അല്‍ തുമാമയില്‍ ഇന്ന് പുലര്‍ച്ചെ നടക്കാന്‍ പോവുന്നത് രാഷ്ട്രീയ ഫുട്‌ബോള്‍ യുദ്ധമാണ്. അമേരിക്കയും ഇറാനും നേര്‍ക്കുനേര്‍. രണ്ട് ടീമുകള്‍ക്കും ഇത് വരെ നോക്കൗട്ട് ഉറപ്പിക്കാനായിട്ടില്ല. അതിനാല്‍ ഇന്ന് ജയം നിര്‍ബന്ധം. തോറ്റാലോ അത് വലിയ നാണക്കേടുമാവും.
ഗ്രൂപ്പ് ബി യില്‍ ഇംഗ്ലണ്ടിന് പിറകെ രണ്ടാം സ്ഥാനത്താണ് ഇറാന്‍. വെയില്‍സിനെ അവര്‍ രണ്ടാം മല്‍സരത്തില്‍ തകര്‍ത്തിരുന്നു. ജയിച്ചാല്‍ ഇറാന് ആശങ്കയില്ല. അമേരിക്ക പക്ഷേ രണ്ട് മല്‍സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം നടത്തിയവരാണ്. ഇംഗ്ലണ്ടിനെയും വെയില്‍്‌സിനെയും അവര്‍ വിറപ്പിച്ചു. ഈ ലോകകപ്പിലെ മികച്ച ടീമുകളിലൊന്നായി അവര്‍ മാറിയിട്ടുണ്ട്. ക്രിസ്റ്റ്യന്‍ പുലിസിച്ചും തിമോത്തി വിയയും അപകടകാരികളായ മുന്‍നിരക്കാരാണ്. ജയം മാത്രമാണ് അമേരിക്കയുടെ മുന്നില്‍. തോറ്റാലോ, സമനിലയില്‍ കുരുങ്ങിയാലോ കാര്യമില്ല. ഇറാനെതിരെ രാഷ്ട്രീയമായി കളത്തിലുള്ളവരാണ് അമേരിക്ക.