ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് രണ്ടുദിവസം കൂടി ശേഷിക്കെ എക്‌സിറ്റ് പോൾ ഫലങ്ങൾ ചർച്ച ചെയ്യുന്ന തിരക്കിലാണ് രാജ്യം. പ്രമുഖ എക്‌സിറ്റ് പോളുകളെല്ലാം എൻ.ഡി.എ സർക്കാർ ഭരണം തുടരുമെന്ന് പ്രവചിച്ചപ്പോൾ വോട്ടെണ്ണും വരെ ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. എക്‌സിറ്റ് പോളുകൾ വോട്ടിംഗ് യന്ത്രം തിരിമറി ചെയ്യുന്നതിനുള്ള മറയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രഖ്യാപിച്ചു കഴിഞ്ഞു.
അതിനിടെ, എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത സംബന്ധിച്ച ചർച്ചകൾ ട്വിറ്റർ അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഭരണവിരുദ്ധ തരംഗമുണ്ടായിട്ടും നരേന്ദ്ര മോദി സർക്കാർ കേവല ഭൂരിപക്ഷം നേടുമെന്ന സർവേകളുടെ പ്രവചനം അസ്വാഭാവികമാണെന്ന് വലിയൊരു വിഭാഗം വിശ്വസിക്കുന്നു. അതിനിടെ, മുൻ തെരഞ്ഞെടുപ്പുകളിൽ 95 ശതമാനം കൃത്യത അവകാശപ്പെട്ട ഇന്ത്യാ ടുഡേ – ആക്‌സിസ് ഇത്തവണ പ്രവചിച്ചത് തെറ്റാനും സാധ്യതയുണ്ടെന്ന് ഇന്ത്യാ ടുഡേ കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായി പറയുന്നു.
339 മുതൽ 365 വരെ സീറ്റുകളാണ് ഇന്ത്യാ ടുഡേ – ആക്‌സിസ് എൻ.ഡി.എക്ക് പ്രവചിച്ചത്. പുറത്തുവന്ന പോളുകളിൽ ഭരണകക്ഷിക്ക് ഏറ്റവും അനുകൂലമായ പോളും ഇതുതന്നെയാണ്. യു.പി.എക്ക് 77 മുതൽ 108 വരെ സീറ്റുകളേ ഉണ്ടാകൂ എന്നും ഇന്ത്യാ ടുഡേ – ആക്‌സിസ് പ്രവചിക്കുന്നു.
എക്‌സിറ്റ് പോൾ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ നിരവധി പേർ സംശയമുന്നയിച്ച് തന്നെ സമീപിച്ചെന്ന് സർദേശായ് ട്വിറ്ററിൽ കുറിച്ചു. പോളിലെ അക്കങ്ങൾ തന്റേതല്ലെന്നും ആക്‌സിസിന് നല്ല ട്രാക്ക് റെക്കോർഡുണ്ടെന്നും എുന്നാൽ ഇത്തരം പോളുകൾ തെറ്റാകാനും സാധ്യതയുണ്ടെന്നും സർദേശായ് കുറിച്ചു.
‘കഴിഞ്ഞ രാത്രി മുതൽ നിരവധി പേർ ചോദിക്കുന്നു: നിങ്ങളുടെ സംഖ്യകൾ സത്യമാണോ? എ. സംഖ്യകൾ എന്റേതല്ല, ആക്‌സിസിന്റേതാണ്. ബി. ഞങ്ങൾ അവർ നൽകിയ വിവരം അതുപോലെ പ്രേക്ഷകർക്ക് നൽകുകയാണ് ചെയ്തത്. സി. പോൾ വെറും സംഖ്യകളെയല്ല, തരംഗമാണ് വിലയിരുത്തുന്നത്. ഡി. ആക്‌സിസിന്റെ ട്രാക്ക് റെക്കോർഡ് മികച്ചും ബഹുമാനമർഹിക്കുന്നതുമാണ്. ഇ. പോളുകൾ തെറ്റാകാനും ഇടയുണ്ട്.’
അതേസമയം, സമീപകാലത്ത് ഓസ്‌ട്രേലിയയിൽ ഉണ്ടായതു പോലെ എക്‌സിറ്റ് പോളുകൾ പൂർണമായി തെറ്റാകാൻ ഇടയുണ്ടെന്ന പ്രചാരണം സർദേശായ് തള്ളിക്കളയുന്നുണ്ട്. ഓസ്‌ട്രേലിയയിലും ബ്രെക്‌സിറ്റിലും അമേരിക്കൻ തെരഞ്ഞെടുപ്പിലും ഉണ്ടായതു പോലെയല്ല ഇന്ത്യയിലെ പോളുകൾ എന്നും ഇവിടെ എല്ലാ പോളുകളും ഒരേ ദിശയിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.