കെ.എ മുരളീധരന്‍
തൃശൂര്‍
പൂരത്തിന്റെ ഏറ്റവും വര്‍ണ മനോഹര കാഴ്ചയാണ് തെക്കേ ഗോപുരനടയിലെ കുടമാറ്റം. വൈകീട്ട് ഭഗവതിമാര്‍ പരസ്പരം അഭിമുഖമായി നിന്ന് മുപ്പതാനപ്പുറത്ത് വര്‍ണ വിസ്മയം പകര്‍ന്ന് പുരുഷാരത്തിന്റെ ആരവത്തോടൊപ്പം മത്സര വാശിയോടെ മാറി മാറി ആയിരത്തിയഞ്ഞൂറോളം കുടകള്‍ വാനിലേക്ക് ഉയര്‍ത്തുമ്പോള്‍ ആ കാഴ്ച കാണാന്‍ കടല്‍ കടന്നും പൂരപ്രേമികളെത്തും.
കുടകളില്‍ നിറയുന്ന വര്‍ണങ്ങളോടൊപ്പം സ്വന്തം ജീവിതം തുന്നിചേര്‍ത്ത പൂരാനുഭവമാണ് പാറമേക്കാവ് വിഭാഗത്തിനുവേണ്ടി 27 വര്‍ഷമായി കുട നിര്‍മിക്കുന്ന വസന്തന്‍ കുന്നത്തങ്ങാടിക്ക് പറയാനുള്ളത്. വസന്തന്റെ കുടുംബം പരമ്പരാഗതമായി പൂര കുട നിര്‍മാതാക്കളാണ്. അച്ഛന്‍ കിഴക്കേപുരയ്ക്കല്‍ കുട്ടപ്പനാണ് വസന്തനെ ഈ മേഖലയിലേക്ക് കൊണ്ടുവന്നത്. കോവിഡിന്റെ അനിശ്ചിതത്വമുണ്ടായിരുന്നെങ്കിലും മുപ്പതില്‍പരം പണിക്കാരുമായി മൂന്നുമാസമായി വസന്തനും വിശ്രമമില്ലാത്ത കുടനിര്‍മാണത്തിലാണ്. വസന്തന്റെ അച്ഛന്‍ പരിശീലിപ്പിച്ച ബന്ധുകൂടിയായ പുരുഷേത്തമനാണ് തിരുവമ്പാടിക്കുവേണ്ടി കുടകള്‍ അണിയിച്ചൊരുക്കുന്നത്.
ബോംബെ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പൂരത്തിനുള്ള കുടകള്‍ക്കായ് തുണികള്‍ കൊണ്ടുവന്നത്. ദേവസ്വം ഭാരവാഹികള്‍ നേരിട്ടുപോയാണ് തുണികള്‍ തിരഞ്ഞെടുക്കുന്നതും വാങ്ങിക്കുന്നതും. തുണികള്‍ ലഭിച്ചാല്‍ പിന്നെ വര്‍ണകുടകള്‍ ഒരുക്കുന്നവരുടെ പണികള്‍ ആരംഭിക്കുകയായി.
മുന്‍കൂട്ടി തയ്യാറാക്കിയ ഫ്രെയിമുകളിലേക്കാണ് തുന്നിചേര്‍ക്കല്‍. കുടകളില്‍ ചിത്രപണികളും അലങ്കാരങ്ങളും നെയ്തു തീര്‍ക്കും. പൂരത്തിന് ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ രഹസ്യ കുടകളുടെ നിര്‍മാണത്തിലേക്ക് കടന്നിരിക്കുകയാണ് വസന്തനും കൂട്ടരും. കുടമാറ്റത്തിന്റെ അവസാനം മാത്രം പുറത്തെടുക്കുന്ന പൂരപ്രേമികളെ ആവേശതേരിലേറ്റുന്ന ആ കുടകളുടെ മാജിക് എന്താവുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ലോകത്തെങ്ങുമുള്ള പൂരപ്രേമികള്‍.