മട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളേയോ പ്രതികള്‍ സഞ്ചരിച്ച വാഹനമോ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.
ഇതിനിടെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എ.വി ജോണിന്റെ നേതൃത്വത്തിന്‍ 12 പേരെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിച്ചത്. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരും, എസ്.പി, ഡിവൈ.എസ്.പി സ്‌ക്വാഡിലെ അംഗങ്ങളും അന്വേഷണ സംഘത്തിലു
ണ്ട്. വാഗണര്‍ കാറിലെത്തിയ നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരു സി.ഐ.ടി.യു പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് പൊലിസ് എഫ്.ഐ.ആര്‍. കേസുമായി ബന്ധപ്പെട്ട് മുപ്പതിലധികം പേരെ ചോദ്യം ചെയ്തിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഭീഷണി നിലനിന്നിരുന്ന വ്യക്തി എന്ന നിലക്ക് വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകത്തിലെ പ്രതികളെ കണ്ടെത്തുന്നതിന് വീട്ടുകാരുടേയോ ഷുഹൈബുമായി ബന്ധപ്പെടുന്നവരുടേയോ മൊഴി എടുക്കാന്‍ പെലീസ് ഇതു വരെ തയ്യാറായില്ല എന്നത് പ്രതികളെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ തെരൂര്‍ പാലയോട്ടെ സുഹൃത്തിന്റെ തട്ടുകടയില്‍ ചായകുടിക്കാനെത്തിയതായിരുന്നു ശുഹൈബും സഹൃത്തുക്കളും.
വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം ബോംബുകള്‍ എറിഞ്ഞ് പരിഭ്രാന്തി പരത്തിയശേഷം ഷുഹൈബിനെ പിടികൂടി ഇരുകൈകളും പിറകിലേക്ക് കൂട്ടിപ്പിടിച്ച ശേഷം മുട്ടിനു താഴെ കാലുകള്‍ വാളുകൊണ്ട് വെട്ടുകയാിരുന്നു. തടയാനെത്തിയവരെയും സംഘം അക്രമിച്ചു. 37ലധികം വെട്ടുകളേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.