നടി പൂനം പാണ്ഡെയെ സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ പ്രചാരണത്തിന്റെ അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ബോധവല്‍ക്കരണ പ്രചാരണത്തിന്റെ മുഖമായി പൂനം പാണ്ഡെ എത്തുമെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മന്ത്രാലയവുമായി നടക്കുകയാണെന്നുമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട യാതൊരു തീരുമാനവും കൈകൊണ്ടിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിൽ പൂനത്തിനെതിരെ വിമർശനം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് നടിയെ അംബാസഡറാക്കിയെന്നുള്ള റിപ്പോർട്ടുകളെത്തിയത്. വിമർശനം കടുത്തതോടെ നടി തന്നെ തന്റെ ആരാധകരോട് മാപ്പ് ചോദിച്ചെത്തിയിരുന്നു. താൻ സൃഷ്ടിച്ച പ്രശ്നങ്ങൾക്കും അതുകാരണം വേദനിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു എന്നാണ് നടി പറഞ്ഞത്.
പൂനത്തിന്റെ ‘ബോധവത്കരണ’ത്തിനെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഫെബ്രുവരി രണ്ടിനാണു പൂനം മരിച്ചു എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. തൊട്ടടുത്ത ദിവസം തന്നെ താൻ മരിച്ചിട്ടില്ലെന്നും വ്യാജ വാർത്തയ്ക്കു പിന്നിൽ താൻ തന്നെയാണെന്നും കാട്ടി പൂനം ഇന്‍സറ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു. സെർവിക്കൽ കാൻസറിനെ കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും പൂനം പറഞ്ഞു.