ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ശേഷം മാധ്യമസ്വാതന്ത്ര്യം കുറയുന്നുവെന്ന് റിപ്പോര്‍ട്ട്. ആഗോള മാധ്യമ നിരീക്ഷണ വിഭാഗമായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 180 രാജ്യങ്ങളെ റാങ്ക് ചെയ്തതില്‍ ഇന്ത്യയുടെ സ്ഥാനം 136-ാമതാണ്. അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഇന്ത്യയേക്കാള്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്. യു.എസ്, യു.കെ., കനഡ എന്നീ രാജ്യങ്ങളിലും മാധ്യമസ്വാതന്ത്യം കുറഞ്ഞു. ഇന്ത്യയിലും അമേരിക്കയിലുമെല്ലാം മാധ്യമസ്വാതന്ത്ര്യം കുറയാന്‍ കാരണം അമിതമായ ദേശീയതാ വാദമാണെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയുടെ റാങ്ക് മൂന്ന് സ്ഥാനം പിന്നോട്ട് പോയി. ബുര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം കശ്മീര്‍ താഴ്‌വരയില്‍ തുടങ്ങിയ സംഘര്‍ഷത്തെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപത്തിന്റെ ആദ്യ ദിവസം തന്നെ സൈന്യം സ്ഥലത്തെ ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെടുത്തി. അത് വഴി മാധ്യമങ്ങളും സാധാരണ ജനങ്ങളും തമ്മിലുള്ള ബന്ധം ഇല്ലാതാക്കിയെന്നും റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡര്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഓണ്‍ലൈന്‍ വഴി ഭീഷണികളും ക്യാമ്പയ്‌നുകള്‍ വ്യാപകമായി നടത്തുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. നോര്‍വേ, സ്വീഡന്‍, ഫിന്‍ലന്‍ഡ്, ഡെന്‍മാര്‍ക് എന്നീ രാജ്യങ്ങളാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ചൈന 176-ാം സ്ഥാനത്താണ് പട്ടികയില്‍. പൗരവാര്‍ത്തയുടെ പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ജയിലില്‍ കഴിയുന്നതും ചൈനയിലാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തര കൊറിയയാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്.