കെ.എ ഹര്‍ഷാദ്
താമരശ്ശേരി
ആയിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ള സ്രോതസ്സായ ഒരു പുഴകൂടി ബന്ധപ്പെട്ടവരുടെ അനാസ്ഥകൊണ്ട് മരണത്തിലേക്ക് നടന്നടുക്കുന്നു. പശ്ചിമഘട്ടത്തോട് ചേര്‍ന്ന് കിടക്കുന്ന മലനിരകളില്‍ നിന്നുത്ഭവിക്കുന്നതും ജില്ലയിലെ പ്രധാനപ്പെട്ട കുടിവെള്ള സ്രോതസ്സുമായ പൂനൂര്‍ പുഴയാണ് കയ്യേറ്റവും മലിനീകരണവും മൂലം ഇല്ലാതാവാന്‍ പോവുന്നത്.
കട്ടിപ്പാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഏലക്കാനം മലനിരകളില്‍ നിന്നും, പനങ്ങാട് പഞ്ചായത്തിലെ ചുരത്തോട് മലയില്‍ നിന്നും ഒഴുകിയെത്തുന്ന നീര്‍ച്ചാലുകള്‍ തലയാട് ചീടിക്കുഴിയില്‍ സംഗമിച്ചാണ് പൂനൂര്‍ പുഴയായി രൂപാന്തരം പ്രാപിക്കുന്നത്. പനങ്ങാട്, കട്ടിപ്പാറ, ഉണ്ണികുളം, താമരശ്ശേരി, കിഴക്കോത്ത്, മടവൂര്‍, കുന്ദമംഗലം, കക്കോടി ഗ്രാമപഞ്ചായത്തുകളിലൂടെയും കൊടുവള്ളി മുനിസിപ്പാലിറ്റി, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലൂടെയും ഒഴുകി അകലാപുഴയുമായി ചേര്‍ന്ന് കോരപ്പുഴയായി മാറി കടലില്‍ പതിക്കുന്നു.
പുഴയുടെ ഉത്ഭവ സ്ഥലങ്ങളില്‍ മനുഷ്യവാസമില്ലാത്തതിനാല്‍ നേരിട്ട് കുടിക്കാന്‍ പറ്റുന്ന രൂപത്തില്‍ വെള്ളം ഇപ്പോഴും പരിശുദ്ധമാണെങ്കിലും മനുഷ്യവാസമുള്ളിടങ്ങളിലെത്തുമ്പോഴേക്കും പുഴയുടെ മലിനീകരണ തോത് ഉയര്‍ന്നുവരുന്നതായി കാണാം. മാലിന്യങ്ങള്‍ വ്യാപകമായി തള്ളുന്നതാണ് പുഴയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം. കൂടാതെ പുഴപുറമ്പോക്ക് ഭൂമി വ്യാപകമായി സ്വകാര്യ വ്യക്തികള്‍ കയ്യേറി കെട്ടിടങ്ങള്‍ പണിയുകയും ചെയ്തു. പുഴയോരത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്ന് നിര്‍ബാധം മാലിന്യമൊഴുക്കിക്കൊണ്ടിരിക്കുന്നു.
പൂനൂര്‍, കൊടുവള്ളി, കക്കോടി പോലുള്ള നിരവധി ടൗണുകളുടെ അടുത്തുകൂടി കടന്നുപോവുന്നതിനാല്‍ ഇവിടങ്ങളിലെ മുഴുവന്‍ മാലിന്യവുംപേറി ഒഴുകേണ്ട ഗതികേടിലാണ് പൂനൂര്‍ പുഴ. വിവാഹ വീടുകളില്‍ നിന്നും കടകളില്‍ നിന്നുമുള്ള മാലിന്യങ്ങളും പൂനൂര്‍ പുഴയില്‍ തള്ളുന്നതിന് ആളുകള്‍ മടികാണിക്കാറില്ല. മണലൂറ്റല്‍, അനധികൃത മത്സ്യബന്ധനം, മരംമുറി തുടങ്ങി നിരവധി പ്രശ്‌നങ്ങളും പുഴ അഭിമുഖീകരിക്കുന്നുണ്ട്.
പൂനൂരിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്ന് മലിനജലം പുഴയിലേക്കൊഴുക്കിയത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ഇതേ ആസ്പത്രി ഇപ്പോള്‍ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതിനിടെ കെട്ടിടമാലിന്യങ്ങള്‍ പുഴയില്‍ തള്ളിയതിലും മതിയായ മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കാത്തതിലും നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
പുഴപുറമ്പോക്ക് കയ്യേറി കെട്ടിടങ്ങളുണ്ടാക്കിയവര്‍ പിന്നീട് ചട്ടങ്ങള്‍ മറികടന്ന് കെട്ടിട നമ്പര്‍ സ്വന്തമാക്കുന്നു. വര്‍ഷകാലത്ത് പുഴകരകവിഞ്ഞൊഴുകി ഇതേ കെട്ടിടത്തില്‍ വെള്ളം കയറുമ്പോള്‍ റവന്യുവകുപ്പില്‍ നിന്ന് ദുരിതാശ്വാസ ഫണ്ട് വാങ്ങിയെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ട അധികൃതര്‍ എപ്പോഴും ഉറക്കം നടിക്കുന്നു.
പൂനൂര്‍ പുഴ കയ്യേറ്റം തടയാന്‍ സര്‍വേ നടത്തി സ്വകാര്യ ഭൂമിയും പുഴപുറമ്പോക്കും വേര്‍തിരിക്കണമെന്ന് പരിസ്ഥിതി സ്‌നേഹികളും പുഴ സംരക്ഷണ പ്രവര്‍ത്തകരുടെയും ഏറെകാലമായുള്ള ആവശ്യമാണ്. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഫലപ്രദമായ ഇടപെടല്‍ ഒന്നും ഉണ്ടായിട്ടില്ല.
മാനാഞ്ചിറ കഴിഞ്ഞാല്‍ കോഴിക്കോട് നഗരത്തില്‍ ഏറ്റവും കൂടുതല്‍ ശുദ്ധജല വിതരണ പദ്ധതിക്കുള്ള പമ്പിംഗ് നടത്തുന്നത് പൂനൂര്‍ പുഴയിലെ പൂളക്കടവ് ഭാഗത്തുനിന്നാണ്. പുഴയുടെ തുടക്കം മുതല്‍ ഒടുക്കം വരെ എണ്ണിയാലൊടുങ്ങാത്ത കുടിവെള്ള പദ്ധതികളും പൂനൂര്‍ പുഴയിലുണ്ട്. പുഴ നശിക്കുന്നതോടെ ചെറുതും വലുതുമായ നിരവധി കുടിവെള്ള പദ്ധതികള്‍ അവതാളത്തിലാവും. സമീപ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമാവും. പൂനൂര്‍ പുഴയെ സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.
പുഴയോര നിവാസികളും ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പരിസ്ഥിതി സ്‌നേഹികളും ഉള്‍പ്പെടുന്ന കൂട്ടായ്മക്ക് മാത്രമേ പ്രകൃതിയുടെ വരദാനമായ പൂനൂര്‍ പുഴയെ ഇനി പുനര്‍ജ്ജനിപ്പിക്കാനാവൂ.