വത്തിക്കാന്‍ സിറ്റി: വൈകല്യമുള്ള കുഞ്ഞിനെ ഇല്ലാതാക്കാന്‍ നടത്തുന്ന ഭ്രൂണഹത്യകള്‍ നാസി കാലഘട്ടത്തിലെ വംശഹത്യക്ക് തുല്യമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ ഫാമിലി അസോസിയേഷന്‍ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന് ആരോഗ്യപരമായ തകരാറുണ്ടെങ്കില്‍ ആദ്യ മാസങ്ങളില്‍ തന്നെ ഭ്രൂണഹത്യ നടത്തുന്നത് ഒരു ഫാഷനോ, സര്‍വ സാധാരണ സംഭവമോ ആയി മാറിയിരിക്കുന്നു. അത് ഏറെ വേദനാജനകമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ വംശശുദ്ധീകരണത്തിനുവേണ്ടി നാസികള്‍ ചെയ്ത നടത്തിയ കാര്യങ്ങളെ ലോകം നിന്ദിക്കാറുണ്ട്. ഇന്ന് നമ്മളും അതു തന്നെയല്ലേ ചെയ്യുന്നത്. വെളുത്ത ഗ്ലൗസുകള്‍ കൈയിലണിയുന്നുണ്ടെന്നത് മാത്രമാണ് ഏക വ്യത്യാസം-മാര്‍പാപ്പ പറഞ്ഞു. ശുദ്ധ ആര്യന്‍ വര്‍ഗം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി നാസികള്‍ ഭ്രൂണഹത്യ നടത്തുകയും ശാരീരിക മാനസിക ദൗര്‍ബല്യമുള്ളവരെ വന്ധ്യംകരണത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഭ്രൂണ ലിംഗ പരിശോധനയിലും മാര്‍പാപ്പ പ്രതിഷേധം പ്രകടിപ്പിച്ചു. കുടുംബം പാവനമായ സങ്കല്‍പ്പമാണെന്ന് മാര്‍പാപ്പ പറഞ്ഞു. പരസ്പരധര്‍മ്മം എന്നാണ് കുടുംബത്തിന്റെ വാക്ക് അര്‍ത്ഥമാക്കുന്നത്. ദൈവ വിശ്വാസമില്ലാത്ത ഒരു സ്ത്രീക്കും പുരുഷനും കുഞ്ഞ് ജനിക്കുന്നതോടെ അവരറിയാതെ ദൈവത്തിന്റെ പ്രതിരൂപമായി മാറുകയാണെന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. അര്‍ജന്റീനയില്‍ 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിന് അനുകൂലമായി ജനങ്ങള്‍ വോട്ട് ചെയ്ത പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ അഭിപ്രായ പ്രകടനം.