മലപ്പുറം: സര്‍ക്കാരില്‍ നിന്ന് ധനസഹായം വേണമെന്ന ആവശ്യവുമായി പൊന്നാനിയില്‍ കപ്പലിടിച്ച് തകര്‍ന്ന ബോട്ട് ഉടമ നൈനാര്‍. വൃക്ക രോഗ ബാധിതനായ തനിക്ക് ഏക ആശ്രയമായിരുന്നു ബോട്ട്. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നതോടെ വരുമാനം നിലച്ചുവെന്നും നൈനാര്‍ പറഞ്ഞു.
എട്ടുവര്‍ഷമായി മത്സ്യബന്ധനത്തിന് പോയിരുന്ന ബോട്ടായിരുന്നു എന്നും അപകടത്തില്‍ മരിച്ചവര്‍ ഏഴു വര്‍ഷമായി ബോട്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരാണന്നും അവരുടെ കുടുംബത്തിന്റെ അവസ്ഥ വളരെ പരിതാപകരമാണന്നും ബോട്ടുടമ പറഞ്ഞു. അപകടം നടന്ന ദിവസം ഒരു ലക്ഷത്തോളം രൂപയുടെ മത്സ്യം പിടിച്ചിരുന്നു. അപകടത്തില്‍ അതെല്ലാം നഷ്ടമായി. അതിനാല്‍ സര്‍ക്കാര്‍ കണ്ണ് തുറക്കണമെന്നും നൈനാര്‍ ആവശ്യപ്പെട്ടു.
പൊന്നാനി സ്വദേശികളായ സലാം (43) ഗഫൂര്‍ (45) എന്നിവരാണ് ബോട്ടപകടത്തില്‍ മരിച്ചത്. ആറ് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. നാല് പേരെ രക്ഷപ്പെടുത്തി. രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പൊന്നാനിയില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച്ച പോയ ഇസ്ലാഹ് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ഇതിനിടെ ബോട്ടപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ പൊന്നാനിയില്‍ എത്തും. ഡയറക്ടര്‍ ഓഫ് ജനറല്‍ ഷിപ്പിംഗിലെയും മെര്‍ക്കന്റൈല്‍ മറൈന്‍ വിഭാഗത്തിലെയും ഉദ്യോഗസ്ഥരാണ് പൊന്നാനിയില്‍ എത്തുക. അപകടത്തില്‍ മരിച്ചവര്‍ക്കുള്ള ഇന്‍ഷുറന്‍സ് സഹായം നല്‍കുന്നതിനായി കപ്പല്‍ ഇന്‍ഷുറന്‍സ് സര്‍വേയറും എത്തിച്ചെരുന്നതാണ്.