X
    Categories: MoreViews

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരു അറസ്റ്റില്‍. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സഹോദരന്‍ ദീപു രാജ്യഗുരു ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാതി നല്‍കാനെത്തിപ്പോഴാണ് അറസ്റ്റിലായത്.

പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ ഇന്ദ്രനീല്‍ അക്രമികള്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. പൊലീസ് സ്റ്റേഷന് മുന്‍പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരവും നടത്തി. തുടര്‍ന്നാണ് പൊലീസ് ഇന്ദ്രനീലിനെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ വൈരാഗ്യമാണ് ദീപു ആക്രമിക്കപ്പെടാനും ഇന്ദ്രനീലിനെ അറസ്റ്റ് ചെയ്യാനും കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നിന്നാണ് ഇന്ദ്രനീല്‍ മത്സരിക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ പ്രചാരണത്തിന്റെ മൂര്‍ധന്യതയിലാണ് ഗുജറാത്ത്. നേതാക്കള്‍ കൂട്ടത്തോടെ എത്തിയതോടെ എല്ലായിടത്തും ആവേശം വനോളം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം ഒമ്പതിനും 14നും രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാവുകയും പത്രികാ സമര്‍പ്പണം അവസാന ഘട്ടത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കളം നിറഞ്ഞ് നില്‍ക്കുന്നത്. പ്രചാരണ റാലികള്‍ക്കൊപ്പം ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രാഹുലിന്റെ പ്രചാരണ തന്ത്രങ്ങള്‍ 22 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ബി.ജെ.പിയുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി വിജയ് രൂപാണിക്കും എതിരായ അമര്‍ഷം മറികടക്കാനാണ് മോദി തന്നെ മുഴുസമയം ഗുജറാത്തില്‍ തങ്ങുന്നത്.

ഞലമറ അഹീെ: ഗുജറാത്തില്‍ വെല്ലുവിളികള്‍ക്കു നടുവില്‍ ബി.ജെ.പി
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തില്‍ എത്തിയിരുന്നു. വ്യാപാര സമൂഹത്തിന്റെ സംഗമങ്ങള്‍ കേന്ദ്രീകരിച്ചാണ് ധനകാര്യ വിദഗ്ധന്‍ കൂടിയായ ഡോ. സിങിന്റെ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. സൂറത്തിലെ വ്യാപാരി സമൂഹത്തെ ഇന്നലെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. നേരത്തെ അഹമ്മദാബാദിലെ വ്യാപാരി സമൂഹവുമയും ഡോ. സിങ് സംവദിച്ചിരുന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും ചെറുകിട വ്യവസായ മേഖലയുടെ അടിത്തറ തകര്‍ത്തത് കേന്ദ്രീകരിച്ചായിരുന്നു രണ്ടിടങ്ങളിലും ഡോ.സിങിന്റെ സംസാരം.

കോണ്‍ഗ്രസിനു വേണ്ടി ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും ഇന്നലെ ഗുജറാത്തില്‍ പ്രചാരണത്തിന് എത്തിയിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നല്‍കിയ സംഭാവനകള്‍ അനുസ്മരിച്ചായിരുന്നു ഷീലാ ദീക്ഷിതിന്റെ പ്രസംഗം. ഡോ. വര്‍ഗീസ് കുര്യനെ കേരളത്തില്‍നിന്ന് ഗുജറാത്തില്‍ എത്തിച്ചതും അമൂല്‍ വഴി ക്ഷീരവിപ്ലവത്തിന് വിത്തിട്ടതും നെഹ്റുവായിരുന്നുവെന്ന് ഷീലാ ദീക്ഷിത് വ്യക്തമാക്കി. അഹമ്മദാബാദ് മെട്രോ റെയില്‍ പദ്ധതിയെ വെളിച്ചത്ത് എത്തിക്കാന്‍ 22 വര്‍ഷം ഭരിച്ചിട്ടും ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ല. ഒറ്റ വര്‍ഷം കൊണ്ട് മോദി ഡല്‍ഹി മെട്രോ ട്രാക്കിലെത്തിച്ചു. എന്നാല്‍ അഹമ്മദാബാദ് മെട്രോ ഇപ്പോഴും ട്രാക്കിലായിട്ടില്ല. 22 വര്‍ഷത്തില്‍ 13 വര്‍ഷവും മോദിയാണ് ഗുജറാത്ത് ഭരണത്തിന് നേതൃത്വം നല്‍കിയതെന്നും ഷീലാ ദീക്ഷിത് കുറ്റപ്പെടുത്തി.

യു.പി സന്ദര്‍ശനത്തിനു ശേഷം ഗുജറാത്തില്‍ തിരിച്ചെത്തിയ ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ സോമനാഥ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി. ബി.ജെ.പിയുടെ വിവിധ പ്രചാരണ റാലികളിലും അദ്ദേഹം ഇന്നലെ സംബന്ധിച്ചു.

ഞലമറ അഹീെ: ഇ.വി.എമ്മില്‍ തൂത്തുവാരുന്ന ബി.ജെ.പിക്ക് ബാലറ്റ് പേപ്പറില്‍ കനത്ത പരാജയം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ബി.ജെ.പി ക്യാമ്പില്‍നിന്ന് ഗുജറാത്തില്‍ നിലയുറപ്പിച്ചിട്ടുള്ള മറ്റൊരു പ്രമുഖന്‍. ജി.എസ്.ടി, നോട്ടു നിരോധനം തുടങ്ങി ബി.ജെ.പിയെ പ്രതിരോധത്തിലാക്കുന്ന കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുക എന്ന ദൗത്യമാണ് ജെയ്റ്റ്ലിക്കുള്ളത്. മുതിര്‍ന്ന ബി.ജെ.പി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാനും ഗുജറാത്തില്‍ പ്രചാരണ രംഗത്തുണ്ട്.

കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രഥാനും ബി.ജെ.പിക്കു വേണ്ടി പ്രചാരണ രംഗത്തുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും ഒരു കുടുംബത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

chandrika: