X

പൊന്നാനിയില്‍ സി.പി.എം കുതന്ത്രങ്ങള്‍ക്ക് തിരിച്ചടി

ഇഖ്ബാല്‍ കല്ലുങ്ങല്‍
മലപ്പുറം

പൊന്നാനി ലോക് സഭാമണ്ഡലത്തില്‍ സി.പി.എം കുതന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടി. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ യു.ഡി.എഫ് ക്യാമ്പിലേക്ക്. സി.പി.എമ്മിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ ഇതിനകം പാര്‍ട്ടി വിട്ടു. പൊന്നാനി മുനിസിപ്പാലിറ്റിയില്‍ മാത്രം പതിനൊന്ന് പേരാണ് യു.ഡി.എഫിലേക്ക് കൂട്ടത്തോടെ കടന്നുവന്നത്. കഴിഞ്ഞ ദിവസം നടന്ന നിയോജകമണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ ഇവര്‍ക്ക് സ്വീകരണം നല്‍കി. പരപ്പനങ്ങാടി നഗരസഭയില്‍ ഇടത് സാമ്പാര്‍ മുന്നണിയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ മൂന്ന് നഗരസഭാ കൗണ്‍സിലര്‍മാര്‍ യു.ഡി.എഫില്‍ ചേര്‍ന്നു. കന്‍മനം അല്ലൂരില്‍ മൂന്ന് സജീവ സി.പി.എം പ്രവര്‍ത്തകര്‍ കഴിഞ്ഞ ആഴ്ച്ച മുസ്‌ലിംലീഗില്‍ ചേര്‍ന്നു. വളവന്നൂരില്‍ പൗരപ്രമുഖന്‍ കടലായി ബാവഹാജി മുസ് ലിംഗീല്‍ അംഗത്വമെടുത്തു. തിരൂരങ്ങാടിയില്‍ സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി.എമ്മിലെ ഹഫ്‌സത്ത് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് യോഗത്തില്‍ വെച്ച് മുസ്‌ലിംലീഗ് അംഗത്വം സ്വീകരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഇതുപോലെ നിരവധി പേരാണ് യു.ഡി.എഫിലെത്തുന്നത്. ഇവരുടെ കുടുംബങ്ങളുള്‍പ്പെടെ യു.ഡി,എഫിനെ പിന്തുണക്കുന്നു. ഇത് സി.പിഎമ്മിനെ ഞെട്ടിച്ചു.
സ്ഥാനാര്‍ഥി നിര്‍ണയത്തിലുള്‍പ്പെടെ സി.പി.എം പുലര്‍ത്തുന്ന തെറ്റായ നയങ്ങളില്‍ പരമ്പരാഗത സി.പി.എം നേതാക്കളിലും പ്രവര്‍ത്തകരിലും കടുത്ത അമര്‍ഷമുണ്ട്. നിരവധി കേസുകളില്‍ ആരോപണ വിധേയനായ പി.വി അന്‍വറിനെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ സി.പി.എം എടുത്ത തീരുമാനത്തിന്റെ വെടിയൊച്ചകള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ജനാധിപത്യം പണാധിപത്യത്തിനു വഴിമാറാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഭൂരിഭാഗം പ്രവര്‍ത്തകരും. സി.പി.എം പ്രവര്‍ത്തകര്‍ നിരാശയിലായതോടെ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇവന്റ് മാനേജ്‌മെന്റിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. സി.പി.ഐയും ഇവിടെ പിന്നിലാണ്. കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ സത്യന്‍മോകേരിക്കെതിരെ പി.വി അന്‍വര്‍ മത്സരിച്ചതാണ് സി.പി.ഐയെ ചൊടിപ്പിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഇടതു പക്ഷത്തിനു വോട്ട് നല്‍കണമെന്ന പി,വി അന്‍വറിന്റെ പര്യടന പ്രസംഗം സി.പി.എമ്മിനെ പുലിവാല് പിടിപ്പിച്ചു. അന്‍വറിന്റെ വോട്ട് ആകട്ടെ വയനാട്ടിലുമാണ്.
രാഹുല്‍ഗാന്ധി വയനാട് മത്സരിക്കുകയാണെങ്കില്‍ രാഹുലിനു വോട്ട് ചെയ്യാന്‍ അന്‍വര്‍ തയ്യാറാകുമോ എന്ന ചോദ്യമാണ് എങ്ങും. രാഹുലിനു ശക്തിപകരാന്‍ എല്‍.ഡി,എഫിനു വോട്ട് നല്‍കേണ്ടതില്ലല്ലോ എന്ന് വോട്ടര്‍മാര്‍ തിരിച്ചടിച്ചതോടെ സി.പി.എം പ്രതിസന്ധിയിലാവുകയും തുടര്‍ന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ തന്നെ തിരുത്താന്‍ രംഗത്ത് വരികയും രാഹുലിനു വോട്ട് ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞ് തടിയൂരാന്‍ ഏറെ പണിപ്പെടുകയും ചെയ്തു.
പാര്‍ട്ടിയില്‍ നിന്നും കനത്ത തിരിച്ചടി ലഭിച്ചതോടെ സ്ഥാനാര്‍ത്ഥിയും മാറ്റി പറഞ്ഞ് തലയൂരാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ സി.പി.എമ്മിനെതിരെ കൃത്യമായ തെളിവായി. ഇത് വൈറലായിരിക്കുകയാണിപ്പോള്‍, പൊന്നാനിയില്‍ സ്വതന്ത്ര വേഷം അണിയാമെന്ന് കരുതി എഴുന്നള്ളിച്ചവര്‍ ഇപ്പോള്‍ കാറ്റു പോയ ടയര്‍ പോലെയായിരിക്കുകയാണ്. മുന്നോട്ട് തള്ളാന്‍ കഴിയാതെ വഴിയില്‍ മുട്ടിയിരിക്കുന്നു. പൊന്നാനിയിലെ സി.പി.എം അസ്ത്രങ്ങള്‍, വലിയ വ്യാമോഹങ്ങളോടെയാണ് പണക്കാരനായ സിറ്റിങ് എം.എല്‍,എയെ സി.പി.എം പൊന്നാനിയിലിറക്കിയത്. പൊന്നാനിയിലെ വോട്ടര്‍മാര്‍ക്ക് പരിചിതമില്ലാത്ത മുഖം. അതേ സമയം നിരവധി കേസുകളിലെ പ്രതിയെന്ന് എല്ലാവര്‍ക്കും അറിയാം.
യു.ഡി.എഫിലെ ഇ.ടി മുഹമ്മദ് ബഷീറിനെതിരെയാണ് അന്‍വര്‍ മത്സരിക്കുന്നത്. മണ്ഡലത്തിലെ ഓരോരുത്തര്‍ക്കും സുപരിചിതനായ ഇ.ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയിലെ സ്പന്ദനമാണിന്ന്. വോട്ടര്‍മാരുടെ മനസ്സിലേറി ബഷീര്‍ കുതിക്കുകയാണ്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങളും ലോക്‌സഭയിലെ മിന്നും പ്രകടനങ്ങളും സഭാനടപടികളിലെ ഹാജറും രാജ്യത്തെവിടെയും കുതിച്ചെത്തുന്ന ന്യൂനപക്ഷ പോരാളിയെന്ന വിശേഷണവും ബഷീറെന്ന സ്ഥാനാര്‍ഥിക്ക് നല്‍കുന്ന മതിപ്പ് ചെറുതല്ല. ഇത് തിരിച്ചറിഞ്ഞാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ സി.പി,എമ്മിനു വേണ്ടി പണിയെടുത്തവര്‍ പാര്‍ട്ടി വിട്ട് യു.ഡി.എഫ് ക്യാമ്പുകളിലേക്ക് പ്രവഹിക്കുന്നത്. ഇടത് എം.എല്‍.എമാരുള്ള പൊന്നാനി. തവനൂര്‍, താനൂര്‍, എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ സി.പി.എം വിടുന്നതെന്നതും ശ്രദ്ധേയമാണ്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം വന്‍ തോതില്‍ വര്‍ധിക്കുമെന്നാണ് തെരഞ്ഞെടുപ്പ് ചിത്രം സൂചീപ്പിക്കുന്നത്.

web desk 1: