ചണ്ഡിഗഢ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട വിവാദ സ്വാമി ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീതിനെ തേടി പൊലീസ് പരക്കം പായുന്നു. ഇവര്‍ നേപ്പാളിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമാണിതെന്ന വിലയിരുത്തലുമുണ്ട്.
ഹരിയാനയില്‍ തന്ന സുരക്ഷിതമായ താവളത്തില്‍ ഹണിപ്രീത് ഒളിവില്‍ കഴിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യത്യസ്ത സംഘങ്ങളായി രാജ്യത്തുടനീളം പരിശോധന നടത്തുന്നുണ്ടെന്ന് ഹരിയാന ഡി.ജി.പി ബി.എസ് സന്ധു വ്യക്തമാക്കി. ‘ഹണിപ്രീതിനെ പിടികൂടാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണ്. എല്ലാ വിവരങ്ങളും പൂര്‍ണമായും പരിശോധിക്കും.
നേപ്പാളിലേക്ക് കടന്നത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ല’-അദ്ദേഹം പറഞ്ഞു. ഗുര്‍മീതിന് ശിക്ഷവിധിച്ച ദിവസമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ ദേരാ സച്ച സൗദ വക്താവ് വിപാസന, അംഗങ്ങളായ ദിലാവര്‍, പ്രദീപ് എന്നിവരെ പൊലീസ് ചോദ്യംചെയ്യുകയാണ്.
പഞ്ച്കുലയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. അതേസമയം ഹണിപ്രീതിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഇവരടക്കം 43 പിടികിട്ടാപ്പുള്ളികളുടെ പട്ടിക പൊലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.