുടക്കം കുറിച്ചു. 2021 മെയില്‍ മുഖ്യമന്ത്രിയായി അവരോധിക്കുന്നത് വരെ ഈ പോരാട്ടം തുടരുകയും ചെയ്തു. റേഷന്‍ കാര്‍ഡ് ഒന്നിന് നാലായിരം രൂപ കൊവിഡ് കാലസഹായം, സ്ത്രീകള്‍ക്ക് സിറ്റി ബസുകളില്‍ സൗജന്യ യാത്ര, അവിന്‍ പാലിന്റെ വില 3 രൂപ കുറക്കുന്നു, ഇങ്ങനെ അഞ്ച് ജനപ്രിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ 2021 മെയ് ഏഴിന് ഭരണത്തിലേറുന്നത്. ജാതി തീച്ചൂളയില്‍ വേവുന്ന ജനതയ്ക്കായുള്ള സ്റ്റാലിന്റെ ഇടപെടല്‍ വലിയ ചര്‍ച്ചക്ക് വഴിവെച്ചു. ജാതി അധിക്ഷേപങ്ങള്‍ക്കും അയിത്ത പ്രശ്‌നങ്ങളിലുമുള്ള സ്റ്റാലിന്റെ നിലപാട് ഇന്ത്യയാകെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പരാജയത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് എങ്ങിനെ തിരിച്ചുവരാമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പാഠമുണ്ടെങ്കില്‍ അത് പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്ന് ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് ഭരണത്തിലേക്ക് കയറി വന്ന സ്റ്റാലിനില്‍ തന്നെയാണ്. അത് തന്നെയാണ് ബി.ജെ.പിയും മോദിയും സ്റ്റാലിനെ ഭയക്കാന്‍ കാരണവും.

 

Test User: