X

ബി.ജെ.പിക്ക് തിരിച്ചടി; ഗുജറാത്തില്‍ ശിവസേന ഒറ്റക്ക് മത്സരിക്കും

അഹമ്മദാബാദ്: ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കാതെ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന. പാര്‍ട്ടിയുടെ ഒൗദ്യോഗിക വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മറ്റേതെങ്കിലും പാര്‍ട്ടി സഖ്യത്തിനൊപ്പം നില്‍ക്കുമോ എന്നതിനെക്കുറിച്ച് ശിവസേന വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സൂററ്റ് മുതല്‍ അഹമ്മദാബാദ് വരെയുള്ള മണ്ഡലങ്ങളില്‍ ശിവസേന ഒറ്റക്ക് മത്സരിക്കുമെന്ന് ഗുജറാത്ത് വിംഗ് കോര്‍ഡിനേറ്റര്‍ രാജുല്‍ പട്ടേല്‍ പറഞ്ഞു. രാജ്‌കോട്ടിലുള്‍പ്പെടെ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം നില്‍ക്കുമോ എന്നത് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ അന്തിമതീരുമാനത്തിനനുസരിച്ചാണെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. ഗുജറാത്തില്‍ ബി.ജെ.പിയുമായി അകന്ന ശിവസേന നേതാവ് താക്കറെ എന്‍.സി.പി നേതാവ് ശരത് പവാറുമായും മമതബാനര്‍ജിയുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയും ബി.ജെ.പിയെ വിമര്‍ശിച്ചും ശിവസേന രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു. രാഹുല്‍ രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്ന് ശിവസേനയുടെ മുഖപത്രത്തില്‍ പറഞ്ഞിരുന്നു. രാഹുല്‍ രാജ്യത്തിന്റെ നേതാവായി മാറി. രാഹുലിനെ കേള്‍ക്കാന്‍ ജനങ്ങള്‍ നില്‍ക്കുന്നുണ്ടെന്നും സാംമ്‌നയില്‍ പരാമര്‍ശമുണ്ടായിരുന്നു. ബി.ജെ.പിയാണ് മുഖ്യശത്രുവെന്നായിരുന്നു അവരുടെ പ്രത്യക്ഷ പ്രഖ്യാപനം.

chandrika: