X

അമിത് ഷാ എത്തില്ല; കുമ്മനത്തിന്റെ കേരളയാത്ര വീണ്ടും മാറ്റി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രവീണ്ടും മാറ്റി. സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നാരംഭിക്കും എന്ന് പ്രഖ്യാപിച്ച യാത്ര ഒക്ടോബറിലേക്ക് നീളുമെന്നാണ് പുതിയ അറിയിപ്പ്. അമിത് ഷായുടെ അസൗകര്യം മൂലം യാത്ര മാറ്റിയെന്നാണ് ബിജെപി നല്‍കുന്ന വിശദീകരണം. എന്നാല്‍ മെഡിക്കല്‍ കോഴയെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിക്കാത്തതാണ് യാത്ര മാറ്റിവെയ്ക്കാനിടയാക്കിയതെന്നാണ് സൂചനകള്‍.

കുമ്മനം നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാന്‍ 13 ബിജെപി മുഖ്യമന്ത്രിമാരും അഞ്ച് ഉപമുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്ന വന്‍സംഘം കേരളത്തില്‍ എത്തുമെന്നായിരുന്നു പ്രചാരണം. സെപ്റ്റംബര്‍ ഏഴിന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര 11 ജില്ലകളിലാണ് പര്യടനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

23ന് തിരുവനന്തപുരത്താണ് ജാഥ സമാപിക്കേണ്ടിയിരുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം നാലുദിവസം യാത്ര നടത്താനായിരുന്നു പദ്ധതി. പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുളള യാത്രയുടെ മൂന്നുദിവസങ്ങളിലായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്നും വിവരങ്ങളുണ്ടായിരുന്നു. യാത്രയുടെ സമാപനഘട്ടത്തിലും ദേശീയ അധ്യക്ഷന്‍ എത്തുമെന്നായിരുന്നു സൂചന.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായി അടക്കം സിപിഎംആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ സജീവമായ സ്ഥലങ്ങളില്‍ കൂടിയാണ് ജനരക്ഷയാത്ര കടന്നു പോകുന്നത്. പിണറായിയില്‍ ജനരക്ഷായാത്ര കടന്നു പോകുമ്പോള്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായും യാത്രയുടെ ഭാഗമാക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത്.

chandrika: