X

പോളി തെരഞ്ഞെടുപ്പ് കലാലയങ്ങളില്‍ എം.എസ്.എഫ് തരംഗം

മലപ്പുറം: എസ്.എഫ്.ഐയുടെ ഏകാധിപത്യത്തിനും ജനാധിപത്യവിരുദ്ധതക്കുമെതിരായ വിധിയെഴുതി ജില്ലയിലെ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍. അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക് കോളജിലെ 52 വര്‍ഷത്തെ കുത്തകയവസാനിപ്പിച്ചും ജില്ലയിലെ മറ്റു മൂന്ന് കോളജുകളില്‍ വന്‍മുന്നേറ്റം നല്‍കിയുമാണ് വിദ്യാര്‍ഥികള്‍ എം.എസ്.എഫിനൊപ്പം നിന്നത്. എസ്.എഫ്.ഐയുടെ വിദ്യാര്‍ഥി വേട്ടക്കെതിരെ വോട്ട് രേഖപ്പെടുത്തി പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥികള്‍ മിന്നും വിജയമാണ് എം.എസ്.എഫിന് സമ്മാനിച്ചത്. നാല് കോളജുകളിലെയും മുഴുവന്‍ സീറ്റുകളും നേടി സമ്പൂര്‍ണ്ണ ആധിപത്യമാണ് എം.എസ്.എഫ് കരസ്തമാക്കിയത്. കോട്ടക്കല്‍ ഗവ. വനിത പോളിടെക്‌നിക് കോളജ് എം.എസ്.എഫ് മുന്നണി എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്തു. തിരൂര്‍ സീതിസാഹിബ് മെമ്മോറിയല്‍ പോളിടെക്‌നിക് കോളജ്, മഞ്ചേരി ഗവ. പോളിടെക്‌നിക് കോളജ് എന്നിവിടെയും എം.എസ്.എഫ് മുന്നണി വിജയം ആവര്‍ത്തിച്ചു. തിരൂരങ്ങാടി എ.കെ.എന്‍.എം ഗവ. പോളിയിലും ശക്തമായ പോരാട്ടമാണ് നടന്നത്.

ഭരണസ്വാധീനം ഉപയോഗിച്ചും ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചും ജില്ലയിലെ മുഴുവന്‍ കലാലയങ്ങളിലും വിജയമുറപ്പിച്ചു കാത്തുനിന്ന എസ്.എഫ്.ഐക്ക് ഞെട്ടിക്കുന്ന തിരിച്ചടിയാണുണ്ടായത്. ഇടത് സര്‍ക്കാരിന്റെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കും എസ്.എഫ്.ഐയുടെ അക്രമരാഷ്ട്രീയത്തിനുമെതിരെ വിദ്യാര്‍ഥികള്‍ ജനാധിപത്യാവകാശം വിനിയോഗിച്ചു. അവകാശ ലംഘനം തുടര്‍ച്ചയാകുമ്പോള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കാതെ ഒളിച്ചുകളിച്ച എസ്.എഫ്.ഐയെ വിദ്യാര്‍ഥികള്‍ തള്ളിക്കളയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ടെക്‌നിക്കല്‍ ബോര്‍ഡ് നിരന്തരം വിദ്യാര്‍ഥി വിരുദ്ധതയുമായി മുന്നോട്ടുപോകുകയും ഇന്റര്‍ പോളി യൂണിയന്‍ പരിപാടികള്‍ എസ്.എഫ്.ഐ പരിപാടികളാക്കി മാറ്റി യൂണിയന്‍ ഫണ്ടുകള്‍ തിരിമറി നടത്തുകയുമായിരുന്നു എസ്.എഫ്.ഐ. ഇത് വിദ്യാര്‍ഥികള്‍ തിരിച്ചറിഞ്ഞുവെന്നാണ് ഫലം വ്യക്തമാക്കുന്നത്. അവകാശ ലംഘനങ്ങള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നയിച്ച എം.എസ്.എഫിന്റെ സമരോത്സുകതയിൽ വിദ്യാര്‍ഥികള്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം.

webdesk14: