X
    Categories: CultureMoreViews

പിഴച്ചത് സിദ്ധരാമയ്യയുടെ തന്ത്രങ്ങള്‍; ഒടുവില്‍ ജെ.ഡി.എസ്സിനെ തുണക്കേണ്ടി വന്നു

ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാന്‍ കോണ്‍ഗ്രസിന് കഴിയാതിരുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അമിത ആത്മവിശ്വാസം കാരണമെന്ന് വിലയിരുത്തല്‍. ലിംഗായത്ത് സമുദായക്കാര്‍ പ്രത്യേക മതപദവി നല്‍കിയതും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജെ.ഡി.എസ്സിനെ അമിതമായി പ്രകോപിപ്പിച്ചതും വോട്ടിങ്ങില്‍ പ്രതിഫലിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു. ഒടുവില്‍ ജെ.ഡി.എസ്സിനെ പിന്തുണച്ച് സര്‍ക്കാര്‍ നിര്‍മിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് സിദ്ധരാമയ്യയുടെ രാഷ്ട്രീയ പരാജയമാണെന്നും വിലയിരുത്തപ്പെടുന്നു.

ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കിയത് കോണ്‍ഗ്രസിനകത്തു തന്നെ വിമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും അത് വോട്ടായി മാറുമെന്ന പ്രതീക്ഷയിലായിരുന്നു സിദ്ധരാമയ്യ. എന്നാല്‍, ഈ തന്ത്രം ഫലിച്ചില്ലെന്നു മാത്രമല്ല ലിംഗായത്ത് വോട്ടുകള്‍ കൂട്ടത്തോടെ ബി.ജെ.പിക്ക് ലഭിച്ചു. വര്‍ഗീയ, മത കാര്‍ഡിളക്കി കളിക്കുന്ന ബി.ജെ.പിയെ അതേ തന്ത്രത്തില്‍ നേരിടാനുള്ള ശ്രമമാണ് തിരിച്ചടിച്ചത്.

മുന്‍ ജനതാദള്‍ സെക്യുലര്‍ (ജെ.ഡി.എസ്) നേതാവായ സിദ്ധരാമയ്യ ജെ.ഡി.എസ്സില്‍ നിന്ന് കൊണ്ടുവന്ന് തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥികള്‍ക്ക് നിലംതൊടാനായില്ല. കോണ്‍ഗ്രസിന് വിജയ പ്രതീക്ഷയുണ്ടായിരുന്ന മൈസൂര്‍ മേഖലയില്‍ ഇത്തരം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ജെ.ഡി.എസ് അമിതോത്സാഹം കാണിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പുവരുത്താന്‍ ജെ.ഡി.എസ് ബി.ജെ.പിക്ക് വോട്ടുമറിച്ചതായി തെരഞ്ഞെടുപ്പു ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഹൈദരാബാദ് കര്‍ണാടക മേഖലയില്‍ ഇതിന് പകരമായി ജെ.ഡി.എസ്സിന് ബി.ജെ.പിയുടെ പിന്തുണയും ലഭിച്ചു. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയുടെ തോല്‍വി ഉറപ്പാക്കിയതും ബി.ജെ.പി-ജെ.ഡി.എസ് ധാരണയാണ്.

കഴിഞ്ഞ ഭരണത്തിലെ വികസന പദ്ധതികള്‍ മാത്രം ഉയര്‍ത്തിക്കാട്ടി വോട്ടു തേടുന്നതിനു പരം ജാതി-മത സമവാക്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയതാണ് സിദ്ധരാമയ്യയുടെ പരാജയത്തിനും കോണ്‍ഗ്രസിന് പ്രതീക്ഷിച്ച മികവ് പുലര്‍ത്താന്‍ കഴിയാതിരുന്നതിനും പിന്നിലെന്നും വിദഗ്ധര്‍ പറയുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: