X

റോഡുകളുടെ ശോചനീയാവസ്ഥ; വാഴനട്ട് പ്രതിഷേധിച്ച് യൂത്ത്‌ലീഗ്

റോഡുകളുടെ ശോചനീയാവസ്ഥയില്‍ സര്‍ക്കാരിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി റോഡിലെ കുഴികളില്‍ വാഴനട്ട് പ്രതിഷേധിച്ചു. വാഹനാപകടവും ജീവഹാനിയും പതിവായിട്ടും യാതൊരുവിധ പരിഹാര നടപടികള്‍ക്കും മുതിരാത്ത കേന്ദ്ര – കേരള സര്‍ക്കാരുകളുടെ നിസ്സംഗതക്കെതിരെ കോഴിക്കോട് മീഞ്ചന്ത ജംഗ്ഷനില്‍ നടന്ന പ്രതിഷേധ പരിപാടി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ ഹൈവേയിലും, സംസ്ഥാന റോഡുകളിലും റോഡുകളുടെ ശോചനീയാവസ്ഥ മൂലം ദിനേന അപകടങ്ങള്‍ പതിവായിരിക്കയാണെന്നും കേന്ദ്ര – കേരള സര്‍ക്കാരുകള്‍ പരസ്പരം പഴിചാരി വാചക കസര്‍ത്ത് നടത്തുകയാണെന്നും ഫിറോസ് പറഞ്ഞു. ജനങ്ങളുടെ ജീവന് യാതൊരു വിലയും സര്‍ക്കാര്‍ കാണുന്നില്ലെന്നും നിസംഗത തുടര്‍ന്നാല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ തെരുവില്‍ തടയുമെന്നും ഫിറോസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ഒട്ടേറെ പേര്‍ മരിക്കുകയും പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഫിറോസ് കുറ്റപ്പെടുത്തി. സമരത്തിന്റെ ഭാഗമായി നട്ട വാഴ പ്രതീകാത്മകം ആണെന്നും അത് കേരളത്തിലെ ആഭ്യന്തര വകുപ്പിനെ ആണെന്നുള്ളത് തെറ്റിദ്ധാരണ മാത്രമാണെന്നും പരിഹാസ്യ രൂപേണ ഫിറോസ് ഡി. വൈ. എഫ്. ഐക്കാരോടായി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, സെക്രട്ടറി ടി.പി.എം ജിഷാന്‍, ജില്ല വൈസ് പ്രസിഡന്റ് ഷഫീഖ് അരക്കിണര്‍ പ്രസംഗിച്ചു.

Test User: