X

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജാഗ്രതയുടെ രാഷ്ട്രീയ സന്ദേശം-അഡ്വ. പി.വി സൈനുദ്ദീന്‍

രാഷ്ട്രം പുതിയ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഭരണഘടനയുടെ 54 അനുച്ഛേദമനുസരിച്ചാണ് രാജ്യത്തിന്റെ പ്രഥമ പൗരനെ തിരഞ്ഞെടുക്കുന്നത്. ഭരണഘടനയുടെ 55 അനുച്ഛേദമനുസരിച്ചാണ് ലോക്‌സഭാ, രാജ്യസഭാ, നിയമസഭകള്‍ എന്നിവയിലെ അംഗങ്ങള്‍ മൂല്യമനുസരിച്ച് വോട്ടവകാശം വിനിയോഗിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ മൂല്യം നിര്‍ണയിക്കുന്നത് കാനേഷ് കുമാരി പ്രകാരമുള്ള ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്. 543 ലോക്‌സഭാംഗങ്ങള്‍ക്കും 233 രാജ്യസഭാംഗങ്ങള്‍ക്കും 4120 നിയമസഭാസാമാജികര്‍ക്കുമാണ് വോട്ടവകാശമുള്ളത്. 1971 ലെ ജനസംഖ്യ 54.8 കോടിയായിരുന്നുവെങ്കില്‍ 2022ല്‍ ജനസംഖ്യ 137.3 കോടിയായത്‌കൊണ്ട് മൂല്യനിര്‍ണയ നിരക്കില്‍ വലിയ വ്യത്യാസമാണ് ഉണ്ടാവേണ്ടതെന്ന് തിരഞ്ഞെടുപ്പ് വിശകലന ശാസ്ത്ര വിശാരദന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യയിലെ 150 ശതമാനത്തിലധികം വന്ന വര്‍ധനവ് വോട്ടിങില്‍ പ്രതിഫലിക്കണമെന്ന് സാരം.

നിലവിലുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലായ് 24ന് അവസാനിക്കുകയാണ്. 2014ല്‍ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തി അധികാരത്തില്‍ വന്ന നരേന്ദ്രമോദിയും കൂട്ടരും പ്രതിപക്ഷ മുക്ത ഭാരതം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോഴുള്ളത്. രാഷ്ട്രീയ എതിരാളികളെ പ്രലോഭിപ്പിച്ച് കൂറുമാറ്റിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും രാഷ്ട്രീയ മേല്‍ക്കോയ്മ സൃഷ്ടിക്കുന്ന പണിയാണ് ബി.ജെ.പി ഇപ്പോള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. കൂറുമാറ്റത്തെയും കുതിരക്കച്ചവടത്തെയും റിസോര്‍ട്ട് വാസ രാഷ്ട്രീയത്തിലൂടെ പ്രോത്സാഹിപ്പിച്ച് അരുണാചല്‍പ്രദേശ്, ഗോവ, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ജനാധിപത്യത്തിന്റെ അടിവേര് തകര്‍ത്ത ചരിത്രമാണ് മഹാരാഷ്ട്രയിലും അരങ്ങേറിയിരിക്കുന്നത്. ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ കേന്ദ്ര ഭരണകക്ഷി തന്നെയാണ് സംസ്ഥാനങ്ങളില്‍ അട്ടിമറികള്‍ക്ക് കാര്‍മികത്വം വഹിക്കുന്നത്. എം.എല്‍.എമാര്‍ക്കായി ബി.ജെ.പി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആരംഭിക്കണമെന്ന രാഷ്ട്രിയ ഫലിതം സൈബര്‍ ലോകത്ത് പ്രചരിക്കുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. ജനാധിപത്യത്തിന് ചരമഗീതമെഴുതി ക്രൂശിക്കപ്പെടുന്നിടത്ത് നീതിപീഠങ്ങള്‍ പോലും മൂകസാക്ഷിയാകേണ്ടിവരുന്നത് ആധുനിക ഇന്ത്യയുടെ ജുഡീഷ്യല്‍ ദുരന്തമാണ്.

ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ഗോത്ര വനിത എന്ന പൊളിറ്റിക്കല്‍ ഗെയിമാണ് മോദി-അമിത്ഷാ കൂട്ടുകെട്ട് ആരംഭിച്ചിട്ടുള്ളത്. മമതാബാനര്‍ജിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് 17 പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍ കേന്ദ്രമന്ത്രി യശ്വന്ത്‌സിന്‍ഹയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മമതയുടെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസും ഇടതുപക്ഷ പ്രസ്ഥാനങ്ങളും പിന്തുണച്ചത് ശുഭ സൂചനയാണ്. രാജ്യത്തിന്റെ ഭരണഘടനയുടെ കാവല്‍ക്കാരനായ രാഷ്ട്രപതി പൊതുസമ്മതനായ സ്ഥാനാര്‍ഥിയാവണമെന്ന കാര്യത്തില്‍ ബി.ജെ.പി പക്ഷത്തുനിന്ന് ആത്മാര്‍ഥമായ ഒരു പരിശ്രമവും ഉണ്ടായിട്ടില്ലയെന്നത് ഖേദകരമാണ്. പൊന്നുരുക്കിന്നിടത്ത് പ്രതിപക്ഷത്തിനെന്ത് കാര്യം എന്നുള്ളതാണ് ബി.ജെ.പിയുടെ നിലപാട്. സംഘ്പരിവാറിന്റെ ലക്ഷ്യം പ്രധാനമന്ത്രി, സ്പീക്കര്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ താക്കോല്‍ സ്ഥാനങ്ങളില്‍ പൂര്‍ണമായി ആര്‍.എസ്.എസ് ശൈലി സ്വീകരിക്കുന്നവരായിരിക്കണമെന്നതാണ്. പ്രധാനമന്ത്രിയുടെ മന്‍കീ ബാത്ത് ശൈലിയില്‍ ഏകപക്ഷീയമായാണ് ആദിവാസി വനിത എന്ന നിലയില്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്നത്. പട്ടിണി കിടക്കുന്ന കോടികളിലൊരാളെ കുറച്ചിട മഹാവിരുന്ന് കൊടുത്തുകൊണ്ട് മഹാജന സമൂഹത്തിന്റെ വിശപ്പിന് പരിഹാരമാവുകയില്ലെന്ന പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്റെ വാക്കുകള്‍ ഇവിടെ പ്രസക്തമാവുകയാണ്.

എ.പി.ജെ അബ്ദുല്‍ കലാമിനെ ദേശീയ മുസ്‌ലിമായും രാംനാഥ് കോവിന്ദിനെ ദലിത് പുരുഷനായും ദ്രൗപതി മുര്‍മുവിനെ ഗോത്ര വനിതയായും ചിത്രീകരിച്ച് രാഷ്ട്രീയരംഗത്ത് പ്രച്ഛന്ന വേഷ സംവിധാനങ്ങള്‍ക്ക് കളമൊരുക്കുകയാണ് ബി.ജെ.പി. പുതിയ ബിംബങ്ങളെ സൃഷ്ടിക്കുന്ന രാഷ്ട്രീയ ഗിമ്മിക്കാണ് മോദി ഇപ്പോള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. 2017ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് ലഭിച്ച 65.65% (7,02,044) വോട്ടുകള്‍ ഇത്തവണ ബി.ജെ.പി അക്കൗണ്ടിലില്ല എന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഊര്‍ജ്ജവും ആക്കവും കൂട്ടേണ്ടതാണ്. ഇത്തവണ സ്ഥാനാര്‍ഥി ജയിക്കണമെങ്കില്‍ 5,43,215 വോട്ടുകള്‍ ലഭിക്കേണ്ടെടുത്ത് ബി.ജെ.പി സഖ്യത്തിന്റെ കയ്യിലിരിപ്പ് കേവലം 5,26,420 വോട്ടുകള്‍ മാത്രമാണ്. പ്രതിപക്ഷത്തെ ദുര്‍ബലപ്പെടുത്തി ധ്രുവീകരണ രാഷ്ട്രീയമുയര്‍ത്തിപ്പിടിച്ച് ബി.ജെ.ഡി, വൈ.എസ്.ആര്‍. സി, ഝാര്‍ഖണ്ഡ് മോര്‍ച്ച എന്നിവയുടെ വോട്ടുകള്‍കൂടി സംഘ്പരിവാര്‍ ക്യാമ്പ് പ്രതീക്ഷിക്കുകയാണ്. ഫാസിസ്റ്റ് ശക്തികളുടെ ഹിന്ദുത്വ സാമ്പാറിന് കറിക്കൂട്ടാവാന്‍ ഇനിയുമെത്ര പേര്‍ എന്ന് കാത്തിരിന്ന് കാണാനിരിക്കുന്നതേയുള്ളു. രാഷ്ട്രപതി ഭരണഘടനയുടെ കാവല്‍ക്കാരനാണ്. കേവലം റബ്ബര്‍ സ്റ്റാമ്പ് അല്ല. ഭരണഘടനയുടെ അനുച്ഛേദം 60 അനുസരിച്ച് രാഷ്ട്രപതി സത്യപ്രതിജ്ഞ ചെയ്യുന്നത്തന്നെ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ്. 1986ല്‍ പോസ്റ്റല്‍ ദേദഗതി ബില്‍ ഒപ്പിടാന്‍ വിസമതിച്ച രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങിന്റെ പാരമ്പര്യവും മുമ്പിലുണ്ട്. അര്‍ധരാത്രിയില്‍ അതിമനോഹരമായ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ്. ഭരണഘടനയുടെ ആമുഖവും ംല വേല ുലീുഹല ീള ശിറശമ എന്നതാണ്. കാശി, മധുര, ഗ്യാന്‍വാപി, ലഖ്‌നൗ എന്നിവിടങ്ങളിലെ ടെമ്പിള്‍ കോര്‍പറേറ്റ് രാഷ്ട്രീയ കാലാവസ്ഥയിലാണ് ഇപ്രാവശ്യത്തെ രാഷ്ട്രപതി തിരഞ്ഞെടുപ്പ്. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്ത് തീവ്ര പരിചരണം അനിവാര്യമായ രാഷ്ട്രീയ ആരോഗ്യമാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. മന്ത്രിയുടെ നാക്കു പോലും ഭരണഘടനക്ക് ശത്രുവായതിന് കൊച്ചു കേരളം സാക്ഷിയായി. പണി പൂര്‍ത്തിയാകാത്ത പുതിയ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി പൂജ നടത്തിയതും വിവാദമാവുകയാണ്. ട്രാക്കിലെ കുമ്മായ വരക്കപ്പുറത്ത് തെന്നിന്ത്യയിലും താമര വിരിയിക്കാനാകുമോ എന്ന പ്രതീക്ഷയിലാണ് പരിവാരങ്ങള്‍.

ഭരണകൂടത്തിന് മൂക്ക് കയറിടാന്‍ അധികാരമുള്ള സ്ഥാനിയന്‍ ഉറങ്ങുന്ന കാവല്‍ക്കാരനായാല്‍ ജീര്‍ണതയുടെ രാഷ്ട്രീയത്തിന് മികച്ച മാതൃകയാവും. ഫാസിസ്റ്റ് രാഷ്ട്രീയത്തിന് ഗ്യാലറിയില്‍ ഇരുന്ന് കയ്യടിക്കുന്നവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം നിലനില്‍ക്കുമോയെന്ന ഡോ. അംബേദ്കറുടെ 49ലെ പ്രസംഗം ഒരാവര്‍ത്തി വായിക്കുന്നത് നന്നായിരിക്കും. ഡല്‍ഹിയാകെ മാറിയെന്നുള്ള പ്രശസ്ത കവി സച്ചിദാനന്ദന്റെ കമന്റും ഇതോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. മോര്‍ച്ചറിയില്‍ ഉറങ്ങുവാനുള്ളതല്ല ഭരണഘടന രാഷ്ട്രത്തിന്റെ പ്രാണവായുവാണ് എന്ന നിയാമക സത്യം ബോധ്യപ്പെടാനിരിക്കുന്നതേയുള്ളൂ. അധികാര നദികളിലെ നീന്തലുകളില്‍ സംഘ്പരിവാറുകളുടെ കാവി ജാഗ്രത ഭയാനകമാംവിധം രാജ്യത്തെ അപകടപ്പെടുത്തുകയാണ്.

Chandrika Web: