X

മഹാരാഷ്ട്ര മന്ത്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി

മുംബൈ: മഹാരാഷ്ട്ര മന്ത്രിയും ശിവസേനയുടെ ജല്‍നയില്‍ നിന്നുള്ള സാമാജികനുമായ അര്‍ജുന്‍ കോത്കറിന്റെ തെരഞ്ഞെടുപ്പ് ബോംബെ ഹൈക്കോടതി അസാധുവാക്കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞാണ് കോത്കര്‍ പത്രിക സമര്‍പ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

നിലവില്‍ ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ടെക്‌സ്റ്റൈല്‍, മൃഗ സംരക്ഷണം, ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നയാളാണ് ശിവസേനാ നേതാവു കൂടിയായ കോത്കര്‍. കോത്കറിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൈലാശ് ഗോരണ്ടിയാലിന്റെ ഹര്‍ജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. കോത്കറിന്റെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു കൈലാശിന്റെ ആവശ്യം.

എന്നാല്‍ ഇക്കാര്യം കോടതി വിസമ്മതിച്ചു. കോത്കറിന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുന്നതിനായി നാലാഴ്ചത്തേക്ക് വിധി നടപ്പിലാക്കുന്നത് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്. ഹൈക്കോടതി ബെഞ്ചിന്റേത് സാങ്കേതിക വിഷയത്തിലൂന്നിയുള്ള വിധിയാണെന്നും ഇതിനെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും കോത്കര്‍ പറഞ്ഞു.

chandrika: