ന്യൂഡല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ ബാലറ്റ് പേപ്പറുകളിലേക്ക് മാറ്റണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ആവശ്യങ്ങള്‍ക്കിടെ പുതിയ വോട്ടിങ് യന്ത്രങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാര്‍ക്ക് 3 ഇ.വി.എം എന്ന് പേരു നല്‍കിയ യന്ത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും ഭാരത് ഇലക്‌ട്രോണിക്‌സും ചേര്‍ന്നാണ് മാര്‍ക് 3 നിര്‍മ്മിച്ചിരിക്കുന്നത്. യാതൊരുവിധത്തിലും കേടുവരാത്തതും കൃത്രിമങ്ങള്‍ നടത്താന്‍ സാധിക്കാത്തതുമാണ് മൂന്നാം തലമുറയിലെ മാര്‍ക് 3 ഇവിഎം എന്നാണ് കമ്മീഷന്റെ വാദം.
ഒരു തരത്തിലുള്ള കൃത്രിമങ്ങള്‍ നടത്താന്‍ കഴിയാത്തവിധമാണ് മെഷീന്‍ നിര്‍മിച്ചിരിക്കുന്നതെന്നും സോഫ്റ്റ് വെയര്‍ തകരാറുകള്‍ ഉണ്ടായാല്‍ യന്ത്രം അതു തിരിച്ചറിഞ്ഞ് സ്വയം പരിഹരിക്കുമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ഒരിക്കല്‍ മാത്രം പ്രോഗാം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് മെഷീനിലെ ചിപ്പുകള്‍. അതുകൊണ്ട് തന്നെ പുതുതായി വരുന്നതോ നിലവിലെ സോഫ്റ്റ് വെയര്‍ കോഡില്‍ കൃത്രിമം കാണിക്കാനോ സാധിക്കില്ലയെന്നും ഇവര്‍ അവകാശപ്പെട്ടു. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ഒരു നെറ്റ് വര്‍ക്കുമായും ബന്ധിപ്പിക്കാന്‍ കഴിയില്ല. കൂടാതെ മെഷീന്റെ ഏതെങ്കിലും ഭാഗം അഴിക്കാന്‍ ശ്രമിച്ചാല്‍ പിന്നീട് മെഷീന്‍ പ്രവര്‍ത്തന രഹിതമാവുമെന്നതും മാര്‍ക് 3യുടെ പ്രതേകതയാണ്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണ് മാര്‍ക്.
രാജ്യത്തെ പല തെരഞ്ഞെടുപ്പുകളിലും അധികാരത്തിന്റെ ശ്ക്തി ഉപയോഗിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് യന്ത്രങ്ങളില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് കോണ്‍ഗ്രസ് അടക്കുമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ യന്ത്രങ്ങള്‍ക്കു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പട്ടിരുന്നു.