X

പൊന്നാനി ബോട്ടപകടം; അനുശോചനം രേഖപ്പെടുത്തി അബ്ദുസമദ് സമദാനി എം.പി

പൊന്നാനി ബോട്ടപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി അബ്ദു സമദാനി എം.പി.  അപകടകത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.ഫെയ്‌സ്ബുക്കിലൂടെയാണ് അബ്ദു സമദ് സമദാനി അനുശോചനം രേഖപ്പെടുത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ സഹോദരങ്ങളുടെ ബോട്ട് കപ്പലിടിച്ചു തകര്‍ന്ന സംഭവം നാടിനെ നടുക്കിയ വലിയ ദുരന്തമായി.
കാണാതാവുകയും പിന്നീട് മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്ത പൊന്നാനി പള്ളിപ്പടിയിലെ പിക്കിന്റെ ഗഫൂര്‍, അഴീക്കല്‍ കുറിയമാക്കാനകത്ത് സലാം എന്നിവരുടെ വേര്‍പാട് എല്ലാവരെയും സങ്കടപ്പെടുത്തുന്നതാണ്.
ബോട്ടില്‍ ഉണ്ടായിരുന്ന നാലു പേര് രക്ഷപ്പെട്ട് കരക്കെത്തിയത് നമ്മെ ആശ്വാസം കൊള്ളിക്കുമ്പോഴും ഈ രണ്ടു സഹോദരന്മാരുടെ വേര്‍പാട് വലിയ ആഘാതമായിത്തന്നെ അവശേഷിക്കുന്നു.

ദുരന്ത സംബന്ധിയായ ആശ്വാസ നടപടികള്‍ക്കായി ജില്ലാ കളക്ടറേയും എസ്പിയെയും ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചു. പരമാവധി നഷ്ടപരിഹാരത്തിനുള്ള അടിയന്തിര നടപടികള്‍ക്കായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് തത്സംബന്ധമായ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് സമര്‍പ്പിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ പ്രത്യേകമായ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മഴ അടുത്ത് വരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളായ ജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതലുകളും ഉണ്ടാകണം.

രോഗ ചികിത്സക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനാല്‍ ഡിസ്ചാര്‍ജ് ആയ ഉടനെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി വിടപറഞ്ഞ സഹോദരങ്ങളുടെ വീടുകളില്‍ എത്തിച്ചേരാന്‍ ഉദ്ദേശിക്കുന്നു.
ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു തിരിച്ചെത്തിയവര്‍ എത്രയും വേഗത്തില്‍ ആരോഗ്യവും സ്വസ്ഥതയും വീണ്ടെടുക്കട്ടെ. അപകടത്തില്‍ നമ്മോട് വിട പറഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത് ജനങ്ങള്‍ക്കും ഈ ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ. അവര്‍ ഇരുവരെയും സര്‍വ്വശക്തനായ കാരുണ്യവാന്‍ മഗ്ഫിറത്തിലേക്ക് ചേര്‍ക്കട്ടെ’.

 

webdesk13: