നാസിക്: മലയാളി ജവാന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. നിരോധിത മേഖലയില്‍ അനധികൃതമായി പ്രവേശിച്ചതിനും ജവാനുമായി അഭിമുഖം നടത്തിയതിനും ‘ക്വിന്റ്’ എന്ന വാര്‍ത്താ വെബ്‌സൈറ്റിന്റെ ലേഖിക പൂനം അഗര്‍വാളിനെതിരെയാണ് കേസെടുത്തത്. സൈന്യം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
കൊല്ലം സ്വദേശി ലാന്‍സ് നായിക് റോയ് മാത്യു (33) വിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നാണ് ജവാന്റെ സംഭാഷണം ഒളി കാമറയില്‍ പകര്‍ത്തിയ പൂനം അഗര്‍വാളിനെതിരെ കേസെടുത്തത്. ഇവരെ പൊലീസ് ചോദ്യംചെയ്തതായും സൂചനയുണ്ട്. ഒളി കാമറ അഭിമുഖത്തില്‍ റോയ് മാത്യു സൈന്യത്തിലെ പീഡനങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടതിനു പിന്നാലെയാണ് റോയ് മാത്യുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കാണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് റോയ് മാത്യു കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം.
ദിയോദാലി സൈനിക മേഖലയില്‍ അനധികൃതമായി പ്രവേശിക്കുകയും ഒളി കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നതിന് ഇവര്‍ക്ക് ചിലരുടെ സഹായം ലഭിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം റോയ് മാത്യുവിനെതിരായി സൈന്യം പീഡിപ്പിച്ചിരുന്നതായും ഇതിനെ തുടര്‍ന്നാണ് സൈനികന്‍ ആത്മഹത്യ ചെയ്തതെന്നും പൂനം അഗര്‍വാള്‍ പറയുന്നു.