X
    Categories: MoreViews

പൂമരം പാട്ട് വൈറലായി; കൊച്ചു സിഫ്രാനെ നേരിട്ട് കേള്‍ക്കാന്‍ സംവിധായകനെത്തുന്നു

മലപ്പുറം: പൂമരം കൊണ്ടുണ്ടാക്കിയ കപ്പല്‍പ്പാട്ടിനൊപ്പമാണ് മലയാളികള്‍. ഫൈസല്‍ റാസിക്ക് പുറമേ സാമൂഹിക മാധ്യമങ്ങള്‍ വഴി നിരവധി പേര്‍ ഇതിനോടകം പൂമരം പാട്ട് പാടിക്കഴിഞ്ഞു. ഇവരെയെല്ലാം കടത്തിവെട്ടി സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി സിഫ്രാന്‍ നിസാം എന്ന എല്‍.കെ.ജി വിദ്യാര്‍ഥി. പത്തു ലക്ഷം പേരാണ് യൂട്യൂബിലൂടെയും മറ്റും ഈ കുരുന്നു ഗായകന്റെ മധുര ഗാനം ആസ്വദിച്ചത്. ഗാനം കേട്ട് പൂമരം പാട്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ വരെ ഈ കൊച്ചു മിടുക്കനെ അനുമോദിച്ചു. സിഫ്രാനെ നേരില്‍ കാണാന്‍ സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈന്‍ സ്‌കൂളിലെത്തുമെന്ന് അറിയിച്ചതോടെ ഇരട്ടി സന്തോഷത്തിലാണ് സിഫ്രാന്റെ സംഗീത കുടുംബം.
പിതാവ് നിസാം തളിപ്പറമ്പാണ് ‘ഞാനും ഞാനുമെന്റാളും’ എന്നു തുടങ്ങുന്ന കാളിദാസ് ജയറാം നായകനായ പൂമരം സിനിമയിലെ ഗാനം നാലു വയസ്സുകാരന്‍ സിഫ്രാനെ പഠിപ്പിച്ചത്. കലാഭവന്‍ മണിയുടെ മരണ ശേഷം മണിയാലപ്പിച്ച ‘മിന്നാമിനുങ്ങെ’ എന്ന് തുടങ്ങുന്ന ഗാനവും സിഫ്രാന്‍ പാടി വൈറലാക്കിയിരുന്നു. കുരുന്നു പ്രായത്തിലേ സിഫ്രാന്‍ പാട്ടില്‍ ശ്രദ്ധിക്കാറുള്ളതായി പിതാവും യുവ ഗായകനുമായ നിസാം തളിപ്പറമ്പ് പറയുന്നു. ഗാനമേളയില്‍ അവതരിപ്പിക്കാനായി നിസാം പാടി പഠിക്കുന്നത് കേട്ടാണ് സിഫ്രാന്‍ പൂമരം പാട്ട് പഠിക്കുന്നത്. സ്വന്തമായി പാടുന്നത് കേട്ട നിസാം സുഹൃത്തിന്റെ സ്റ്റുഡിയോയിലെത്തി മകനെ പാടിക്കുകയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് തന്നെ പാട്ട് സ്റ്റുഡിയോയില്‍ പാടി തീര്‍ത്തപ്പോള്‍ ജന്നത്ത് ബാന്റിലെ സുഹൃത്തുക്കള്‍ അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യു ട്യൂബിലിട്ടു. സിഫ്രാന്റെ ഉപ്പ നിസാമും കൂടെ മാതാവ് മെഹറുന്നീസയും അമ്മാവന്‍ റജ്്‌നാസും ഗാനത്തില്‍ അഭിനയിച്ചിട്ടുണ്ട്. പിതാവിനു പുറമെ മതാവ് മെഹറുന്നീസയും നല്ല ഗായികയാണ്. മെഹറുന്നീസയുടെ ശുക്‌റിയാ എന്ന ഗാനം മാപ്പിളപ്പാട്ട് ആസ്വാദകര്‍ നെഞ്ചേറ്റിയിരുന്നു. കണ്ണൂര്‍ ശ്രീപുരം ഇംഗ്ലീഷ് മീഡിയം എല്‍.കെ.ജി വിദ്യാര്‍ഥിയായ സിഫ്രാന്റെ ഗാനം കേട്ട് വിദേശ രാജ്യങ്ങളില്‍ നിന്നടക്കം നിരവധി പേരാണ് അഭിനന്ദനമറിയിക്കുന്നത്.

Watch Video: 

chandrika: