X

നെഹ്‌റു ട്രോഫിയിലെ രാഷ്ട്രീയക്കളി-എഡിറ്റോറിയല്‍

കൊല്ലം ബൈപാസിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചതിനെ ചൊല്ലിയുണ്ടായ കോലാഹലങ്ങള്‍ കേരളം മറന്നിട്ടില്ല. പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം യാഥാര്‍ത്ഥ്യമായ ബൈപാസിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിച്ച് ഫലം കാണാതെ നിരാശപൂണ്ട സി.പി.എം നേതാക്കള്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ സംഘിയായി മുദ്രകുത്തിയത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അന്ന് പ്രേമചന്ദ്രനുനേരെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ട സി.പി.എം ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പിയുടെ തലതൊട്ടപ്പനുമായ അമിത് ഷാക്ക് പരവതാനി വിരിക്കുകയാണ്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും കറകളഞ്ഞ മതേതരവാദിയുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള വള്ളംകളിയിലേക്ക്് അമിത് ഷായെ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് നെഹ്‌റുവിന്റെ ഓര്‍മകള്‍ മുഴുവന്‍ തുടച്ചുനീക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ പ്രതിനിധിയെ തന്നെ അതിനുവേണ്ടി സ്വീകരിച്ചാനയിക്കുന്നതിലൂടെ ഇരു മെയ്യാണെങ്കിലും മനമൊന്നായി ജീവിച്ചിരിക്കുന്നവരാണ് സി.പി.എമ്മും ബി.ജെ.പിയുമെന്ന് പിണറായി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

നെഹ്‌റു ട്രോഫി വള്ളംകളി കാണിച്ചുകൊടുത്ത് അമിത് ഷായെ സുഖിപ്പിക്കുക മാത്രമല്ല, അതിലൂടെ കൊയ്‌തെടുക്കാന്‍ സി.പി.എമ്മിന് നേട്ടങ്ങളും പലതുണ്ട്. മുഖ്യമന്ത്രിയെ വേട്ടയാടുന്ന പഴയതും പുതിയതുമായ കേസുകള്‍ തന്നെ മുഖ്യം. ലാവ്‌ലിന്‍ കേസിന്റെ പ്രതിപ്പട്ടികയില്‍നിന്ന് പിണറായിയെ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജി സെപ്തംബര്‍ 13നാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഇത്രയും കാലം ഹര്‍ജി നീണ്ടുപോയത് അമിത് ഷായുടെ ഒത്താശ കൊണ്ടാണ്. തുടര്‍ന്നും ബി.ജെ.പിയുടെ രക്ഷാകരങ്ങള്‍ പിണറായി പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ സ്വര്‍ണ, ഡോളര്‍ കടത്തു കേസുകളും യു.എ.ഇ കോണ്‍സുലേറ്റ് വഴി നടത്തിയ നിയമവിരുദ്ധ ഇടപാടുകളും കുറച്ചൊന്നുമല്ല പിണറായി വിജയനെ നീരസപ്പെടുത്തുന്നത്. രാജ്യത്തുടനീളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രം കടിച്ചുകുടയുമ്പോള്‍ കേരളത്തിലേക്ക് നോക്കി കുരയ്ക്കുകയല്ലാതെ ഇ.ഡി. ഇതുവരെയും ക്ലിഫ്ഹൗസിലേക്ക് കയറിയിട്ടില്ല. ആര്‍ക്കും അനായാസം ഊഹിച്ചെടുക്കാവുന്നതാണ് അതിന്റെ രഹസ്യം. പാര്‍ട്ടിക്കാര്‍ക്കുമുന്നില്‍ ബി.ജെ.പിക്കെതിരെ ഒച്ചവെക്കുന്ന പിണറായി ഉള്ളുകൊണ്ട് തങ്ങളോടൊപ്പമാണെന്ന് അമിത് ഷാക്ക് നല്ലപോലെ അറിയാം. കേരളത്തില്‍ സി.പി.എമ്മിനെ വരുതിയില്‍നിര്‍ത്താനുള്ള മികച്ച ആയുധങ്ങളായാണ് ലാവ്‌ലിനെയും സ്വര്‍ണ, ഡോളര്‍ കടത്ത് കേസുകളെയും ബി.ജെ.പി കാണുന്നത്. പേടികൊണ്ടായിരിക്കാം നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ഉന്നത ബി.ജെ.പി നേതാക്കളെ തൊഴുതു വണങ്ങാന്‍ കിട്ടുന്ന അവസരം പിണറായി പാഴാക്കാറില്ല. നെഹ്‌റു ട്രോഫി വള്ളം കളിയിലേക്ക് അമിത് ഷാക്ക് കിട്ടിയ ക്ഷണവും ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയായി കണ്ടാല്‍ മതി. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന പ്രഖ്യാപനവും സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് തുടരുമെന്ന ഭീഷണിയുമൊക്കെയാണ് അമിത് ഷായെ ഉപയോഗിച്ച് കെ റെയില്‍ വെട്ടാന്‍ കേന്ദ്രാനുമതി വാങ്ങാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ്.

അല്ലെങ്കിലും കോണ്‍ഗ്രസിനെ മുഖ്യശത്രുവായി ഉയര്‍ത്തിക്കാട്ടാനാണ് കേരളത്തിലെ സി.പി.എം നേതൃത്വത്തിന് എക്കാലവും താല്‍പര്യം. ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം ഇടയ്ക്കിടെ പറയാറുണ്ടെങ്കിലും സംസ്ഥാന ഘടകം അതിന് ചെവികൊടുക്കാറില്ല. ഡല്‍ഹിയില്‍ നാളെണ്ണി കഴിയുന്ന തൊഴില്‍രഹിതരായ നേതാക്കള്‍ക്ക് അങ്ങനെ പലതും പറയാമെങ്കിലും മോദിയെ പിണക്കി കക്ഷത്തിലുള്ള അധികാരവും പദവികളും കളയാനാവില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. പിണറായിയെ കണ്ടും സംസാരിച്ചും ശീലിച്ച അമിത് ഷാക്കും മോദിക്കും ഇപ്പോള്‍ കേരളത്തില്‍നിന്നുള്ള ബി.ജെ.പി നേതാക്കളെ കണ്ടാല്‍ അറിയാതായിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ പഞ്ചപുച്ചമടക്കി തിണ്ണ ചാരി നില്‍ക്കാനാണ് സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന്റെ യോഗം. ഒരാളെപ്പോലും നിയമസഭ കാണിക്കാന്‍ കഴിയാത്ത വായനോക്കികളെക്കാള്‍ നല്ലത് പേരിന് നാലാളുടെ പിന്‍ബലമുള്ള പിണറായിയാണെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം കരുതുന്നു.

കോണ്‍ഗ്രസിനോടുള്ളതിന്റെ എത്രയോ കുറവ് വിരോധമാണ് സി.പി.എമ്മിന് ബി.ജെ.പിയോടുള്ളതെന്ന് ആര്‍ക്കുമറിയാം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അജയ്യ ശക്തിയായി വാണിരുന്ന കാലത്ത് ആര്‍.എസ്.എസ് നേതാക്കളോടൊപ്പം തോളില്‍ കയ്യിട്ട് കറങ്ങി നടന്ന ചരിത്രം കൂടി പറയാനുണ്ട് സി.പി.എമ്മിന്റെ തലമൂത്ത നേതാക്കള്‍ക്ക്. അക്കാലം ഓര്‍ത്തെടുക്കുമ്പോള്‍ സി.പി.എമ്മിനെ എങ്ങനെ കൈവിടുമെന്ന തോന്നല്‍ ബി.ജെ.പി നേതൃത്വത്തിനുമുണ്ട്. ലോക്‌സഭയില്‍ കേവലം രണ്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന വര്‍ഗീയ പാര്‍ട്ടിയെ രാജ്യത്തിന്റെ അധികാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതില്‍ സി.പി.എം അടങ്ങുന്ന ഇടതുപാര്‍ട്ടികള്‍ക്കുള്ള പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. നെഹ്‌റു ട്രോഫി വള്ളംകളിയിലേക്ക് അമിത് ഷായെ ക്ഷണിച്ച് മാത്രമല്ല, നിയമസഭയില്‍ ബി.ജെ.പിക്ക് നാല് അംഗങ്ങളെ സമ്മാനിച്ചാണെങ്കിലും കൂറും സൗഹൃദവും ഊട്ടിയുറപ്പിക്കാന്‍ പിണറായി തയാറാണ്. അതിന് പക്ഷെ, ഭാവിയില്‍ സി.പി.എം വലിയ വില നല്‍കേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Test User: