അനാവശ്യമായി കലഹിച്ചു മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികള്‍ എന്ന വിവാദ പ്രസ്താവനയുമായി തലശ്ശേരി ബിഷപ്പ് പാംപ്ലാനി. കെസിവൈഎം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് രക്തസാക്ഷികളെ പരിഹസിച്ച് അദ്ദേഹം രംഗത്തെത്തിയത്. ചില രക്തസാക്ഷികള്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്നും വീണു മരിച്ചു, ഇവരെയെല്ലാം രാഷ്ട്രീയപാര്‍ട്ടികള്‍ രക്തസാക്ഷികള്‍ ആക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനാവശ്യത്തിന് കലഹിക്കാന്‍ പോയിട്ട് സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് യുവജനങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നവരുടെ നടപടി മൂലമാണ് യുവാക്കളുടെ കൂട്ടപ്പാലായനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റബ്ബറിന് 300 രൂപയാക്കിയാല്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന മുമ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.