X

തമിഴര്‍ നന്ദിയില്ലാത്തവരെന്ന് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍; മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ്

ചെന്നൈ: തമിഴര്‍ നന്ദിയില്ലാത്തവരെന്ന് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍. ഹിന്ദി രാജ്യത്താകമാനം വ്യാപിപ്പിക്കണമെന്ന അമിത്ഷായുടെ പരാമര്‍ശത്തിന് പിന്നാലെയാണ് പൊന്‍ രാധാകൃഷ്ണന്റെ വിവാദ പരാമര്‍ശം ഉണ്ടാവുന്നത്.

‘ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ഭാഷയാണ് തമിഴ് എന്ന് പ്രഖ്യാപിച്ച ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഒരു ചുവടുംകൂടി കടന്ന്, സംസ്‌കൃതത്തേക്കാള്‍ പഴക്കമുള്ള ഭാഷയാണ് തമിഴ് എന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സ്‌നേഹം നമ്മുടെ ഭാഷയോട് ഉണ്ടായിരുന്നുവെങ്കില്‍, നമ്മള്‍ അത് ഒരു വര്‍ഷമെങ്കിലും ആഘോഷിച്ചേനെ. തമിഴര്‍ക്ക് മനുഷ്യരെ ആഘോഷിക്കുവാന്‍ അറിയില്ല. തമിഴര്‍ നന്ദിയില്ലാത്തവരാണ്’- പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അതേസയമം, പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. വിവാദ പരാമര്‍ശത്തില്‍ പൊന്‍ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ബിജെപി നേതാവാണ് പൊന്‍ രാധാകൃഷ്ണന്‍. സെപ്റ്റംബര്‍ 20ന് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പൊന്‍ രാധാകൃഷ്ണന്റേത് അടക്കമുള്ള പ്രതികരണങ്ങള്‍ക്ക് മറുപടി പറയുമെന്ന് ഡിഎംകെ അദ്ധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.

chandrika: