മുംബൈ: പോപ് താരം ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലെ ആദ്യ സംഗീത പരിപാടിക്കായി മുംബൈയിലെത്തി. കാലിന വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ച 1.30 ന് ചാര്‍ട്ടഡ് വിമാനത്തിലാണ് ലോകം ഉറ്റുനോക്കുന്ന ഇതിഹാസ താരം വന്നിറങ്ങിയത്. ഗായക സംഘത്തോടൊപ്പം വന്നിറങ്ങിയ താരത്തിന്റെ സുരക്ഷക്കായി വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 500 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ 25 പ്രത്യേക ഓഫീസര്‍മാരും അന്താരാഷ്ട്ര പോപ് താരത്തിന്റെ സുരക്ഷക്കായുണ്ട്. അതീവ സുരക്ഷാ സജ്ജീകരണങ്ങളൊരുക്കിയിരിക്കുന്ന ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഡ്രോണ്‍ കാമറകളും നിരീക്ഷണത്തിനായി ഒരുക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷക്ക് പുറമെ സല്‍മാന്‍ ഖാന്റെ പേഴ്‌സണല്‍ ബോഡിഗാര്‍ഡായ ഷേറയും പോപ് താരത്തിന് അകമ്പടിയായുണ്ട്.
മെയ് 6ന് ദുബൈയില്‍ നടന്ന സംഗീത പരിപാടി വന്‍ വിജയമായിരുന്നു. അതിന് ശേഷം മുംബൈയിലേക്കാണ് ബീബര്‍ എത്തിയിരിക്കുന്നത്. ദുബൈയില്‍ അവതരിപ്പിച്ച ‘ലവ് യുവര്‍സെല്‍ഫി’ന് മികച്ച പ്രതികരണങ്ങളാണ് ആരാധകരുടെ പക്കല്‍നിന്നും ലഭിച്ചത്.
ദുബൈയില്‍ നിന്നും ചാര്‍ട്ടഡ് വിമാനത്തില്‍ മുംബൈയിലെത്തിയ പോപ് താരം ഇതാദ്യമായാണ് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുന്നത്. മുംബൈ ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ജസ്റ്റിന്‍ ബീബറുടെ സംഗീത നിശ.
ടീനേജുകാരുടെ ആരാധനാപാത്രമായി ഇതിനകം തന്നെ മാറിയിരിക്കുന്ന ജസ്റ്റിന്‍ ബീബറുടെ പര്‍പ്പസ് എന്ന പുതിയ ആല്‍ബത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് ഇതിഹാസ ഗായകനും കൂട്ടരും ഇന്ത്യയിലെത്തിയിരിക്കുന്നത്. പര്‍പ്പസ് വേള്‍ഡ് ടൂര്‍ എന്നാണ് പര്യടനത്തിന്റെ ടൈറ്റില്‍. ഏതായാലും മൈക്കല്‍ ജാക്‌സന് ശേഷം ജനകീയ ഗായക പരിവേഷത്തോടെ ഉയര്‍ന്ന് വന്ന 23കാരന്റെ സംഗീത പരിപാടിയിലേക്കാണ് ഇനി ആരാധാകരുടെ നോട്ടം.