മലയാളി ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ മുഴുക്കെ ഇനി പയ്യനാട്ടെ സെമിഫൈനല്‍ മത്സരമാണ്. ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ മലയാളികള്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്നത് കേരളം സ്വന്തം മണ്ണില്‍ നിന്നും കപ്പുയര്‍ത്തുന്നതിനാണ്. ഫുട്‌ബോളിന്റെ നാടായ മലപ്പുറത്ത് വന്നു കളിച്ചിട്ട് ചുമ്മാതങ്ങ് പോകാനും പറ്റില്ല ടീമിന്. ”പാപ്പന്‍ കപ്പും കൊണ്ടേ മടങ്ങൂ” എന്ന സിനിമ ഡയലോഗ് പോലെ കേരള ടീമില്‍ കടുത്ത വിശ്വാസത്തിലാണ് ഫുട്‌ബോള്‍ പ്രേമികളെല്ലാം. പയ്യനാട് കണ്ടതില്‍ വെച്ച് ഏറ്റവും ആള്‍കൂട്ടമായിരിക്കും 28ന് സെമിയില്‍ കാണുക. ഗ്യാലറി ടിക്കറ്റെല്ലാം പകുതിയിലും കൂടുതല്‍ വിറ്റഴിഞ്ഞു . ശരിക്കും സെമി ഫൈനല്‍ മത്സരം സെയ്ഫ് ആണോ…..
നമ്മള്‍
മരണഗ്രൂപ്പ് എന്ന വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് എ യില്‍ നിന്നും ആധികാരിക വിജയത്തോടെയാണ് കേരളം സെമിയിലെത്തിയത്. തോല്‍വി അറിഞ്ഞി്ട്ടില്ല. നാലു മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയവും ഒരു സമനിലയുമായി പത്തു പോയിന്റ്. ഗ്രൂപ്പ് ചാമ്പ്യന്മാര്‍. നാലു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചത് 11 തവണ. മൂന്നെണ്ണം മാത്രമാണ് തിരികെ വാങ്ങിയത്. ആദ്യകളിയില്‍ രാജസ്ഥാനെ അഞ്ചുഗോളിന് മുക്കി. ക്യാപറ്റന്‍ ജിജോ ജോസഫിന് ഹാട്രിക്ക്. രണ്ടാം മത്സരത്തില്‍ ബംഗാളിനെതിരെ രണ്ടു ഗോള്‍ വിജയം. മൂന്നാം മത്സരത്തില്‍ മേഘാലയക്കെതിരെ സമനില. രണ്ടുഗോളുകള്‍ വഴങ്ങിയപ്പോള്‍ രണ്ടണ്ണം തിരിച്ചടിച്ചു. കിട്ടിയ പെനാല്‍റ്റി ഗോളാക്കിയിരുന്നെങ്കില്‍ വിജയ പോയിന്റ് തന്നെ നേടാമായിരുന്നു.
അവസാന മത്സരത്തില്‍ ശക്തരായ പഞ്ചാബിനെതിരെ ഒന്നിനെതിരെ രണ്ടു ഗോള്‍ വിജയം. കേരള നായകന്‍ ജിജോയാണ് രണ്ടു ഗോളും നേടിയത്. അഞ്ചുഗോളുകളോട് ടൂര്‍ണ്ണമെന്റിലെ തന്നെ ടോപ്‌സ്‌കോററാണ് ജിജോ. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ റോളില്‍ ക്യാപ്റ്റന്‍ റോള്‍ ഭംഗിയാക്കുമ്പോള്‍ മുന്നേറ്റനിരയും ഒപ്പത്തിനൊപ്പം ഉയരുന്നുണ്ട്. ഗോള്‍ പോസ്റ്റിന് കീഴെ പരിജയസമ്പത്തിന്റെ കരുത്തിലുള്ള മിഥുന്‍ തിരിച്ചുവരും. ഗ്രൂപ്പ് മത്സരങ്ങളിലെ അവസാന കളികളില്‍ ഗോളി നിരന്തരം പരീക്ഷപ്പെട്ടിരുന്നു. ഇത് ഗോളിയെ ഫോമിലേക്കുയര്‍ത്തിയിട്ടുണ്ട്. മൂന്നാം കളിയിലാണ് കേരള പോസ്റ്റിലേക്ക് ആദ്യമായി പന്തുകയറുന്നത്. അവസാന കളിയിലും കേരള വലകുലുങ്ങി. ഇതിനിടെ ഗോളിക്ക് പരിക്കുപറ്റി കയറിയപ്പോള്‍ പകരക്കാരനായി ഹജ്മല്‍ വന്നു. മികച്ച സേവുകള്‍ നടത്തി കിട്ടിയ അവസരം പൊന്നാക്കി മാറ്റാന്‍ അജ്മലിനായി. എന്നാല്‍ പരിക്ക് മാറി പ്രാക്ടീസിനെല്ലാം ഇറങ്ങിയ മിഥുന്‍ തന്നെയാകും സെമിയില്‍ കേരള വലകാക്കുക. അജയ് അലക്‌സാണ് പ്രതിരോധത്തിലെ പോരാളി. അവസരം കിട്ടുമ്പോഴെല്ലാം വിംഗിലൂടെ അറ്റാക്ക് നടത്താനും ആള്‍ റെഡി.
സഞ്ജുവും സഹീഫും പ്രതിരോധത്തിലെ കരുത്താണ്. പരസ്പര ധാരണയില്ലായ്മയും ഓവര്‍ കോണ്‍ഫിഡന്റും അവസാന രണ്ടു കളിയില്‍ ടീമിനെ മോശമായി ബാധിച്ചിരുന്നു. ഇത് മാറ്റിയെടുക്കാനായാല്‍ പ്രതിരോധ മതിലില്‍ നോ ടെന്‍ഷന്‍. പ്രതിരോധ സേനയില്‍ കൂടുതല്‍ അഴിച്ചുപണി നടത്താന്‍ കോച്ചിനും താല്‍പര്യമില്ല. അര്‍ജുന്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള മധ്യനിര ബറ്റാലിയന്‍ തന്നെയാണ് ടീമിന്റെ കരുത്ത്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍മാരും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരുമെല്ലാം ചേര്‍ന്ന് സുന്ദരമായ കളിയാണ് നെയ്‌തെടുക്കുന്നത്. മുഹമ്മദ് റാഷിദ്, ഷിഖില്‍, സല്‍മാന്‍, നിജോ ഗില്‍ബര്‍ട്ട്, നൗഫല്‍ എന്നിവരെല്ലാം ഏത് നിമിഷവും കളിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്.
അവര്‍
കേരളത്തിന് രണ്ടുവിജയങ്ങള്‍ അകലെ മാത്രമാണ് സന്തോഷ് ട്രോഫി കിരീടം. കൈയെത്തും ദൂരത്ത് എന്ന് പറയാം. ആദ്യ വിജയം നേടേണ്ടത് സെമിഫൈനലില്‍. അതും കര്‍ണാടകയെ തോല്‍പ്പിച്ച്. ഗ്രൂപ്പ് ബി യില്‍ രണ്ടാം സ്ഥാനക്കാരായാണ് കര്‍ണാടകയുടെ വരവ്. കര്‍ണാടക കേരളത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ മാത്രം പോന്ന പ്രതിയോഗികളാണോ. സംശയം വേണ്ട. കേരളത്തിനൊത്ത എതിരാളികള്‍ തന്നെയാണ് കര്‍ണാടക.
സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടുന്ന ടീം അല്ല എന്ന് പറയാന്‍ ഗ്രൂപ്പിലെ അവസാന മത്സരം മാത്രം മതി. മൂന്ന് ഗോളിന് ജയിച്ചാല്‍ സെമി ഫൈനല്‍ എന്ന ഘട്ടത്തിലാണ് അവസാന മത്സരത്തില്‍ ഗുജറാത്തിനെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ച് സെമി ഫൈനല്‍ ഉറപ്പിക്കുന്നത്. ഈ ടീമിന് സെമി ഫൈനല്‍ സമ്മര്‍ദ്ദം ഒട്ടും തന്നെ ഉണ്ടാവില്ലെന്ന് നിസംശയം പറയാം. ഇത് തന്നെയാണ് ഇവരുടെ അദ്യ പ്ലസ് പോയിന്റ്. നിലവിലെ ചാമ്പ്യന്മാരായ സര്‍വീസസിനെ അട്ടിമറിച്ചാണ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ മണിപ്പൂരിനോട് തോല്‍വി വഴങ്ങി. ഒഡീഷയോട് സമനിലയായിരുന്നു. അന്നം മുടക്കാന്‍ ഈ കളി ധാരാളം.
അതായത് കേരളം ശ്രദ്ധിച്ച് കളിക്കേണ്ടി വരും എന്ന് തന്നെ. കര്‍ണാടക ഗ്രൂപ്പ് മത്സരത്തില്‍ എട്ടു ഗോളുകളാണ് എതിരാളികളുടെ പോസ്റ്റില്‍ അടിച്ചുകയറ്റിയത്. അതേ സമയം ആറുഗോളുകള്‍ തിരികെയും വാങ്ങി. തൃശൂര്‍ സ്വദേശി ബിബി തോമസിന്റെ പരിശീലനത്തിലെത്തുന്ന ടീമില്‍ മൂന്ന് മലയാളി താരങ്ങളുമുണ്ട്. എസ്.സിജു, ബാവു നിഷാദ്, പി.ടി മുഹമ്മദ് റിയാസ് എന്നിവരാണ് കര്‍ണാടകയിലെ മലയാളികള്‍. ഗുജറാത്തിനെതിരെ ഇരട്ട ഗോള്‍ നേടിയ സുധീര്‍ കൊട്ടികല, കമലേഷ് എന്നിവര്‍ കേരള പ്രതിരോധത്തെ പരീക്ഷിക്കാന്‍ കെല്‍പ്പുള്ളവരാണ്. മലയാളി താരം ബാവു നിഷാദും കര്‍ണാടകയുടെ വജ്രായുധമാണ്. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരുടെ സംഘം എന്ന രീതിയില്‍് വേണം കര്‍ണാടകയെ കാണാന്‍. അതുകൊണ്ടുതന്നെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഐറ്റം.