X

പാവം മാര്‍ക്‌സിന് പിണറായിയെ കുറിച്ച് ഒരു ചുക്കുമറിയില്ല- കെ.എന്‍.എ ഖാദര്‍

കെ.എന്‍.എ ഖാദര്‍

ആരോഗ്യവകുപ്പിലെ 500 ഫയലുകള്‍ കാണാനില്ല. ചുകപ്പ് നാടകെട്ടിയ നാടന്‍ ഫയലുകളും കമ്പ്യൂട്ടറുകളില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഡിജിറ്റല്‍ ഫയലുകളും കൂട്ടത്തിലുണ്ട്. അപ്രതക്ഷ്യമായ ഫയലുകളില്‍ ഓരോന്നിലും ഓരോ കോടീശ്വരന്റെ ജീവിതമാണ് തുടിച്ചിരുന്നത്. കോവിഡ് 19 കൊയ്ത്തുകാലമാക്കിയ പിണറായി സര്‍ക്കാറിന്റെ പത്തായത്തില്‍ എലി കടന്ന വിവരം ഇപ്പോഴാണ് ജനം അറിയുന്നത്. അല്ലെങ്കില്‍ പതിയെ അക്കാര്യം പുറത്ത്‌വിട്ടത്. സ്വന്തം വീട്ടില്‍ താമസിക്കുന്ന ബന്ധുക്കളുടെ ആഭരണവും മോഷ്ടിക്കുന്ന ചില വീട്ടുമോഷ്ടാക്കളെ പൊലീസിനറിയാം. അവര്‍ മോഷ്ടിച്ച തൊണ്ടിമുതല്‍ പുറത്തെത്തിച്ചുകഴിഞ്ഞാല്‍ മോഷണം നടന്നതായി വീട്ടുകാരെയും നാട്ടുകാരെയും അവര്‍ തന്നെ അറിയിക്കും. ജനവാതില്‍ കമ്പികള്‍ ചെറുതായി വളച്ച് വെക്കുക, അടുക്കള വാതില്‍ ഒന്നു തുറന്നിടുക, രണ്ട് മേലോടുകള്‍ ഇളക്കിമാറ്റുക, അലമാരിയിലെ വിലപിടിപ്പില്ലാത്ത സാധനങ്ങള്‍ വലിച്ചുവാരിയിടുക, ഇതൊക്കെയാണ് സൂത്രം. അത്രയും ചെയ്തു കഴിഞ്ഞാല്‍ കള്ളന്‍ കടന്നു എന്ന് അവര്‍ തന്നെ പരാതിപ്പെടും. അങ്ങനെയവര്‍ സംശയങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ നോക്കി. ബുദ്ധിമാന്മാരായ പൊലീസ് ഓഫീസര്‍ ഇതൊക്കെ പരിശോധിച്ച് കഴിഞ്ഞാല്‍ ഉടന്‍ കപ്പലിലെ കള്ളനെ പിടികൂടും. ആരോഗ്യമന്ത്രിയുടെ പ്രസ്താവനകളും കൂസലില്ലാത്ത ഭാവങ്ങളും ഒക്കെ വെളിപ്പെടുത്തുന്നതും സമാനമായ ഫയല്‍ മോഷണമാണ്. ഫയലിനു കാര്യമായ വിലയൊന്നുമില്ല. പക്ഷേ ഗൂഢാലോചന നടത്തി അടിച്ചുമാറ്റിയ ഫയലില്‍ മുഴുവന്‍ നെടുങ്കന്‍ അഴിമതി കഥകളായിരുന്നു. കോവിഡ്കാലത്തെ മരുന്നും പ്രതിരോധ സാമഗ്രികളും പി.പി.ഇ കിറ്റുമൊക്കെ അവിശ്വസനീയമായ വിലകൊടുത്തു വാങ്ങികൂട്ടി നടത്തിയ വെട്ടിപ്പിന്റെ കഥകളാണ് എടുത്തുമാറ്റിയത്. ഈ ഫയല്‍ ജിഹാദിനു നേതൃത്വം കൊടുത്തവര്‍ അവിടെ തന്നെയുണ്ട്. നാട്ടുകാരുടെ കൊറോണ പേടി വിറ്റു കാശാക്കിയ ആര്‍ത്തി പണ്ടാരങ്ങള്‍ തന്നെയാണ് ഇപ്പോഴും നാടു ഭരിക്കുന്നത്. കാണാനില്ലെന്നൊരു പരാതി പൊലീസില്‍ കൊടുത്തു തടിയൂരി. അത്തരം ഒരു ഒഴുക്കന്‍ പരാതിക്ക് കേസെടുക്കുക വയ്യ. അപ്പോള്‍ എഫ്.ഐ.ആര്‍ ഇട്ടില്ല. ഇട്ടിട്ടും കാര്യമില്ല. അന്വേഷിക്കേണ്ടവര്‍ പ്രതികളുടെ പാളയത്തില്‍ തന്നെയാണല്ലോ. ധനകാര്യ വകുപ്പ് അന്വേഷിക്കുന്നുവത്രെ. അതിനു ധനനഷ്ടം കണ്ടെത്താനെ കഴിയൂ. അതിവിടെ ഇല്ല. ഈ സര്‍ക്കാറിന്റെ കാലത്തെ കുംഭകോണ ശൃംഖലയിലെ ഒന്നാണ് ഇത്. ഏത് ഫയലാണ് പോയത്, എന്നാണ് പോയത,് ആരാണ് കാണാതെയായവനെ അവസാനം കണ്ടത്, ഇതൊന്നും വീണാ ജോര്‍ജിനും വകുപ്പിനും അറിയില്ലത്രെ. പക്ഷേ മെഡിക്കല്‍ കോര്‍പറേഷന്‍ ജനിക്കുന്നതിന് മുമ്പാണെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ജനിക്കുന്നതിന്റെ മുമ്പത്തെ ഫയലാണെന്ന് പറയുന്നതായിരുന്നു ബുദ്ധി. ഏതായാലും അച്ഛന്‍ പത്തായത്തിലില്ല. അഴിമതി കഥയുടെ രുചിയുള്ള ഫയലുകള്‍ കാര്‍ന്നുതിന്നുന്ന വൈറസുകള്‍ ഇപ്പോള്‍ ധാരാളമുണ്ട്. കൊറോണയുടെ ആത്മകഥാ കഥനം ആരും തിന്ന് പോകും. ജനിതക മാറ്റം വന്ന ഈ ഇടതു വൈറസുകളെ നമുക്ക് ഒമിക്രോണ്‍ എന്നതിന് പകരം കോമിന്‍ഡേണ്‍ എന്ന് വിളിക്കാം.

നിര്‍ദ്ദിഷ്ട കെ റെയില്‍ പദ്ധതിക്ക് കല്ലിടല്‍ കര്‍മ്മം നിരന്തരം നടന്നുവരികയാണ്. പ്രതിഷേധക്കാര്‍ കല്ല് പറിച്ചിടല്‍ ചടങ്ങും തുടങ്ങി കഴിഞ്ഞിട്ടുണ്ട്. ആകെ കേരളം കല്ലില്‍ കറങ്ങുകയാണ്. പിണറായി യുഗം ആരംഭിച്ചതു മുതല്‍ കല്ലിടലാണ്. ഗെയില്‍, ദേശീയ പാത തുടങ്ങിയ വിഷയങ്ങളില്‍ ജനവാസ കേന്ദ്രങ്ങളിലും വീടുകളുടെ അടുക്കളകള്‍ക്കകത്ത് പോലും അന്ന് കല്ലിട്ടു. ഒരു വലിയ പാവക്കാ പോലിരിക്കുന്ന ഈ കൊച്ചു കേരളത്തില്‍ തലങ്ങും വിലങ്ങും ഇപ്പോള്‍ കല്ലു തന്നെ. അതേസമയം കല്ല് കിട്ടാതായതിനാല്‍ വിഴിഞ്ഞം പദ്ധതി പ്രവര്‍ത്തനം അദാനി നിര്‍ത്തിവെച്ചിട്ടു മാസങ്ങളായി. നിരത്തി കല്ലിട്ടാല്‍ കടലിലിടാന്‍ എവിടുന്നു കല്ല് കിട്ടും? ചരിത്രകാരന്മാര്‍ ഇത്തരം കാലയളവിനെ ശിലായുഗം എന്നാണ് വിളിച്ച് പോന്നിട്ടുള്ളത്. പിണറായി ഭരണകാലം ഭാവിയില്‍ നവീനശിലായുഗം എന്ന് അറിയപ്പെടും.

അതേസമയം നാട്ടിയ കല്ലുകള്‍ പറിച്ചു കളയുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞപ്പോള്‍ കണ്ണൂരിലെ ഒരു ജയരാജന്‍ പറയുന്നത് കല്ലു പറിച്ചാല്‍ പല്ലു പറിക്കുമെന്നാണ്. മറ്റൊരു ജയരാജന്‍ പറയുന്നത്. കെറെയില്‍ അത്യാവശ്യമുള്ള കാര്യമാണെന്നും അതു നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നെ ആകാശം നിറയെ വിമാനങ്ങള്‍ ആയിരിക്കുമെന്നാണ്. ഇവരൊക്കെ സ്ഥലജല ഭ്രമം ബാധിച്ച മട്ടിലാണ് സംസാരിക്കുന്നത്. പിണറായി പൗരപ്രമുഖരുടെ യോഗങ്ങള്‍ ജില്ലകള്‍ തോറും വിളിച്ച് ചേര്‍ത്ത് കെ റെയിലിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന തിരക്കിലാണ്. ഇന്നേവരെ ഈ പദ്ധതിയെ എതിര്‍ത്തു പോരുന്ന ഇരകളെ പിണറായി ബോധ്യപ്പെടുത്തുകയുണ്ടായില്ല. പാര്‍ട്ടി അനുഭാവികളായ മുതലാളിമാരും അനുസരണയുള്ള ചില ഉദ്യോഗസ്ഥരും മാത്രമാണ് ഈ വിഭാഗത്തില്‍ കണ്ടത്്. ഏഷ്യാനെറ്റ് കവര്‍ സ്റ്റോറിയില്‍ സിന്ധു പറയുന്നത് കേരളത്തില്‍ പുതിയൊരു വര്‍ഗം ജനിച്ചിരിക്കുന്നു എന്നാണ്. പൗരപ്രമുഖ വര്‍ഗം. ഇത് മാര്‍ക്‌സ് പോലും വിഭാവനം ചെയ്യാത്തതാണ്. പാവം മാര്‍ക്‌സിന് പിണറായിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല.

ഇതാരുടെ സര്‍ക്കാരാണ്. ഏതു വര്‍ഗങ്ങളുടെ പ്രതിനിധികളാണ് ഇവിടം ഭരിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതി ആരംഭിക്കുംമുമ്പെ ഗോള്‍ഡന്‍ ലൈന്‍ പദ്ധതി ഇവിടെ നടപ്പിലാക്കി. ദൗത്യം പൂര്‍ത്തീകരിച്ച് ശിവശങ്കരന്‍ സാര്‍ നിശ്ചിത സ്ഥലത്ത് തന്നെ ലാന്റ് ചെയ്തു. യൂറിഗഗാറിനും വാലന്റീന തെറാഷ്‌ക്കോവയും പോലെ ശിവശങ്കരനും സ്വപ്‌നാ സുരേഷും സ്വര്‍ണം കടത്തുന്ന വാഹനത്തില്‍ ഏറെനാള്‍ ബഹിരാകാശത്തു കഴിഞ്ഞാണ് മടങ്ങിയത്. വേറെയും ആസ്‌ട്രോ കള്ളനോട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ കെ റെയില്‍ പദ്ധതിയുടെ മേധാവിയായി ശ്രീമതി ബ്രിട്ടാസിനെ നിയമിച്ചിട്ടുണ്ട്. അവര്‍ നേരത്തെ തന്നെ റെയില്‍വേ ഉദ്യോഗസ്ഥയായിരുന്നു. അതിനാല്‍ ഗവര്‍ണറോ ചാന്‍സലറോ ഒന്നും അനുവദിക്കേണ്ടതില്ല. ജയശങ്കരന്‍ വക്കീല്‍ പറഞ്ഞാണ് ഈ നിയമനം അറിഞ്ഞത്. ഭാര്യമാരുടെ നല്ലകാലം തുടരുകയാണ്.

നമ്മുടെ ആദരീണയരായ ഗവര്‍ണര്‍ നേരത്തെ മുതലെ എല്ലാവര്‍ക്കും അറിയാവുന്ന ഒരു പ്രമുഖ രാഷ്ട്രീയ നേതാവായിരുന്നു. അദ്ദേഹത്തിന്റെ ചാന്‍സ്‌ലര്‍ എന്ന പദവി മുഖം നോക്കാതെ അദ്ദേഹം പ്രയോഗിച്ചിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും മോഹിച്ചിട്ടുണ്ട്. മന്ത്രി ബിന്ദു മാഡം അദ്ദേഹത്തിന് കത്തെഴുതി സ്വന്തക്കാരെ നിയമിക്കാന്‍ നോക്കുന്നു. വെറും ഒരു വൈസ്ചാന്‍സ്‌ലര്‍ ഒരു തുണ്ട് വെള്ള കടലാസില്‍ പൊട്ടിപൊളിഞ്ഞ ഇംഗ്ലീഷില്‍ കത്തെഴുതി ഒരു മഹത്വമാര്‍ന്ന പദവി അലങ്കരിക്കുന്നയാള്‍ക്ക് കൊടുക്കുന്നു. പണ്ട് സ്‌കൂളില്‍ പഠിച്ച ലീവ് ലൈറ്റര്‍ നിലവാരം പോലുമില്ലാത്ത കേരള സര്‍വകലാശാലയുടെ ആദ്യ വൈസ്ചാന്‍സലറാവാന്‍ ലോകപ്രശസ്തനായ ശാസ്ത്രജ്ഞന്‍ ഐന്‍സൈറ്റീന്‍ അവര്‍കളെ തേടിപ്പോയ തിരുവിതാംകൂര്‍ രാജാവ് ഇവിടെയുണ്ടായിരുന്നു. ആ രാജകീയ മനസ്സില്‍ ഒരു സര്‍വകലാശാലയെ കുറിച്ച് അപ്പോഴുണ്ടായിരുന്ന സങ്കല്‍പം എത്രമഹത്തരമായിരുന്നു. അദ്ദേഹം വന്നില്ലെങ്കിലും ആ പദവിയുടെ മൂല്യം എത്രയാണെന്ന് ആര്‍ക്കും ബോധ്യപ്പെട്ടു കാണും. ഇപ്പോഴവിടെ കിടന്നു നിരങ്ങുന്ന പാര്‍ട്ടി ഭക്തന്മാര്‍ക്ക് ഇതുവല്ലതും അറിയുമോ? ചാന്‍സ്‌ലര്‍ പറഞ്ഞിട്ടുപോലും സിന്‍ഡിക്കേറ്റ് വിളിച്ചില്ലത്രെ!. ഇന്ത്യയുടെ പ്രസിഡന്റ് ആരായാലും രാജ്യത്തെ ഏറ്റവും സമുന്നത പദവിയാണുള്ളത്. അദ്ദേഹം പടച്ചോന്‍ സഹായിച്ച് ഇവന്‍മാരുടെയൊക്കെ ഡിലിറ്റ് വാങ്ങാതിരുന്നതും എത്ര നന്നായി. ആദ്യം ഈ ഇടതു മാടമ്പിമാരെ ഡിലീറ്റ് ചെയ്യണം, എന്നിട്ടാവും ഡിലിറ്റ്.

Test User: