X

‘ബി.ജെ.പിയെ ജയിപ്പിക്കാൻ പൂരം കലക്കിയത് പിണറായിയുടെ അറിവോടെ, ആംബുലൻസിൽ സ്ഥാനാര്‍ഥിയെ എഴുന്നള്ളിച്ചു’: വി.ഡി സതീശന്‍

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിക്കാനായി പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണ് പൂരം കലക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മന്ത്രിമാരോട് സ്ഥലത്ത് പോകണ്ടെന്ന് പറഞ്ഞ അതേ പൊലീസ്, സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയെ എഴുന്നള്ളിച്ചെന്നും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഈ എസ്‌കോര്‍ട്ട് നല്‍കിയെന്നും സതീശന്‍ പറഞ്ഞു. പൂരം കലക്കിയതിനെതിരെ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ.

രാത്രി ഒമ്പത് മണിക്ക് പ്രധാനപ്പെട്ട പ്രവേവേശന വഴികള്‍ എല്ലാം അടയ്ക്കുകയാണ്. പൂരം കാണാന്‍ വന്ന പൂരപ്രേമികളെ എത്ര സ്ഥലത്ത് പൊലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. ദേവസ്വം ഭാരവാഹികളെ ഉള്‍പ്പെടെയുള്ള ആളുകളെ പൊലീസ് തള്ളിനീക്കി. ആളുകളെ പ്രകോപിപ്പിക്കാന്‍ പച്ചത്തെറിയാണ് പറഞ്ഞത്. ആനയ്ക്ക് പട്ടകൊടുക്കാന്‍ പോലും പൊലീസ് സമ്മതിച്ചില്ല. ഇത് പൂരം കലക്കാനുള്ള പ്ലാനിന്റെ ഭാഗമായിരുന്നെന്നും സതീശന്‍ പറഞ്ഞു.

രണ്ട് മന്ത്രിമാര്‍ ഈ സ്ഥലത്തെത്താനുള്ള ശ്രമം നടത്തിയപ്പോള്‍ പൊലീസ് പോകേണ്ടെന്ന് പറഞ്ഞു. സ്ഥാനാര്‍ഥികളായ കെ. മുരളീധരനും വി.എസ് സുനില്‍കുമാറും വൈകുന്നേരംവരെയുണ്ടായിരുന്നു. അപ്പോഴൊന്നും മറ്റേ സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ മന്ത്രിമാരോട് സ്ഥലത്ത് പോകണ്ടെന്ന് പറഞ്ഞ അതേ പൊലീസ് സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയെ എഴുന്നള്ളിക്കുകയാണ്. മുമ്പില്‍ പൈലറ്റ്, പിറകില്‍ എസ്‌കോര്‍ട്ട്. ബി.ജെ.പി സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രമല്ല കേരളത്തിലെ പ്രമുഖനായ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഈ എസ്‌കോര്‍ട്ട് പൊലീസ് നല്‍കിയെന്നും സതീശന്‍ പറഞ്ഞു.

കമ്മിഷണറാണ് ഇത് അലങ്കോലപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ എ.ഡി.ജി.പി പൂരം കലക്കാനുള്ള പ്ലാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടുകൂടി തയ്യാറാക്കിയ അജിത് കുമാര്‍ ഈ നഗരത്തിലുണ്ടായിരുന്നു. പിന്നെങ്ങനെയാണ് കമ്മിഷണര്‍ മാത്രം കുറ്റവാളിയാകുന്നത്. അന്തിമ ഉത്തരവിടേണ്ടത് അജിത് കുമാറാണ്. പൂരം കലക്കാനുള്ള തന്റെ പ്ലാന്‍ നന്നായി നടപ്പാക്കുന്നുണ്ടോയെന്നാണ് നിരീക്ഷിച്ചത്. എപ്പോള്‍ ഉറങ്ങണമെന്നും എഴുന്നേല്‍ക്കണമെന്നും കൃത്യമായ ചിട്ടയുള്ളയാളാണ് പിണറായി. അങ്ങനെയുള്ള പിണറായി പൂരം പൊലീസിടപ്പെട്ട് കലക്കുമ്പോള്‍ അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ഏതെങ്കിലും അന്തം കമ്മി വിശ്വസിക്കുമോ, സതീശന്‍ ചോദിച്ചു

അജിത് കുമാര്‍ അങ്കിളിനെ വിളിച്ച് പറഞ്ഞുകാണുമല്ലോ. നമ്മുടെ പ്ലാന്‍ അനുസരിച്ച് കൃത്യമായി പോകുന്നുണ്ടെന്ന്. അതുകൊണ്ടല്ലേ തൃശൂരിലേക്ക് വിളിക്കാതിരുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അറിയാതിരിക്കുമോ? അറിഞ്ഞാല്‍ ഇടപെടാതിരിക്കുമോ? പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണ് പൂരം കലക്കിയത്. ബി.ജെ.പിയെ ജയിപ്പിക്കാന്‍. പൂരം കലങ്ങിക്കഴിയുമ്പോള്‍ അതിനെതിരായി ഒരു ഹൈന്ദവ വികാരമുണ്ടാകും. ഇത് ബി.ജെ.പി നേതാക്കള്‍ക്കറിയാമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

webdesk13: