തിരുവനന്തപുരം: പിണറായിയുടെ പൊലീസിന്റെ ഭാഗത്ത് വീഴ്ചകള്‍ ഉണ്ടായെന്ന് സമ്മതിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നതിനു പിന്നാലെയാണ് യെച്ചൂരിയുടെ പ്രതികരണം. സര്‍ക്കാരിനു തെറ്റുപറ്റിയാല്‍ അത് മറച്ചുവക്കില്ല. പൊലീസിന്റെ ഭാഗത്ത് ചില വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ടുപോകും, യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുഖ്യലക്ഷ്യം ഇപ്പോള്‍ സിപിഎമ്മാണ്. എന്നാല്‍ അക്രമത്തിലൂടെ സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്ന് അവര്‍ കരുതേണ്ടെന്നും ജനാധിപത്യമാര്‍ഗത്തിലൂടെ ബിജെപിയെ തറപറ്റിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
ഇപ്പോള്‍ സര്‍ക്കാരിന്റെ ഭരണം ശരിയായ ദിശയിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീഴ്ചകള്‍ ഏറ്റുപറയുന്നതില്‍ തെറ്റില്ലെന്നും യെച്ചൂരി പറഞ്ഞു. അതേസമയം, സര്‍ക്കാരിന്റെ മേലുള്ള നിരീക്ഷണവും അവലോകനവും തുടരുമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നു ചേര്‍്ന്ന സിപിഎം സെക്രട്ടേറിയറ്റില്‍ സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.