കോഴിക്കോട്: രാഷ്ട്രീയ സദാചാരമില്ലാത്ത സ്ഥാനാര്‍ത്ഥികളെന്ന് ആരോപണ വിധേയരായ വടകരയിലെയും പൊന്നാനിയിലെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ എത്തില്ല. പ്രായാധിക്യം മൂലമുള്ള അവശതകളുണ്ടെങ്കിലും ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വി.എസിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.
ഏപ്രില്‍ 12ന് മലപ്പുറത്തെത്തുന്ന വി.എസ് തൊട്ടടുത്ത ദിവസം കോഴിക്കോടും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്ത് സംസാരിക്കും. എന്നാല്‍ ഷെഡ്യൂളില്‍ അടുത്ത മണ്ഡലമായ വടകര ഉള്‍പ്പെടുത്തിയിട്ടില്ല. മലപ്പുറത്ത് പി.വി അന്‍വര്‍ മത്സരിക്കുന്ന പൊന്നാനി മണ്ഡലവും ഉള്‍പ്പെടുത്തിയിട്ടില്ല.
ഏപ്രില്‍ ഒന്നിന് ആറ്റിങ്ങലിലും മൂന്നിന് കൊല്ലത്തും, ഏപ്രിയില്‍ ഏഴിന് തിരുവനന്തപുരത്തും എട്ടിന് പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിലുമായി തെക്കന്‍ കേരളത്തില്‍ പ്രചാരണ പരിപാടികളില്‍ വി.എസ് പങ്കെടുക്കും. ഏപ്രില്‍ ഒമ്പതിന് പത്തനംതിട്ടയില്‍ വീണ്ടും പ്രചാരണത്തിനെത്തും. 15ന് വീണ്ടും തിരുവനന്തപുരത്ത്, 18നും 19 നും പാലക്കാടും 20ന് ആലത്തൂരുമാണ് പ്രചരണ ഷെഡ്യൂളിലുള്ളത്.
വടകരയില്‍ കൊലക്കേസ് പ്രതിയായ പി ജയരാജനെയും പൊന്നാനിയില്‍ കയ്യേറ്റ തട്ടിപ്പു കേസ്സുകളില്‍ പ്രതിയായ കോടീശ്വരന്‍ പി.വി അന്‍വറിനെയും സ്ഥാനാര്‍ത്ഥിയാക്കിയത് മുന്നണിയിലും പാര്‍ട്ടിയിലും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തിയില്ലെങ്കിലും കടുത്ത അമര്‍ഷത്തിലാണെന്നാണ് വിവരം. വടകരയില്‍ പി ജയരാജന് വോട്ട് ചോദിക്കാനും പൊന്നാനിയില്‍ പി.വി അന്‍വറിനായും വി.എസ് എത്തുമോ എന്ന ചോദ്യത്തിന് ഇപ്പോഴില്ലെന്നാണ് ഉത്തരം.
പല തെരഞ്ഞെടുപ്പുകളിലും സമയം നോക്കാതെ പ്രതികരിച്ച് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്ന വി.എസ് വിവാദ സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങളില്‍ നിന്ന വിട്ടു നില്‍ക്കുന്നതും ഉറച്ച സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പോളിംഗ് ദിവസം സി.പി.എം കൊലപ്പെടുത്തിയ ടി.പി ചന്ദ്രശേഖരന്റെ വീട്ടില്‍ പോയി ഭാര്യ കെ.കെ രമയെ ആശ്വസിപ്പിച്ചത് വന്‍ കോലിളക്കമാണ് സൃഷ്ടിച്ചത്.
ടി.പി വധക്കേസില്‍ ഉള്‍പ്പെടെ നിരവധി കൊലക്കേസുകളില്‍ ആരോപണങ്ങളുടെ നിഴലില്‍ നില്‍ക്കുന്ന പി ജയരാജനുവേണ്ടി വടകരയില്‍ പ്രചാരണത്തിന് എത്തുന്നത് ആത്മവഞ്ചനയാവുമെന്നാണ് വി.എസ് പക്ഷത്തിന്റെ വിലയിരുത്തല്‍. വി.എസിന്റെ ആദ്യഘട്ട പ്രചാരണ ഷെഡ്യൂള്‍ പുറത്തിറങ്ങിയപ്പോള്‍ വടകരയും പൊന്നാനിയും ഇല്ലെന്നത് ശ്രദ്ധേയമാണ്.