X

മാരിവില്ലഴകായി പൂരം

 

മഠത്തില്‍വരവിനും ഇലഞ്ഞിത്തറമേളത്തിനുമൊപ്പം കയ്യെറിഞ്ഞ് താളംപിടിച്ച,് ആനപ്പുറങ്ങളില്‍ മാറി മാറി ഉയര്‍ന്ന കുടമാറ്റത്തിന്റെ മനോഹാരിതയില്‍ ഇളകിയാര്‍ത്ത,് രാത്രി ആകാശത്ത് കടുംവര്‍ണങ്ങള്‍ വാരിയെറിഞ്ഞ കരിമരുന്ന് പ്രഭയില്‍ വിസ്മയംപൂണ്ട് മേടത്തിലെ പൂരംനാളില്‍ ഒരിക്കല്‍ കൂടി തൃശൂര്‍ പൂരം പൂത്തുലഞ്ഞു.
ബ്രഹ്മസ്വം മഠത്തിന് മുന്നിലെ ആലിന്‍ ചുവട്ടില്‍ അഞ്ച് ആനകളുടെ അകമ്പടിയില്‍ തിരുവമ്പാടി കുട്ടിശങ്കരന്റെ പുറത്ത് എഴുന്നള്ളിയ തിരുവമ്പാടി ഭഗവതിയ്ക്ക് മുന്നില്‍ കോങ്ങാട് മധുവിന്റെ പ്രമാണത്തില്‍ പഞ്ചവാദ്യത്തിന് തിരുമധുരം പകരുമ്പോള്‍ സമയം പതിനൊന്ന്. പഞ്ചവാദ്യത്തിന്റെ സംഗീതഗോപുരങ്ങള്‍ക്കൊപ്പം ഇളകിയാടിയ ആലിലകള്‍ക്കും ആരവംപൊഴിച്ച് കൈവിരലുകള്‍ ഉയര്‍ത്തിയ ആയിരകണക്കിന് മേളപ്രേമികള്‍ക്കും ഒരേ താളം. ഒരേ മനസ്. 12ന് പാണികെട്ടി ചെമ്പട താളത്തിനൊപ്പം നേിന്ന് പതിനഞ്ചാനകളുടെ അകമ്പടിയോടെ പുറത്തേക്കെഴുന്നള്ളിയ പാറമേക്കാവ് ഭഗവതി. പുഴപോലെ ജനങ്ങളും. ഉച്ചയ്ക്ക് 2.30ന് ശ്രീവടക്കുന്നാഥന്റെ ക്ഷേത്രസന്നിധിയില്‍ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടന്‍മാരാരും സംഘവും അണിനിരയ്ക്കുമ്പോള്‍ അവിടം ജനസാഗരം. പാണ്ടിമേളത്തിന്റെ രൗദ്രതയില്‍ ഇലഞ്ഞിത്തറമേളം കലാശങ്ങള്‍ പിന്നിടുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം കുഞ്ഞിലഞ്ഞിയും ഇളകിയാടുന്നു.
5.30ന് പ്രശസ്തമായ തെക്കോട്ടിറക്കത്തില്‍ ഭഗവതിമാര്‍ കുടമാറ്റത്തിന് അഭിമുഖമായി അണിനിരക്കുമ്പോള്‍ തേക്കിന്‍കാട് മൈതാനത്തൊരു കടലിരമ്പം. പിന്നെ വാശിയോടെ ഇരുപക്ഷവും വാനിലേക്കുയര്‍ത്തിയ കുടകള്‍ക്കൊപ്പം പൂഴിവാരിയിട്ടാല്‍ നിലത്ത് വീഴാത്ത തരത്തില്‍ ആര്‍ത്തിരമ്പിയ ജനക്കൂട്ടത്തിന്റെ ആരവം. ഒടുവില്‍ സ്വരാജ് റൗണ്ടില്‍ നിറഞ്ഞുനിന്ന പുരുഷാരത്തെ സാക്ഷിയാക്കി വാനില്‍ വര്‍ണം ചാലിച്ച കരിമരുന്ന് പ്രയോഗത്തോടെ പൂരങ്ങളുടെ പൂരത്തിന് നിറസമാപ്തി.

chandrika: