X

ബി.ജെ.പിയുടെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അഴിമതിയുടെ കാര്യത്തില്‍ ബി.ജെ.പിയുടെ റെക്കോര്‍ഡ് കോണ്‍ഗ്രസിനേക്കാളും ദയനീയമാണെന്ന് പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസിനെ കടപുഴക്കിയ പോലെ ബി.ജെ.പിയെ ജനം സമീപ ഭാവിയില്‍ തൂത്തെറിയുമെന്നും കൂട്ടിച്ചേര്‍ത്തു.

വ്യാപം, റഫല്‍, ബിര്‍ല ഡയറി, സഹാറ ഡയറി തുടങ്ങി ബി. ജെ. പിക്കെതിരായ അഴിമതികള്‍ അക്കമിട്ട് നിരത്തിയ ഡല്‍ഹി മുഖ്യമന്ത്രി ആംആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തിയില്‍ കേന്ദ്രത്തിലെ ബി. ജെ. പി സര്‍ക്കാര്‍ വിറളി പിടിച്ചിരിക്കയാണെന്നും ആരോപിച്ചു. അഴിമതി വിരുദ്ധ സമിതിയെ ഡല്‍ഹി സര്‍ക്കാറില്‍ നിന്നും പിടിച്ചു വാങ്ങുകയും സര്‍ക്കാറിനെതിരെ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ച് കെട്ടിടം പിടിച്ചെടുത്തതായും ആരോപിച്ചു.

പാര്‍ട്ടി രൂപീകരണത്തിന്റെ അഞ്ചാം വാര്‍ഷിക ദിനത്തില്‍ ഡല്‍ഹി റാംലീല മൈതാനിയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 70 വര്‍ഷമായി ഐ.എസ്.ഐക്ക് നശിപ്പിക്കാന്‍ സാധിക്കാത്ത ത് ബി.ജെ.പിക്ക് മൂന്ന് വര്‍ഷം കൊ ണ്ട് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. നേട്ടം ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നടപ്പിലാക്കിയെന്നു പറഞ്ഞ അദ്ദേഹം രാജ്യ തലസ്ഥാനത്തെ പൊതു വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ള വിതരണം എന്നിവയുടെ കാര്യത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടു വന്നതായും പറഞ്ഞു. കെജ്‌രിവാളിന് പുറമെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കുമാര്‍ വിശ്വാസ്, മുതിര്‍ന്ന നേതാക്കളായ അശുതോഷ്, ഗോപാല്‍ റായി തുടങ്ങിയവരും പങ്കെടുത്തു. ഡല്‍ഹിയുടെ വിവിധ ഇടങ്ങളില്‍ നിന്നായി പതിനായിരത്തോളം പാര്‍ട്ടി പ്രവര്‍ത്തകരാണ് റാലിക്കെത്തിയത്.

ഗുജറാത്തില്‍ ബി. ജെ.പിയെ തോല്‍പിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുകള്‍ നല്‍കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ജയിക്കാത്ത സാഹചര്യത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനായി വോട്ടു ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

chandrika: