X

പൂരം കലക്കല്‍: ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേകസംഘം

പൂരം അട്ടിമറിയിൽ അന്വേഷണത്തിന് പ്രത്യേക സംഘമായി. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് കീഴിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ വി ജി, ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെകർമാരായ ചിത്തരഞ്ചൻ, ആർ ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്.

നേരത്തെ പൂരം കലക്കൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.  വിവരാവകാശ അപേക്ഷയിലാണ് എഡിജിപി എം ആർ അജിത്ത് കുമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചത്. രഹസ്യസ്വഭാവമുള്ള രേഖയാണെന്ന് വ്യക്തമാക്കിയാണ് വിവരാവകാശം തള്ളിയത്.

പൂരം കലക്കലിൽ ​ഗൂഢാലോചനയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടില്ലെന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്.

അതേസമയം റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ നിലപാട്. റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സിപിഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽ കുമാർ സമർപ്പിപ്പിച്ചിരുന്നു. 2024ൽ തൃശൂർ പൂരം നടന്ന ഏപ്രിൽ 19നാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പൂരം കലക്കൽ വിവാദം നടക്കുന്നത്.

webdesk13: