വത്തിക്കാന്‍ സിറ്റി: ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര ഫോര്‍മുലയാണ് ഏക പരിഹാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉഭയകക്ഷി സമ്മതത്തോടെയും അന്താരാഷ്ട്ര അംഗീകാരത്തോടെയുമുള്ള അതിര്‍ത്തികളോടുകൂടിയ രണ്ടു രാജ്യങ്ങള്‍ സ്ഥാപിതമാകുന്നതിന് ഇരുകക്ഷികളും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം കാരണം പശ്ചിമേഷ്യയിലെ കുട്ടികളുടെ ദുരിതം തുടരുകയാണെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അന്താരാഷ്ട്ര രോഷം ശക്തമായ സാഹചര്യത്തില്‍ മാര്‍പ്പാപ്പയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. ട്രംപിന്റെ തീരുമാനത്തെ അദ്ദേഹം പരോക്ഷമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.
സിറിയ, യമന്‍, ഇറാഖ് തുടങ്ങി ആഭ്യന്തരയുദ്ധം തുടരുന്ന രാജ്യങ്ങളില്‍ എത്രയും വേഗം സമാധാനം പുനസ്ഥാപിക്കപ്പെടുമെന്ന് മാര്‍പാപ്പ പ്രത്യാശിച്ചു. ‘ലോകത്ത് യുദ്ധത്തിന്റെ കാറ്റ് ആഞ്ഞടിക്കുകയാണ്. കാലഹരണപ്പെട്ട വികസന മാതൃക മാനുഷിക, സാമൂഹിക, പാരിസ്ഥിതിക തകര്‍ച്ചയെ ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുകയാണ്’-അദ്ദേഹം പറഞ്ഞു. കൊറിയന്‍ മേഖലയിലെ ആണവ സംഘര്‍ഷങ്ങള്‍ അവസാനിക്കുന്നതിനുവേണ്ടിയും മാര്‍പാപ്പ പ്രാര്‍ത്ഥന നടത്തി.