മലപ്പുറം: പതിനെട്ടാമത് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിന് ഖിലാഫത്ത് നഗരിയില്‍ തുടക്കമായി. രണ്ട് ദിവസങ്ങളിലായി പൂക്കോട്ടൂര്‍ പി.കെ.എം.ഐ.സി കാമ്പസില്‍ നടക്കുന്ന മഹാസംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ ഐക്യമാണ് ഹജ്ജിന്റെ സന്ദേശമെന്ന് തങ്ങള്‍ പറഞ്ഞു. ഓരോ വിശ്വാസിയുടേയും കര്‍മങ്ങള്‍ വേദനിക്കുന്നവന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളാവണം. പല മുസ്്‌ലിം രാഷ്ട്രങ്ങളും ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. ലോകത്ത് പല അഭയാര്‍ത്ഥികളും ദുരിതപര്‍വം താണ്ടിയുള്ള യാത്രയിലാണ്. അവരുടെയെല്ലാം മോചനത്തിനും രക്ഷക്കും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം. രാജ്യത്തിന്റെ നന്‍മയും സഹിഷ്ണുതയും സാഹോദര്യവും നഷ്ടപ്പെടുന്ന കാലമാണ്. അവയെ ഊട്ടിയുറപ്പിക്കാന്‍ ഹജ്ജ് വേളയില്‍ കണ്ണീരൊലിപ്പിച്ച് കൈകളുയര്‍ത്തി തേടണം. ശരിയായ ഉദ്ദേശ്യത്തോടെയുള്ള ഹജ്ജ് നിര്‍വഹിക്കാന്‍ ഒരോരുത്തര്‍ക്കും കഴിയണം. അതിന് പൂക്കോട്ടൂര്‍ ഹജ്ജ് ക്യാമ്പിലൂടെ സാധ്യമാവട്ടെയെന്നും തങ്ങള്‍ പറഞ്ഞു. കെ. മുഹമ്മദുണ്ണി ഹാജി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പഠന ക്ലാസിന് നേതൃത്വം നല്‍കി. ഹജ്ജ് ഗൈഡിന്റേയും കൈപുസ്തകത്തിന്റേയും പ്രകാശനം മാതാപുഴ മുഹമ്മദ് കുട്ടി, വഹാബ് കൊല്ലം എന്നിവര്‍ക്ക് നല്‍കി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അഡ്വ. യു.എ ലത്തീഫ്, പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന്‍, എസ്.കെ ഹംസ ഹാജി, പി.എ ജബ്ബാര്‍ ഹാജി, പി.വി മുഹമ്മദ് അരീക്കോട്, കെ.കെ.എസ് തങ്ങള്‍, കെ.പി ഉണ്ണീതു ഹാജി, എ.എം കുഞ്ഞാന്‍ ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.എം അക്ബര്‍, അബ്ുറഹിമാന്‍ കാരാട്ട് പ്രസംഗിച്ചു. ക്യാമ്പ് ഇന്ന് ഒമ്പത് മണിക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.