ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന സമ്മര്‍ദ്ദവുമായി നാഗാ തീവ്രവാദികള്‍ പിടിമുറുക്കിയതോടെ ചെകുത്താനും കടലിനും നടുവില്‍ അകപ്പെട്ട് ബി.ജെ.പി. ഈ മാസം 27നാണ് നാഗാലാന്റില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു പോവുകയാണ്.
അതേസമയം സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊള്ളാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന ശക്തമായ സമ്മര്‍ദ്ദമാണ് നാഗാ തീവ്രവാദികള്‍ ഉയര്‍ത്തുന്നത്. കേന്ദ്ര സര്‍ക്കാറുമായി നടത്തി വരുന്ന സമാധാന നീക്കങ്ങള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ അട്ടിമറിക്കപ്പെടുമെന്നാണ് ഇവരുടെ വാദം. അതേസമയം തെരഞ്ഞെടുപ്പില്‍ മത്സരിച്ചേ തീരുവെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.
ബഹുഭൂരിഭാഗം പാര്‍ട്ടികളേയും പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പ്രമേയം നാഗാ തീവ്രവാദികള്‍ പുറത്തിറക്കിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വലിയ നാണക്കേടും തിരിച്ചടിയുമായി മാറും. ഇതാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം ഭയപ്പെടുന്നത്.
ഇന്നലെ ബി.ജെ.പി സംസ്ഥാന ഘടകത്തിന്റെ നേതൃയോഗം നടന്നിരുന്നു. യോഗത്തില്‍ പ്രത്യേക പ്രതിനിധി സംഘത്തിന് രൂപം നല്‍കുകയും സംസ്ഥാനത്തെ സാഹചര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കുന്നതിനായി ഇവര്‍ ഇന്നലെതന്നെ ഡല്‍ഹിക്ക് തിരിക്കുകയും ചെയ്തിട്ടുണ്ട്. ആറ് നാഗാ തീവ്രവാദി സംഘടനകളുടെ കൂട്ടായ്മയായ നാഗാ നാഷണല്‍ പൊളിറ്റിക്കല്‍ ഗ്രൂപ്പ്(എന്‍.എന്‍.പി.ജി) ആണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളേയും നേതാക്കളേയും നാഗാ വിരുദ്ധരായി പ്രഖ്യാപിച്ച് നേരിടുമെന്നും ഇവര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.