X

വില്‍പ്പന കുറഞ്ഞു, നഷ്ടം 33 ലക്ഷം കോടി രൂപ; ആപ്പിളിന് ഇതെന്തു പറ്റി?

ന്യൂയോര്‍ക്ക്: പുതിയ ഫോണുകള്‍ക്ക് വേണ്ടത്ര വിപണി കീഴക്കാന്‍ കഴിയാഞ്ഞതോടെ ആപ്പിളിന്റെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ്. ഒരു മാസത്തിനിടെ കമ്പനിയുടെ ഓഹരിയില്‍ 19 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 45,000 കോടി ഡോളറാണ് മൊത്തം വിപണി മൂല്യത്തില്‍ നിന്ന് നഷ്ടപ്പെട്ടത്. ഏകദേശം 33 ലക്ഷം കോടി രൂപയുടെ നിഷ്ടം.

സെപ്തംബര്‍ ഒന്നില്‍ ആപ്പിളിന്റെ വിപണി മൂല്യം 2.295 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു. ഓഹരി എല്ലാകാലത്തെയും ഉയര്‍ന്ന നിലയായ 134.18 ഡോളറും. എന്നാല്‍ ഒക്ടോബര്‍ 30ന് ക്ലോസ് ചെയ്യുമ്പോള്‍ ആപ്പിളിന്റെ വിപണി മൂലധനം 1.852 ട്രില്യണ്‍ ഡോളറായി കുറഞ്ഞു. ഓഹരി മൂല്യം 108.86 ഡോളറാകുകയും ചെയ്തു.

ഐ ഫോണ്‍ വില്‍പ്പനയിലെ ഇടിവാണ് കമ്പനിക്ക് തിരിച്ചടിയായത്. പുതിയ ഫോണായ ഐഫോണ്‍ 12 വിപണിയില്‍ എത്താന്‍ വൈകിയതും തിരിച്ചടിച്ചു. ചാര്‍ജറിന്റെയും ഇയര്‍ഫോണിന്റെയും അഭാവം ഉപഭോക്താക്കളിലും നിരാശ പടര്‍ത്തി. ആപ്പിള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ചൈനയില്‍ വില്‍പ്പന ഇടിഞ്ഞതും കമ്പനിയെ ബാധിച്ചു. ഇതോടൊപ്പം അവധിക്കാല പാദത്തെ കുറിച്ചുള്ള ഒരു പ്രവചനവും കമ്പനി നടത്തിയിട്ടില്ല.

അതേസമയം, തിരിച്ചടികള്‍ക്കിടയിലും ലോകത്തെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനിയായി ആപ്പിള്‍ തുടരുകയാണ്. ഓഗസ്റ്റില്‍ രണ്ട് ട്രില്യണ്‍ വിപണി മൂല്യമുള്ള ആദ്യത്തെ യുഎസ് കമ്പനിയായി ആപ്പിള്‍ ചരിത്രം സൃഷ്ടിച്ചിരുന്നു.

Test User: