X

പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ അന്തരിച്ചു

ലണ്ടന്‍: ലോകപ്രശസ്ത ബ്രിട്ടീഷ് പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ അന്തരിച്ചു. 53 വയസായിരുന്നു. ഓക്‌സഫഡ്‌ഷെയറിലെ ഗോറിങിലുള്ള വസതിയില്‍ ക്രിസ്മസ് ദിനത്തിലായിരുന്നു അന്ത്യം. ഹൃദയഘാതമാണ് മരണ കാരണമെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ മൈക്കല്‍ ലിപ്മാന്‍ അറിയിച്ചു. ലോകത്തെ എണ്ണപ്പെട്ട പോപ്പ് സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായ ജോര്‍ജ് മൈക്കലിന്റെ 10 കോടിയിലധികം ആല്‍ബങ്ങള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

1963 ജൂണ്‍ 25ന് ഗ്രീക്ക് കുടിയേറ്റ ദമ്പതിമാരുടെ മകനായി ലണ്ടനിലായിരുന്നു ജനനം. 1980കളില്‍ വാം എന്ന മ്യൂസിക് ബാന്‍ഡിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. കുറച്ചു വര്‍ഷങ്ങളായി മൈക്കലിന്റെ ആരോഗ്യം തകര്‍ന്നനിലയിരുന്നു. മയക്കുമരുന്നിന്റെ ഉപയോഗം അദ്ദേഹത്തെ രോഗിയാക്കി. 2011ല്‍ ന്യുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായെങ്കിലും ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തി.

2014ല്‍ പുറത്തിറങ്ങിയ സിംഫോണിക്കയാണ് അവസാന ആല്‍ബം. ഫെയ്ത്ത്, ലിസണ്‍ വിത്തൗട്ട് പ്രെജഡിസ്, ഫൈവ് ലൈവ്, പെഷ്യന്‍സ് എന്നീ ആല്‍ബങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗ്രാമി അവാര്‍ഡ്, ബ്രിറ്റ് പുരസ്‌കാരം, എംടിവി വീഡിയോ മ്യൂസിക് അവാര്‍ഡ്, അമേരിക്കന്‍ വീഡിയോ മ്യൂസിക് അവാര്‍ഡ് തുടങ്ങിയ അനേകം ആഗോള അംഗീകാരങ്ങള്‍ ഒന്നിലധികം തവണ അദ്ദേഹത്തെ തേടിയെത്തി. മൈക്കലിന്റെ ജീവിതത്തെക്കുറിച്ച് 2005ല്‍ ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. 1998ല്‍ സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി.

chandrika: