സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി ദിനപത്രത്തിലെ വിവാദ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പത്രത്തില്‍ കോണ്‍ഗ്രസിനെ ‘പോണ്‍ഗ്രസ്’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്.
വിശേഷണം പാര്‍ട്ടി സെക്രട്ടറിയുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വടകരയില്‍ നുണ ബോംബ് പൊട്ടിച്ചത് ചീറ്റിയതിന്റെ ചമ്മല്‍ ഒളിപ്പിക്കാനാണ് ഈ പ്രചാരണമെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.
ഏപ്രില്‍ 18ലെ ദേശാഭിമാനി പത്രത്തിലായിരുന്നു വിവാദ പരാമര്‍ശമുണ്ടായത്. പാര്‍ട്ടി സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലാതെ ഇങ്ങനെയൊരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വരില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം പോണ്‍ഗ്രസ് എന്ന് വിശേഷിപ്പിച്ച് കാര്‍ട്ടൂണ്‍ സഹിതമാണ് എട്ടുകോളം വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍ ആരോപിച്ചു.
ഇന്ത്യ മുന്നണിയുടെ ഭാഗമായ സിപിഎമ്മില്‍ നിന്ന് ഇത്തരം സമീപനം പ്രതീക്ഷിച്ചില്ലെന്നും എംഎം ഹസന്‍ പ്രതികരിച്ചു. അതേരീതിയില്‍ മറുപടി പറയാത്തത് കോണ്‍ഗ്രസ് ഉന്നതമായ ജനാധിപത്യമൂല്യവും ധാര്‍മികമൂല്യവും ഉയര്‍ത്തിപ്പിടിക്കുന്നതുകൊണ്ടാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതെന്നും ഹസന്‍ വ്യക്തമാക്കി.