പൂരം കലക്കി നേടിയതാണോ തൃശൂരിലെ ബിജെപിയുടെ ജയമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അവിടെ മത്സരിച്ച സ്ഥാനാർഥികൾ വരെ അത് പറയുന്നുണ്ട്. മുൻ മന്ത്രിവരെ ആ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിന് വ്യക്തമായ ഒരു വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആരോപണ വിധേയർ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പൊലീസിന്റെ വിഷയം ഞങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ ഭരണകക്ഷി എംഎൽഎ പറയുന്നതിന് മുൻപ് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. പൊലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ല. അതിൽ അന്വേഷണം വേണം. യുഡിഎഫും ലീഗും പ്രക്ഷോഭം തുടരും’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മെമ്മോറാണ്ടത്തിൽ മുഖ്യമന്ത്രി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി സംശയത്തിന് ഇട നൽകുന്ന ഒരു ഡോക്യുമെന്റ് പുറത്ത് വരാൻ പടില്ലായിരുന്നുവെന്നും വ്യക്തമാക്കി. അസാധാരണ ആരോപണങ്ങളാണ് പൊലീസിന് നേരിടേണ്ടി വന്നത്. ആരോപണങ്ങളിൽ നിഷ്പക്ഷ അന്വേഷണം വേണം. ആരോപണ വിധേയൻ തന്നെ അന്വേഷിക്കുന്ന അവസ്ഥ വരരുത്. എഡിജിപി അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണം.
അൻവർ കോൺഗ്രസുകാരൻ ആണെന്ന് ഇപ്പോൾ മനസ്സിലായത് അല്ലല്ലോ. ആര് പറഞ്ഞു എന്നതല്ല, പറഞ്ഞത് എന്താണ് എന്നതാണ് പ്രധാനം. പി ശശിക്കെതിരെ അന്വേഷണം വേണം. പറഞ്ഞ ആരോപണം ഗൗരവതരമാണ്. പിവി അൻവർ യുഡിഎഫിലേക്ക് എന്നത് ചർച്ചയിലും ചിന്തയിലും ഇല്ല. അത് ഞാൻ മറുപടി പറയേണ്ട കാര്യമല്ല. എം ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണം. അൻവർ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണ്. അതിൽ അന്വേഷണം വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.