X
    Categories: MoreViews

കോൺഗ്രസ്-ജെഡിഎസ് സർക്കാർ; കുമാരസ്വാമി ഇന്ന് വിശ്വാസവോട്ട് തേടും

ബംഗളൂരു: കർണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി സര്‍ക്കാറാണ് ഇന്ന് വിശ്വാസവോട്ട് തേടുക. സ്പീക്കറെ തെരഞ്ഞെടുത്ത ശേഷമായിരിക്കും വിശ്വാസവോട്ടെടുപ്പ് നടക്കുകയെന്ന് കര്‍ണാടക ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രോടെം സ്പീക്കർ കെ.ജി.ബൊപ്പയ്യയുടെ നിയന്ത്രണത്തിൽ ഇന്ന് ഉച്ചയ്ക്കു 12ന് ആരംഭിക്കുന്ന സമ്മേളനത്തിൽ ആദ്യം സ്പീക്കർ തെരഞ്ഞെടുപ്പു നടക്കും. തുടർന്നു പുതിയ സ്പീക്കറുടെ അധ്യക്ഷതയിലാകും വിശ്വാസവോട്ടെടുപ്പ്.

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ആര്‍ രമേശ് കുമാറാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ബി.ജെ.പിക്കായി എസ്.സുരേഷ് കുമാറും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കു ബി.ജെ.പി മല്‍സരിക്കുന്നില്ല. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ജെ.ഡി.എസിനാണ് നിശ്ചയിച്ചിട്ടുള്ളത്. ദളിനു വേണ്ടി മാറ്റിവച്ച ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കു കെ.ശ്രീനിവാസ ഗൗഡയും എ.ടി.രാമസ്വാമിയുമാണ് പരിഗണനയില്‍.

224 അംഗ സഭയില്‍ 221 അംഗങ്ങളാണ് ഇപ്പോഴുള്ളത്. കുമാരസ്വാമി രണ്ടിടത്ത് മത്സരിച്ചതിനാല്‍ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. മറ്റു രണ്ടു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നിട്ടുമില്ല. 117 എം.എല്‍.എമാരുടെ പിന്തുണയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിനുള്ളത്.

യെദ്യൂരപ്പ രാജിവെച്ചതിനു പിന്നാലെയും കോണ്‍ഗ്രസ്-ജെ.ഡി.എസ് പാളയത്തില്‍ നിന്ന് എം.എല്‍.എമാരെ തട്ടിയെടുക്കാന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നു. എന്നാല്‍ എം.എല്‍.എമാര്‍ ഇപ്പോഴും റിസോര്‍ട്ടില്‍ തന്നെയായതിനാല്‍ ബി.ജെ.പിക്ക് ഇവരെ സ്വാധീനിക്കാനായിട്ടില്ലെന്നാണ് വിവരം.

ബെംഗളൂരുവിലെ ഹോട്ടലുകളിൽ പാർപ്പിച്ചിരിക്കുന്ന കോൺഗ്രസ് എംഎൽഎമാരെ നിയമസഭാകക്ഷി നേതാവ് സിദ്ധരാമയ്യയും ദൾ എംഎൽഎമാരെ കുമാരസ്വാമിയും സന്ദർശിച്ചു. അതിനിടെ, ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള മൂന്നു മണ്ഡലങ്ങളിൽ ഒന്നിച്ചു മൽസരിക്കാൻ കോൺഗ്രസും ദളും ധാരണയിലെത്തി.

chandrika: