X

അര്‍ജന്റീനയുടെ പിന്മാറ്റം; ഇസ്രാഈലില്‍ രാഷ്ട്രീയ പ്രതിസന്ധി

തെല്‍ അവീവ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍നിന്ന് അര്‍ജന്റീനാ ഫുട്‌ബോള്‍ ടീം പിന്മാറിയതിനു പിന്നാലെ ഇസ്രാഈല്‍ രാഷ്ട്രീയ മേഖലയില്‍ പ്രതിസന്ധി. മാസങ്ങള്‍ക്കു മുമ്പേ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കായികമന്ത്രി മിരി റെജേവും ശ്രമിച്ചതാണ് അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ കലാശിച്ചതെന്നും ഇക്കാര്യത്തില്‍ ഇസ്രാഈല്‍ ഫലസ്തീനോട് നയതന്ത്ര തോല്‍വി വഴങ്ങിയെന്നും പ്രാദേശിക പത്രങ്ങള്‍ ആരോപിച്ചു. അതേസമയം, ഇസ്രാഈല്‍ ഭരണകൂടം ഫലസ്തീന്‍ നേതാക്കളെയും അര്‍ജന്റീനയെയും കുറ്റപ്പെടുത്തി ഫുട്‌ബോള്‍ ആരാധകരുടെ രോഷത്തില്‍നിന്നു രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്.

നേരത്തെ ഹൈഫയിലെ വലിയ സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മത്സരം ആഴ്ചകള്‍ക്കു മുമ്പാണ് ജറൂസലമിലെ സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് പിടിച്ചെടുത്ത ‘അല്‍ മല്‍ഹ’ എന്ന ഫലസ്തീന്‍ ഗ്രാമം തകര്‍ത്താണ് ഈ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ഇസ്രാഈലും ഫലസ്തീന്‍ പ്രവിശ്യയായ വെസ്റ്റ്ബാങ്കും തമ്മിലുള്ള അതിര്‍ത്തിക്ക് തൊട്ടടുത്താണ് ടെഡ്ഡി കോളക് സ്റ്റേഡിയം.

ഇസ്രാഈല്‍ തലസ്ഥാനം ജറൂസലമിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനു വേണ്ടിയാണ് മത്സരവേദി മാറ്റാന്‍ നെതന്യാഹു തീരുമാനിച്ചത്. ഇസ്രാഈല്‍ രാഷ്ട്രനിര്‍മാണത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിനിടെയാണ് മത്സരം എന്നതും ഈ തീരുമാനത്തിന് പ്രേരകമായി. വേദിമാറ്റത്തില്‍ അര്‍ജന്റീന ആശങ്ക അറിയിച്ചിരുന്നെങ്കിലും ഇസ്രാഈല്‍ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല. നെതന്യാഹൂവിന്റെ വലങ്കയ്യും കായിക-സാംസ്‌കാരിക മന്ത്രിയുമായ മിരി റെജേവും ജറൂസലമിലെ മത്സരത്തിന് അതീവ പ്രാധാന്യമാണ് നല്‍കിയത്.

കളിക്കെത്തുന്ന അര്‍ജന്റീനാ ടീമിനൊപ്പം സമയം ചെലവഴിക്കാനും ലയണല്‍ മെസ്സിയുമായി ഹസ്തദാനം ചെയ്യാനുമുള്ള അവസരത്തിനായി മിരി റെജേവ് മത്സരത്തിന്റെ സംഘാടകര്‍ക്ക് പണം നല്‍കിയെന്ന വാര്‍ത്തകളും ഇതിനിടെ പുറത്തുവന്നു. 2.6 ദശലക്ഷം ഷെക്കല്‍ (ഏകദേശം അഞ്ചു കോടി രൂപ) ആണ് ഇതിനു വേണ്ടി ഇവരുടെ മന്ത്രാലയം ചെലവഴിച്ചത്. ഇസ്രാഈല്‍ പാര്‍ലമെന്റ് ആയ നെസറ്റിന്റെ സ്റ്റേറ്റ് കണ്‍ട്രോള്‍ കമ്മിറ്റി ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

ഹൈഫയില്‍ നിന്ന് ജറൂസലമിലേക്ക് വേദിമാറ്റുക വഴി ഇസ്രാഈല്‍ ഫുട്‌ബോളിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ഫലസ്തീന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡണ്ട് ജിബ്രീല്‍ അല്‍ റജൂബ് ഒരുമാസം മുമ്പ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ഫുട്‌ബോളിനെ ഉപയോഗിച്ച് ഇസ്രാഈല്‍ ഫലസ്തീനെതിരായ സൈനിക നീക്കത്തെ ന്യായീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജറൂസലമില്‍ കളിക്കേണ്ടതില്ലെന്ന അര്‍ജന്റീനയുടെ തീരുമാനം ഇസ്രാഈലിന്റെ മുഖത്തേറ്റ അടിയാണ് എന്നായിരുന്നു റജൂബ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

30,000 സീറ്റ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലെ മത്സരത്തിന്റെ ടിക്കറ്റുകള്‍ 20 മിനുട്ടിനുള്ളില്‍ വിറ്റുതീര്‍ന്നിരുന്നു. വന്‍ പ്രാധാന്യമാണ് മത്സരത്തിന് ഇസ്രാഈല്‍ മാധ്യമങ്ങള്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇസ്രാഈലിലേക്ക് യാത്രചെയ്യേണ്ടെന്ന് ലയണല്‍ മെസ്സിയും സംഘവും തീരുമാനിച്ചതോടെ എല്ലാം തകിടംമറിഞ്ഞു. മാധ്യമങ്ങളും പ്രതിപക്ഷവും നെതന്യാഹുവിനും മിരി റെജേവിനുമെതിരെ തിരിഞ്ഞു.

ഇസ്രാഈലിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ദുഃഖം സമ്മാനിക്കുന്ന ദിനമാണിതെന്നായിരുന്നു പ്രസിഡണ്ട് റൂവന്‍ റിവ്‌ലിന്റെ പ്രതികരണം. പത്രസമ്മേളനം നടത്തിയ മിരി റെജേവ് ആവട്ടെ, ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ മുതല്‍ അര്‍ജന്റീനയിലെ ഫലസ്തീന്‍ അംബാസഡര്‍ വരെയുള്ളവരെ ഭീകരവാദികളായി ചിത്രീകരിച്ചാണ് സംസാരിച്ചത്. അതേസമയം, ഫലസ്തീന്‍ പ്രവിശ്യകളില്‍ അര്‍ജന്റീനയുടെ പിന്മാറ്റത്തില്‍ ആഹ്ലാദപ്രകടനം നടന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: