ന്യൂഡല്‍ഹി: പാരഡൈസ് രഹസ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട് പുറത്തുവന്ന രേഖകള്‍ പരിശോധിക്കുമെന്നും വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സെബി. വിജയ് മല്യയുമായി ബന്ധമുണ്ടെന്ന് കരുതുന്ന നിരവധി ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും നേരത്തെതന്നെ നിരീക്ഷണത്തിലാണ്. മറ്റാര്‍ക്കെങ്കിലും മല്യയുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കും.
നികുതി കുറവുള്ള വിദേശ കമ്പനികളില്‍ വ്യക്തികളോ സ്ഥാപനങ്ങളോ നിക്ഷേപം നടത്തുന്നതില്‍ പ്രഥമ ദൃഷ്ട്യാ കുറ്റം കാണാനാകില്ല. അതേസമയം ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാറിനെ അറിയിച്ചിരിക്കണം. വിവരം അറിയിക്കാതെയുള്ള നിക്ഷേപങ്ങള്‍ ക്രമക്കേടും കോര്‍പ്പറേറ്റ് ചട്ടങ്ങളുടെ ലംഘനവുമാണ്. പുറത്തുവന്നിട്ടുള്ള രേഖകളില്‍ പറയുന്ന നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുള്ളതാണോ എന്നത് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ. ഇതിന് അടിയന്തര നടപടി സ്വീകരിക്കും. പനാമ രഹസ്യചോര്‍ച്ച സംബന്ധിച്ച് അന്വേഷണം നടത്തിയ ബഹുതല ഏജന്‍സിയെ തന്നെ ഇക്കാര്യവും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും സെബി വ്യക്തമാക്കി.
നടത്തിയത് നിയമപരമായ ഇടപാടുകള്‍ മാത്രം: ജയന്ത് സിന്‍ഹ
താന്‍ മാനേജിങ് ഡയരക്ടര്‍ ആയിരുന്ന ഒമിധ്യാര്‍ നെറ്റ്‌വര്‍ക്ക് യു.എസ് ആസ്ഥാനമായ ഡിലൈറ്റ് ഡിസൈനുമായി നടത്തിയിട്ടുള്ളത് നിയമപരമായ സാമ്പത്തിക ഇടപാടുകള്‍ മാത്രമാണെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. പാരഡൈസ് രഹസ്യചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇതില്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ ഒന്നും അടങ്ങിയിട്ടില്ല. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് രാജ്യാന്തര സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ മാത്രമാണ് ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി 2013ല്‍ തന്നെ ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കില്‍നിന്ന് താന്‍ രാജിവെച്ചിരുന്നു. ഇതിനു ശേഷവും ഡിലൈറ്റ് ഡിസൈനില്‍ സ്വതന്ത്ര ഡയരക്ടറായി തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ തന്നെ ഈ പദവി താന്‍ രാജിവെച്ചിരുന്നതായും സിന്‍ഹ തുടര്‍ച്ചയായ ട്വീറ്റുകളിലൂടെ വിശദീകരിച്ചു. അതേസമയം പാരഡൈസ് രഹസ്യ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ കൂട്ടാക്കിയില്ല.
രാഷ്ട്രതലവന്മാര്‍
എലിസബത്ത്
രാജ്ഞിയുടെ സ്വകാര്യ സ്വത്തില്‍ നിന്ന് 10 ദശലക്ഷം പൗണ്ട് (ഏകദേശം 84 കോടി രൂപ) കെയ്മാന്‍ ദ്വീപിലും ബര്‍മുഡയിലും നിക്ഷേപിച്ചതായി രേഖ പറയുന്നു. ബര്‍മുഡയില്‍ അഞ്ചു ദശലക്ഷം പൗണ്ടും കെയ്മാന്‍ ദ്വീപില്‍ 7.5 ദശലക്ഷം പൗണ്ടുമാണ് നിക്ഷേപിച്ചിട്ടുള്ളത്. മെഡിക്കല്‍, ടെക്‌നോളജി കമ്പനികളിലായിരുന്നു നിക്ഷേപം.
യുവാന്‍ മാനുവല്‍ സാന്റോസ്
2016ലെ നൊബേല്‍ സമ്മാന ജേതാവു കൂടിയായ സാന്റോസ്. ഇദ്ദേഹം ബര്‍ബഡോസിലെ ഓഫ്‌ഷോര്‍ കമ്പനി ഡയറക്ടറാണ് എന്നാണ് രേഖകള്‍ പറയുന്നത്.
എല്ലന്‍ ജോണ്‍സണ്‍ സര്‍ലീഫ്
2006 മുതല്‍ ലൈബീരിയയുടെ പ്രസിഡണ്ടാണ്. രേഖകള്‍ പറയുന്നത് പ്രകാരം ബര്‍മുഡയിലെ സോങ്ഹായ് ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിങ് ലിമിറ്റഡിന്റെ ഡയറക്ടറാണ് സര്‍ലീഫ്. ഇന്ദിരാഗാന്ധി പുരസ്‌കാര ജേതാവു കൂടിയാണ് ഇവര്‍.
ജോസ് മരിയ ഫിഗൂറസ്
1998ല്‍ പ്രസിഡണ്ട് പദം ഒഴിഞ്ഞ രാഷ്ട്രീയക്കാരനും ബിസിനസുകാരനുമാണ് ജോസ് മരിയ ഫിഗൂറസ്. ഇദ്ദേഹത്തിനും ബര്‍മുഡയിലെ സ്ഥാപനത്തിലാണ് നിക്ഷേപമുള്ളത്. രേഖകളില്‍ ഇറ്റാലിയന്‍ മള്‍ട്ടിനാഷണല്‍ വൈദ്യുതി-വാതക കമ്പനിയായ എനല്‍ സ്പായുടെ അനുബന്ധ കമ്പനിയാണിത്.
മുന്‍ ഭരണ കര്‍ത്താക്കള്‍
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഷൗക്കത്ത് അസീസ്, കനേഡിയന്‍ മുന്‍ പ്രധാനമന്ത്രിമാരായ ജീന്‍ ക്രതീന്‍, പോള്‍ മാര്‍ട്ടന്‍, ബ്രിയാന്‍ മല്‍റൂണി, മുന്‍ ഓസീസ് ചാന്‍സലര്‍ ആല്‍ഫ്രഡ് ഗുസെന്‍ബോര്‍, ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി യുകിയോ ഹതോയാമ, മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ജെറാദ് ഷ്രോഡര്‍ എന്നിവരുടെ പേരുകളും രേഖകളിലുണ്ട്.
മന്ത്രിമാര്‍
അര്‍ജന്റീനന്‍ ധനമന്ത്രി ലൂയിസ് കാപുടോ, ബ്രസീല്‍ കൃഷി മന്ത്രി ബ്ലൈറോ മാഗി, ധനമന്ത്രി ഹെന്റിക്വി മീറെലസ്, കസാകിസ്താന്‍ ഊര്‍ജ മന്ത്രി മുഖ്താര്‍ അബ്ലിയാസോവ്, യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവ് മ്‌നുചിന്‍, മുന്‍ വ്യാപാര സെക്രട്ടരി പെന്നി പ്രിസ്‌കര്‍, വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ്, സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടെല്ലേഴ്‌സണ്‍.
താരങ്ങള്‍
ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, നടി മന്യത ദത്ത്, ഐര്‍ലന്‍ഡ് ഗായകന്‍ ബോണോ, സ്പാനിഷ് ചിത്രകാരന്‍ ജോസ് മരിയ കാനോ, വിഖ്യാത യു.എസ് ഗായിക മഡോണ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പേരുകളും പുറത്തുവന്നിട്ടുണ്ട്. മുന്‍ യു.എസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായിരുന്ന വെസ്‌ലി ക്ലാര്‍ക്കാണ് ഇതിലെ പ്രമുഖ പേര്. ദേശീയ സാമ്പത്തിക കൗണ്‍സില്‍ ഡയറക്ടര്‍ ഗാരി കോന്‍, റഷ്യയിലെ അംബാസഡര്‍ ജോന്‍ ഹോന്‍ട്‌സ്മാന്‍, ഫെഡറല്‍ റിസര്‍വ് മുന്‍ വൈസ് ചെയര്‍മാന്‍ റന്‍ഡാല്‍ ക്വാര്‍ലെസ് തുടങ്ങിയവരാണ് യു.എസില്‍ നിന്നുള്ള മറ്റു പ്രമുഖര്‍. മുന്‍ സൗദി ഉപപ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സുല്‍ത്താന്‍, മുന്‍ ബാഴ്‌സലോണ മേയര്‍ സാവിയര്‍ ട്രിയാസ് തുടങ്ങിയവരുടെ പേരുകളുമുണ്ട്.
കമ്പനികള്‍
അലയന്‍സ്, ബയര്‍, ഡ്യൂഷെ പോസ്റ്റ്, സീമന്‍സ്, സിക്‌സ്റ്റ്, ബയെര്‍ (എല്ലാം ജര്‍മനി), അപ്പോളോ ടയേഴ്‌സ്, ഇമാര്‍ ഇന്ത്യ, ജി.എം.ആര്‍ ഗ്രൂപ്പ്, ഹാവെല്‍സ്, ഹിന്ദുജാസ്, ഹീരാനന്ദിനി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍, സണ്‍ ഗ്രൂപ്പ്, യുണൈറ്റഡ് സ്പിരിറ്റ്, വീഡിയോകോണ്‍ (എല്ലാം ഇന്ത്യ), സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്ലന്‍കോര്‍, യു.എസിലെ ആപ്പ്ള്‍, ഫേസ്ബുക്ക്, മക് ഡൊണാള്‍ഡ്, നൈക്, ഉബര്‍, വാള്‍മാര്‍ട്ട്, യാഹൂ.
എന്താണ് പാരഡൈസ് പേപ്പര്‍
ബര്‍മുഡ ആസ്ഥാനമായ നിയമ സേവന കമ്പനിയായ ആപ്പ്ള്‍ബൈയില്‍ നിന്ന് ചോര്‍ത്തിയെടുത്ത 13.4 ദശലക്ഷം രേഖകളാണ് പാരഡൈസ് പേപ്പര്‍ എന്നറിയപ്പെടുന്നത്. നികുതി വെട്ടിച്ചെന്ന് പറയപ്പെടുന്ന 1,20,000 ആളുകളുടെയും കമ്പനികളുടെയും പേരുകളാണ് രേഖകളിലുള്ളത്. നികുതി വെട്ടിപ്പും കുറഞ്ഞ നികുതി അടക്കാനുള്ള മാര്‍ഗങ്ങളും സംബന്ധിച്ച് ഉപദേശവും നിയമസഹായവും നല്‍കുന്ന സ്ഥാപനമാണ് ആപ്പ്ള്‍ബൈ.
പുറത്തുവിട്ടത് ആര്?
ജര്‍മന്‍ പത്രമായ സുതോത്‌ഷെ സൈതുങാണ് ഈ രേഖകള്‍ ചോര്‍ത്തിയെടുത്തത്. അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐ.സി.ഐ.ജെ)യാണ് രേഖകളുടെ പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ചത്. ബി.ബി.സി, ഗാര്‍ഡിയന്‍ തുടങ്ങി 96 മാധ്യമ സ്ഥാപനങ്ങളിലെ 381 ജേര്‍ണലിസ്റ്റുകള്‍ ഇതില്‍ അംഗങ്ങളാണ്. ഇന്ത്യയില്‍നിന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം അന്വേഷണത്തില്‍ പങ്കാളികളാണ്. 2016ല്‍ പാനമ രഹസ്യ രേഖകള്‍ പുറത്തുവിട്ടതും സൈതുങാണ്. ഇതിന് പത്രത്തിന് പുലിസ്റ്റര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
ഏതുകാലത്തെ രേഖകള്‍
1950 മുതല്‍ 2016 വരെയുള്ള രേഖകളാണ് പുറത്തുവന്നിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രേഖാ ചോര്‍ച്ചയാണിത്. പനാമ പേപ്പേഴ്‌സാണ് ഒന്നാമത്തേത്. 2.6 ടിഗാബൈറ്റ് രേഖകളാണ് പനാമ പേപ്പേഴ്‌സ് വഴി പുറത്തുവന്നിരുന്നത്. പാരഡൈസ് പേപ്പേഴ്‌സ് വഴി പുറത്തെത്തിയത് 1.4 ടിഗാ ബൈറ്റ് രേഖകള്‍. 1.7 ജി.ബി രേഖകളാണ് വിക്കി ലീക്‌സ് പുറത്തുവിട്ടിരുന്നത്.
രേഖയില്‍ പേരുള്ളരാഷ്ട്രതലവന്മാര്‍
എലിസബത് രാജ്ഞി (ബ്രിട്ടന്‍), യുവാന്‍ മാനുവല്‍ സാന്റോസ് (കൊളംബിയന്‍ പ്രസിഡിണ്ട്), എല്ലന്‍ ജോണ്‍ണ്‍ സര്‍ലീഫ് (ലൈബീരിയന്‍ പ്രസിഡണ്ട്), ജോസ് മരിയ ഫിഗുറസ് (മുന്‍ കോസ്റ്റാറിക പ്രസിഡണ്ട്)